പാർട്ടിയോ കോൺഗ്രസോ?

കോൺഗ്രസിനെ കൂട്ടണോ വേണ്ടയോ എന്ന വിവാദപ്രശ്നത്തിന്മേലുള്ള തർക്കത്തിന്റെ പേരു പറഞ്ഞു സിപിഎം നേതൃത്വം കാലംകഴിച്ചതിന്റെ ഒന്നാന്തരം തെളിവാണു ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിനു മുമ്പാകെയുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ പരിതാപകരമായ സ്ഥിതി. പാർട്ടിയുടെ മൂന്നുവർഷത്തെ പ്രവർത്തനത്തിന്റെ സമഗ്രരേഖയാണ് ഈ റിപ്പോർട്ടെന്നാണു വിശേഷണം. എന്നാൽ, വെറും 161 പേജു മാത്രമുള്ള, തട്ടിക്കൂട്ടെന്ന് ആരോപിക്കാവുന്ന റിപ്പോർട്ടാണു പ്രതിനിധികൾക്കു മുന്നിലെത്തിയത്. അതിൽത്തന്നെ പകുതിയും നീക്കിവച്ചിരിക്കുന്നതു സഹസംഘടനകളുടെ പ്രവർത്തനം വിലയിരുത്താൻവേണ്ടിയും.  

കോൺഗ്രസുമായി ബന്ധം വേണോ വേണ്ടയോ എന്നതിനെച്ചൊല്ലി പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തമ്മിലടിച്ചപ്പോൾ, രാഷ്ട്രീയപ്രമേയത്തിലെ ആ വിവാദഖണ്ഡികയ്ക്കായി മണിക്കൂറുകൾ നീക്കിവച്ചപ്പോൾ, മറ്റു പല ജോലികളും അവതാളത്തിലായെന്നു വ്യക്തം. കഴിഞ്ഞ മൂന്നുവർഷത്തെക്കുറിച്ചു റിപ്പോർട്ട് നൽകുന്നതു നിരാശാജനകമായ ചിത്രം. പാർട്ടി കോൺഗ്രസോടെ എല്ലാക്കാര്യത്തിലും വ്യക്തതയാകുമെന്നു വിചാരിച്ചെങ്കിലും സ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ്. ചരിത്രപരമായ ഒരു സന്നിഗ്ധഘട്ടത്തിലാണു സിപിഎം. കാരാട്ട് പക്ഷം വിജയിച്ചാൽ സീതാറാം യച്ചൂരി ഒരുപക്ഷേ, നിശ്ശബ്ദനാക്കപ്പെടുമായിരിക്കും. എന്നാൽ, ബംഗാൾ അടങ്ങിയിരിക്കില്ല. തിരിച്ച് യച്ചൂരിയും ബംഗാളും ജയിക്കുന്നതു കേരളത്തിന് ആലോചിക്കാൻപോലും കഴിയുകയുമില്ല.

തോൽവി, തോൽവി മാത്രം

കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തെക്കുറിച്ചുള്ള റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ സ്വയം സംസാരിക്കുന്നതാണ്. ‘തമിഴ്നാട്ടിൽ കിട്ടിയത് 0.7 % വോട്ട്. പാർട്ടിയുടെ പ്രകടനം തുടർ‍ച്ചയായി താഴേക്കു പോകുന്നു, അസമിലും 0.7% വോട്ട്, യുപിയിൽ ഇടതുപാർട്ടികൾക്കെല്ലാംകൂടി ഒരുശതമാനം വോട്ടു കിട്ടിയില്ല, ഉത്തരാഖണ്ഡിൽ ആറു സീറ്റിൽ മത്സരിച്ചിട്ട് ആകെ 3870 വോട്ട്, പൊതുവി‍ൽ നോക്കിയാൽ‍ ജനകീയാടിത്തറയും സ്വതന്ത്രശക്തിയും താഴേക്കാണു പോകുന്നത്’– റിപ്പോർട്ട് പരിതപിക്കുന്നു. 

ഏറ്റവുമൊടുവിൽ കാൽനൂറ്റാണ്ടു ഭരിച്ച ത്രിപുരയിലും കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോയി. ‘വിശദ പരിശോധന നടക്കാനിരിക്കുന്നതേയുള്ളൂവെങ്കിലും നമ്മുടെ തോൽവിയും ബിജെപിയുടെ വിജയവും വൻതിരിച്ചടിയാണ്’– ഇത്രയും പറഞ്ഞ് ആ അധ്യായവും അടച്ച് നേതൃത്വം കൈകഴുകുന്നു.

അംഗസംഖ്യയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം 10,76,123 ആയിരുന്നു രാജ്യത്താകെയുള്ള അംഗസംഖ്യയെങ്കിൽ‍ അത് 10,12,315 ആയി കുറഞ്ഞു. കേരളമൊഴികെ മിക്ക സംസ്ഥാനങ്ങളിലും താഴേക്കാണു ‘വളർച്ച’. പാർട്ടി ആസ്ഥാനമിരിക്കുന്ന ഡൽഹിയിൽ ആകെയുണ്ടായിരുന്ന 2187 വീണ്ടും കുറഞ്ഞ് 2023 പേരായി. ആതിഥേയ സംസ്ഥാനമായ തെലങ്കാനയിൽ‍ ആയിരത്തോളം പേർ ചോർന്നു, ആന്ധ്രയുടെയും തമിഴ്നാടിന്റെയും കാര്യം വ്യത്യസ്തമല്ല.  ബംഗാളിൽ അൻപതിനായിരത്തോളം പേർ കുറഞ്ഞത് അംഗത്വ ഗുണനിലവാര പരിശോധന കർശനമാക്കിയതുകൊണ്ടാണെന്നാണു നേതൃത്വം ആശ്വസിക്കുന്നത്. 

