ചില ഉൾപ്പാർട്ടി തർക്കവിചാരങ്ങൾ

കൊല്ലത്തു കൊടിയിറങ്ങിയ സിപിഐ പാർട്ടി കോൺഗ്രസിൽ മൂന്നാംതവണയും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു ‘കോൺഗ്രസിനോടുള്ള സമീപനം’ ചോദ്യമായി ഉയർന്നപ്പോൾ എസ്.സുധാകർ റെഡ്ഡി ഒരു നിമിഷം പ്രകോപിതനായി: ‘‘നിങ്ങൾക്ക് ഇക്കാര്യം മാത്രമേ ചോദിക്കാനുള്ളോ? ഞങ്ങൾക്കിടയിൽത്തന്നെ അതിലുള്ള അഭിപ്രായവ്യത്യാസം തീർന്നില്ലേ?’’ ഞങ്ങൾ മുന്നോട്ടുവച്ച ‘കോൺഗ്രസ് സൗഹൃദ’ത്തിലേക്കു സിപിഎമ്മും വന്നില്ലേയെന്നാണു സുധാകർ റെഡ്ഡി ഉദ്ദേശിച്ചത്. ഹൈദരാബാദ് – കൊല്ലം പാർട്ടി കോൺഗ്രസുകളോടെ ഇരുപാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങൾ കൂടുതൽ അടുത്തിരിക്കുന്നു, അല്ലെങ്കിൽ അടുക്കേണ്ടിവന്നിരിക്കുന്നു. അതേസമയം, ഒരു പാർട്ടി കോൺഗ്രസിനെത്തന്നെ ഉഴുതുമറിച്ചുള്ള തർക്കം യഥാർഥത്തിൽ എന്തിനായിരുന്നുവെന്ന ചോദ്യത്തിന്റെ അലകൾ സിപിഎമ്മിൽ അവസാനിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിലോ അതിനുശേഷമോ മാത്രം ബാധകമായ ഒരു കാര്യം മുൻകൂട്ടി എടുത്തിട്ട്, പാർട്ടിയിലെ അധികാരത്തർക്കം തീർക്കാനുള്ള ഉപായമായി അതിനെ മാറ്റുകയായിരുന്നോയെന്ന സന്ദേഹത്തിനു ബലം പകരുന്നതാണു പാർട്ടി രേഖയിലെ ഇനിപ്പറയുന്ന ഭാഗം:

‘ബിജെപിയെയും അതിന്റെ സഖ്യത്തെയും പരാജയപ്പെടുത്തുകയെന്നതു മുഖ്യലക്ഷ്യമായി നാം പരിഗണിക്കുന്നു. അപ്രകാരം ചെയ്യുമ്പോൾത്തന്നെ കോൺഗ്രസുമായി ഏതെങ്കിലും സഖ്യത്തിലോ ഐക്യമുന്നണിയിലോ പെട്ടുകൂടാ. ബിജെപിയെയും അതിന്റെ സഖ്യകക്ഷികളെയും പരാജയപ്പെടുത്താനായി എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്താൻ അനുയോജ്യമായ അടവുകൾ ആവിഷ്കരിക്കണം. ബിജെപിയിൽ‌നിന്നും കോൺഗ്രസിൽനിന്നും സമദൂരം പാലിക്കുകയെന്ന നയസമീപനമല്ല അത്. രണ്ടിനെയും തുല്യവിപത്തുകളായി കണക്കാക്കാൻ കഴിയില്ല. ബിജെപിയും കോൺഗ്രസും തമ്മിൽ മുഖ്യമത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയും ഇടതുപക്ഷവും പരിമിതമായ സീറ്റുകളിൽ മത്സരിച്ച്, ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി പൊതുവിൽ പ്രചാരണം നടത്തും. കോൺഗ്രസുമായി യോജിച്ച പ്രചാരണമോ വേദി പങ്കിടലോ ഇതിനാവശ്യമില്ല’

അന്നു പറഞ്ഞതും ഹൈദരാബാദിൽ

ഏതിന്റെ പേരിലാണോ സിപിഎമ്മിലെ ഉന്നതനേതൃത്വം തൊട്ടു പ്രതിനിധികൾ വരെ ചേരിതിരിഞ്ഞുപോരാടിയത്, അതേ പ്രശ്നത്തിൽ പാർട്ടി 16 വർഷം മുൻപ് എത്തിച്ചേർന്ന സുതാര്യവും വ്യക്തവുമായ നയമാണു മേൽപറഞ്ഞത്. അതും ഇതേ ഹൈദരാബാദിൽവച്ചുതന്നെ. 2002 മാർച്ച് 19 മുതൽ 24വരെ നടന്ന 17–ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയസംഘടനാ റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളാണ് ഉദ്ധരിച്ചത്.

