റാവുവിന്റെ ദേശീയസ്വപ്നം

‌കെ.ചന്ദ്രശേഖർ റാവു ഇപ്പോൾ ഭാരതപര്യടനത്തിലാണ്. അധികാരത്തിൽ നാലുവർഷം പിന്നിടുന്ന തെലങ്കാന മുഖ്യമന്ത്രി, ദേശീയവേദിയിൽ തനിക്കു വലിയ വേഷം വേണമെന്ന് ആഗ്രഹിക്കുന്നു. കോൺഗ്രസിനെയും ബിജെപിയെയും മാറ്റിനിർത്തിയുള്ള ഫെഡറൽ സഖ്യം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ, പ്രാദേശിക പാർട്ടി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ 20 പ്രാദേശിക പാർട്ടികളുടെ സഖ്യം കേന്ദ്രത്തിൽ ഫലപ്രദമായ ബദലായിത്തീരുമെന്ന് അദ്ദേഹം കരുതുന്നു.

തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ശേഷം ആദ്യ രണ്ടുവർഷം നരേന്ദ്ര മോദിയുമായി നല്ല ബന്ധത്തിലായിരുന്നു. ഇപ്പോൾ ബിജെപിയെ സംശയത്തോടെയാണു റാവു നോക്കുന്നത്. തെലങ്കാന രാഷ്ട്രസമിതിയുടെ ‘ചെലവിൽ’ പാർട്ടിയെ ശക്തിപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തോടു ബിജെപി അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ദേശീയ ബദൽ സംബന്ധിച്ചു റാവുവിന്റെ പദ്ധതി അവ്യക്തമാണ്. 

വ്യത്യസ്ത സംസ്ഥാനങ്ങളെ പ്രായോഗികതലത്തിൽ കോർത്തിണക്കുന്നത് എങ്ങനെയെന്ന് അദ്ദേഹത്തിനു കൃത്യമായ ധാരണയില്ല. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് പോലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളില്ല. ബിഹാറിലെ രാഷ്ട്രീയ ജനതാദൾ, ജനതാദൾ യുണൈറ്റഡ്, മഹാരാഷ്ട്രയിലെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, പഞ്ചാബിലെ അകാലിദൾ, ജാർഖണ്ഡിലെ ജാർഖണ്ഡ് മുക്തിമോർച്ച എന്നിവയ്ക്കു ബിജെപിയുമായോ കോൺഗ്രസുമായോ നിലവിൽ രാഷ്ട്രീയസഖ്യമുണ്ട്.

പലരുണ്ട്, നായിഡു ഒഴികെ

തമിഴ്‌നാട്ടിൽ കോൺഗ്രസുമായി കൂടുന്നതിൽനിന്ന് ഡിഎംകെയെ പിന്തിരിപ്പിച്ചാൽ, ദേശീയരാഷ്ട്രീയത്തിൽ തനിക്കു കാര്യമായ ചിലതു ചെയ്യാനാകുമെന്നാണു റാവുവിന്റെ വിശ്വാസം. യുപിയിൽ മായാവതിയുമായി ധാരണയുണ്ടാക്കിയ സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവുമായും റാവു ചർച്ച നടത്തി. 

ഫെഡറൽ സഖ്യത്തിന്റെ പ്രധാന വക്താവായ ബംഗാളിലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണു മറ്റൊരു കക്ഷി. മമതയുമായി കൂട്ടുണ്ടാക്കുമ്പോൾ ഇടതുപാർട്ടികളെ സഹകരിപ്പിക്കാനാവില്ല. കർണാടകയിൽ എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാദളി(എസ്)ൽ ആണു റാവുവിന്റെ പ്രതീക്ഷ. കർണാടക – തെലങ്കാന അതിർത്തിജില്ലകളിലെ തെലുങ്ക് സംസാരിക്കുന്ന വോട്ടർമാരോട് ജെഡിഎസിനു വോട്ട് നൽകാനും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. റാവുവിന്റെ മനസ്സിലുള്ള മറ്റൊരാൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ്.

വിപുലമായ രാഷ്ട്രീയബന്ധങ്ങളുള്ള, പാർട്ടിയുടെ രാജ്യസഭാംഗം കെ.കേശവറാവുവാണ് ചന്ദ്രശേഖർ റാവുവിന്റെ വലംകൈ. 2013ൽ തെലങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടു രാജിവയ്ക്കുംവരെ കോൺഗ്രസിലായിരുന്നു കേശവറാവു. സാമ്പത്തികമായി മെച്ചപ്പെട്ട തെലങ്കാനയുടെ ഭരണാധികാരിയായ റാവുവിനെ ചെറുകിട പാർട്ടികൾ ധനസഹായത്തിനായി സമീപിക്കാറുണ്ട്. റാവുവിന്റെ സ്വപ്നമാകട്ടെ, വലിയ കക്ഷികളായ ബിജെപിയെയും കോൺഗ്രസിനെയും തോൽപിക്കുന്നതും.

പക്ഷേ, റാവു ഇതേവരെ കൂടിക്കാഴ്ച നടത്താത്ത ഒരു പ്രാദേശികപാർട്ടി നേതാവുണ്ട്; റാവുവിന്റെ കടുത്ത എതിരാളിയായ ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പുറമേനിന്നുള്ള പിന്തുണയോടെ 1996 മുതൽ 1998 വരെ കേന്ദ്രഭരണം നടത്തിയ ദേശീയസഖ്യത്തിന്റെ മുഖ്യശിൽപികളിലൊരാളായിരുന്നു നായിഡു.