ഗോവയിൽ ആകെയുള്ളത് 51 പേർ, സിക്കിമിൽ 60. കേരളത്തിൽ സ്ത്രീകളെയും വിദ്യാർഥികളെയും കൂടുതലായി പാർ‍ട്ടി അംഗത്വത്തിലേക്കു കൊണ്ടുവരാനെന്നപേരിൽ അംഗത്വവിതരണത്തിൽ അൽപം വെള്ളം ചേർത്തില്ലായിരുന്നുവെങ്കിൽ പത്തുലക്ഷമെന്ന മാർക്കിൽനിന്നു സിപിഎം അംഗസംഖ്യ താഴെപ്പോകുമായിരുന്നു.

വഴങ്ങാതെ ബംഗാളും കേരളവും

ഇതാണ് പാർട്ടി നേരിടുന്ന ഗുരുതരസാഹചര്യം. പരമോന്നത ഘടകമായ പൊളിറ്റ്ബ്യൂറോയിലെ തമ്മിലടി രാഷ്ട്രീയനയരൂപീകരണത്തെത്തന്നെ ബാധിക്കുന്ന നിലയിലേക്കു മാറിയെന്ന വലിയ സ്വയംവിമർശനമാണു റിപ്പോർട്ടിലുള്ളത്. വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ മനസ്സില്ലാമനസോടെയാണു പിബിയിലെ ഭൂരിപക്ഷം യച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കിയത്. തുടർന്നും പിബിയുടെ പിന്തുണയില്ലാത്ത ജനറൽ സെക്രട്ടറിയെന്നതാണ് അദ്ദേഹത്തിന്റെ അവസ്ഥ. കോൺഗ്രസിനും സിപിഐക്കും യച്ചൂരിയുടെ ഉപദേശം വേണമായിരിക്കും. പക്ഷേ, സ്വന്തം പാർട്ടിക്കു വേണ്ട. കോൺഗ്രസ് ബന്ധമെന്ന തർക്കവിഷയത്തിൽ ഉരുണ്ടുകൂടിയ, ഇനിയും അവസാനിക്കാത്ത പോരു വ്യക്തമാക്കുന്നതു മറ്റൊന്നുമല്ല. വിശാഖപട്ടണത്ത് യച്ചൂരി ജനറൽ സെക്രട്ടറിയാകുമോയെന്നതായിരുന്നു ചോദ്യചിഹ്നമെങ്കിൽ ഇവിടെ അദ്ദേഹത്തിന് ആ പദവി നിലനിർത്താൻ കഴിയുമോയെന്നതിലാണ് ഉദ്വേഗം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കിയതു തെറ്റായെന്നു കത്തിലൂടെ ഓരോ അംഗത്തെയും അറിയിക്കാനുള്ള നിഷ്കർഷ കാട്ടിയിരുന്നു കേന്ദ്രനേതൃത്വം. എന്നാൽ കാരാട്ട് ലൈൻ തന്നെ വോട്ടിനിട്ടു തള്ളി അതിനു മറുപടി കൊടുക്കുകയാണു ബംഗാൾ സംസ്ഥാന സമ്മേളനം ചെയ്തത്. തൃണമൂലിനും ബിജെപിക്കും പിന്നിലായിപ്പോകുന്ന നാണക്കേടിൽനിന്നു കരകയറാനുള്ള വഴി അവർ‍ക്കു കൂടിയേ തീരൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവിടെ അടുത്തെത്തിയിരിക്കുകയാണ്. യച്ചൂരിയെ മുന്നിൽ നിർത്തി രണ്ടുംകൽപിച്ചുള്ള കളിക്കു ബംഗാൾ ഘടകം മുതിരുന്നത് അതുകൊണ്ടുതന്നെ. 

എന്നാൽ, കേരളത്തിൽ ഇനി ജയം തുടരാൻ കെ.എം. മാണിയെ വേണമെന്നു ശഠിക്കുന്ന സംസ്ഥാന നേതൃത്വം ബംഗാൾ വിലാപത്തിനു മുന്നിൽ കണ്ണടയ്ക്കുന്നു. കോൺഗ്രസിനെ സ്നേഹിച്ചാൽ ആകെയുള്ള കേരളം കൂടി നാളെ പോയേക്കാമെന്ന് അവർ മുന്നറിയിപ്പു നൽകുന്നു. മുഖ്യശത്രുവായ കോൺഗ്രസുമായി ചേരുകയെന്നാൽ ഇവിടെ അതു മുതലെടുക്കുക ബിജെപിയാകുമെന്നു പ്രവചിക്കുന്നു. 

രണ്ടു പ്രബല സംസ്ഥാനങ്ങൾ വിരുദ്ധ യുക്തികൾ വച്ചു പൊരുതുമ്പോൾ മറ്റു സംസ്ഥാനങ്ങൾ അതിലും വലിയ ചിന്താക്കുഴപ്പത്തിലാകുന്നു. പാർട്ടി കോൺഗ്രസിലെ വോട്ടെടുപ്പുകൾക്കും തീർക്കാൻ കഴിയാത്തതാണ് ഈ രാഷ്ട്രീയസമസ്യ.