1999ൽ വാജ്പേയി സർക്കാർ വീണ്ടും അധികാരത്തിലേറാൻ വഴിവച്ച രാഷ്ട്രീയസാഹചര്യം വിശകലനം ചെയ്ത് എത്തിച്ചേർന്ന അടവ്. ഇതു രേഖയായി മുന്നിലുള്ളപ്പോൾ, വാജ്പേയിയുടെ പിൻഗാമി  വീണ്ടും രാജ്യം പിടിക്കുമോയെന്നു ശങ്കപറഞ്ഞ്, അതേ പ്രശ്നത്തിൽ പൊട്ടിത്തെറിയിലേക്കു സിപിഎം പോയതിന്റെ യുക്തി എന്ത്? പാർട്ടി പിളരുകയാണോയെന്ന ചോദ്യം പൊളിറ്റ്ബ്യൂറോ അംഗങ്ങൾ നേരിടേണ്ടിവന്നതിന്റെ സാംഗത്യം എന്ത്? ഉത്തരം ലളിതം: ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയം തെറ്റാണെന്നു വരുത്തിയും അതിനെ തോൽപിച്ചും അദ്ദേഹത്തെ നിഷ്കാസിതനാക്കാൻ കാരാട്ട് ചേരി പയറ്റി; അമരത്തു തുടരുകയെന്ന തന്റെ വ്യക്തിപരമായ അജൻഡയെ ഒരു ദേശീയ രാഷ്ട്രീയപ്രശ്നമാക്കിയ കൗശലം സീതാറാം യച്ചൂരി തിരിച്ചു പ്രയോഗിച്ചു. അതായിരുന്നു ഹൈദരാബാദിലെ ‘കോൺഗ്രസ് ആട്ടക്കഥ’.

കൊല്ലത്തു നടന്നത്

കൊല്ലത്തു സംഭവിച്ചത് ആന്റി ക്ലൈമാക്സായിരുന്നു. സിപിഐക്കു മുന്നിൽ രാഷ്ട്രീയപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഒരു വർഷം മുൻപുതന്നെ അവർ ദേശീയനിർവാഹകസമിതി ചേർന്നു കോൺഗ്രസിനെയടക്കം കൂടെ അണിനിരത്താൻ തീരുമാനിച്ചു. അങ്ങനെയാണു വേണ്ടതെന്നു സിപിഎമ്മിനെ ഉപദേശിച്ചു. അവശേഷിച്ചതു സംഘടനാദൗർബല്യങ്ങൾ. അതു പക്ഷേ, എടുത്താൽപൊങ്ങാത്തതായിരുന്നു.

സംഘടനാ റിപ്പോർട്ട് വായിച്ചുനോക്കുന്നവർതന്നെ അതെഴുതിയ നേതൃത്വം ആരെന്നു ചോദിച്ചുപോകും. ഒരുദാഹരണം: ‘ഓഫിസിലെ കബോർ‍‍‍ഡുകളിൽ പാർട്ടി റിപ്പോർട്ട് സൂക്ഷിച്ചുവയ്ക്കുന്ന പഴയരീതികൊണ്ട് ഒരു പ്രയോജനവുമില്ല. ആ റിപ്പോർട്ടുകൾ അവിടെനിന്നെടുത്തു താഴെവരെ നടപ്പാക്കണം. കുടുംബാംഗങ്ങളുടെ ദൈനംദിനാവശ്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നതടക്കമുള്ള ത്യാഗങ്ങൾ നമ്മൾ ചെയ്യുന്നുണ്ട്. നമ്മുടെ ലക്ഷ്യം വിപ്ലവമാണല്ലോ!’

ഇതെല്ലാം വായിച്ച്, ഈ റിപ്പോർട്ടടക്കം തയാറാക്കിയ നേതൃത്വം മാറണമെന്ന യുവനിരയുടെ മുറവിളി ചർച്ചചെയ്യാനായി കൂടിയ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗത്തിൽ  ആരോഗ്യപ്രശ്നങ്ങൾ സുധാകർ റെഡ്ഡി വിവരിച്ചുവെന്നതു നേര്. അതുകൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാവൂ എന്നു പറഞ്ഞപ്പോൾ പകരക്കാരനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പറ്റില്ലെന്ന വാദം കനത്തു. മാറുകയാണെന്നു ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത അറിയിച്ചപ്പോൾ ആരും എതിർത്തില്ല.

പാർട്ടി കമ്മിഷൻ അധ്യക്ഷനാകാൻ ആദ്യം ഗുപ്ത സമ്മതിച്ചില്ലെങ്കിലും അത് അവശനായ അദ്ദേഹത്തിന്റെ തലയിൽവച്ചു. അതിശയമെന്നു പറയട്ടെ, ഗുപ്തയ്ക്കു പകരം ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആരെന്ന കാര്യം ആരും ചോദിച്ചില്ല. ആ പദവി മോഹിച്ച ഡി.രാജയും അതുൽകുമാർ അഞ്ജാനും മിണ്ടാതിരുന്നു. അക്കാര്യം പിന്നീടു തീരുമാനിക്കാമെന്നു റെഡ്ഡി പറഞ്ഞപ്പോൾ എല്ലാവരും തലകുലുക്കി. തിരക്കഥ നേരത്തെ കേരളം മുൻകയ്യെടുത്തു തയാറാക്കിയിരുന്നു. തങ്ങൾക്കു താൽപര്യമില്ലാത്ത രാജയുടെ വഴിയടയ്ക്കുകതന്നെയായിരുന്നു ഉദ്ദേശ്യം. വിഭാഗീയതയുടെ പഴി കേട്ടുകൊണ്ടിരുന്നതു സിപിഎമ്മായിരുന്നു. മലപ്പുറം സംസ്ഥാന സമ്മേളനവും കൊല്ലം പാർട്ടി കോൺഗ്രസും കഴിയുമ്പോൾ ആ മന്ത് മറ്റേക്കാലിലേക്കു കൂടി പകരുന്നോ എന്നു