മുസ്‌ലിം ലീഗിന്റെ രക്ഷാപ്രവര്‍ത്തനം

കോൺഗ്രസ് ഉറപ്പിച്ച രാജ്യസഭാ സീറ്റിന്, യുഡിഎഫിനു പുറത്തുള്ള കേരള കോൺഗ്രസിന് അർഹതയുണ്ടെന്നു മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടിയ സവിശേഷ സാഹചര്യത്തിലൂടെയാണ് ചെങ്ങന്നൂരിനുശേഷമുള്ള യുഡിഎഫ് രാഷ്ട്രീയം കടന്നുപോകുന്നത്. മുന്നണിസംവിധാനത്തിൽ തങ്ങളുടെ അവകാശവാദങ്ങൾ ബന്ധപ്പെട്ട പാർട്ടികൾതന്നെ, അകത്തോ പുറത്തോ ഉന്നയിക്കുന്ന രീതിയാണു കേരളരാഷ്ട്രീയത്തിലുള്ളത്. എന്നാൽ, മുന്നണിക്കു പുറത്തുള്ള പാർട്ടിക്കായി അകത്തുള്ള മറ്റൊരു പാർട്ടി വാദിക്കുന്ന അസാധാരണമായ സംഭവവികാസമാണിത്. ഇതു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കു‍ഞ്ഞാലിക്കുട്ടി സ്വന്തം നിലയ്ക്കു നടത്തിയ അഭിപ്രായപ്രകടനമല്ല. രണ്ടു ദിവസം മുന്‍പു പാണക്കാട്ടു ചേർന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വികാരമാണ് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യസഭയിലെ ഒഴിവുകളിൽ ഒന്ന് കേരള കോൺഗ്രസിന്റെ ജോയി ഏബ്രഹാം കാലാവധി പൂർത്തിയാക്കിയതുവഴി ഉണ്ടായതാണ്. കോൺഗ്രസിന്റെ പി.ജെ.കുര്യനും മാറുന്നുവെന്നതു ശരി. പക്ഷേ, ഏകപക്ഷീയമായി ആ സീറ്റ് കോൺഗ്രസ് കയ്യടക്കുന്നതിനോടു യോജിപ്പില്ല. കുര്യന്റെ പേരിൽ അങ്കക്കലി തീർത്ത കോൺഗ്രസുകാർ ഇനി ആ സീറ്റ് പാർട്ടിക്കു സംരക്ഷിക്കാൻ കഴിയുമോയെന്നറിയാനാണ് ഡൽഹിയിലേക്കു കണ്ണുതുറന്നു വയ്ക്കേണ്ടത്. 

ലീഗിന്റെ നിർദേശം ലളിതമാണ്: മാണിയെ യുഡിഎഫിലേക്കു തിരികെ കൊണ്ടുവരണം. അതിനു തങ്ങൾക്കു സാധ്യമായതു ചെയ്തു. പന്ത് ഇപ്പോള്‍ കോൺഗ്രസിന്റെ കളത്തിലാണ്. രാജ്യസഭാ സീറ്റുകൂടി നൽകിയാലേ മാണി തിരിച്ചുവരികയുള്ളൂവെങ്കിൽ അക്കാര്യവും ആലോചിക്കണം. അതല്ല, അല്ലാതെതന്നെ മാണിയെ വിശ്വാസത്തിലെടുക്കാൻ കോൺഗ്രസിനു സാധിച്ചാൽ കോൺഗ്രസ് സീറ്റെടുക്കുന്നതിനു നൂറുവട്ടം സമ്മതം. 

സൗഹൃദം വിടാത്ത മുന്നറിയിപ്പ് 

കെ.എം.മാണിക്കുവേണ്ടി ലീഗ് എന്തിന് ഇത്രയേറെ സാഹസവും ത്യാഗവും അനുഷ്ഠിക്കുന്നുവെന്ന ചോദ്യം ന്യായം. മാണിയെ മടക്കിവിളിക്കൂ എന്ന അപേക്ഷയല്ല, മാണിയുണ്ടെങ്കിലേ തങ്ങളും യുഡിഎഫിലുണ്ടാകൂ എന്ന മുന്നറിയിപ്പാണ്, സൗഹൃദം വിടാതെ കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതൃത്വത്തിന് ഒടുവിൽ നൽകിയത്. അതിലെ അപകടം മണത്താണ് ചെങ്ങന്നൂർ ഉപതിര‍ഞ്ഞെടുപ്പിന്റെ വൈകിയ വേളയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം.ഹസനും പാലായിലേക്ക് ഓടിയെത്തിയത്. അവിടെയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചകളിലേക്കു കുഞ്ഞാലിക്കുട്ടിക്കുകൂടി രാഹുൽ ഗാന്ധിയുടെ ക്ഷണമെത്തിയതും. 

കേരള കോൺഗ്രസ് ഒപ്പമില്ലാതെ യുഡിഎഫ് സംവിധാനത്തിനു പ്രസക്തിയില്ലെന്നു ലീഗ് കരുതുന്നു. ജനതാദൾ (യു) കൂടി പോയതോടെ ഫലത്തിൽ ഇതു കോൺഗ്രസ് – ലീഗ് സഖ്യം മാത്രമാണ്. ലീഗിന്റെ കരുത്തിൽ മലപ്പുറത്തും കോഴിക്കോട്ടും കുറെ സീറ്റുകൾ യുഡിഎഫിനു നേടാനായേക്കാം. എന്നാൽ, മധ്യതിരുവിതാംകൂറിൽ സ്ഥിതി അതല്ല. ചെറിയ മാർജിനുകളാണ് ജയപരാജയങ്ങൾ നിർണയിക്കുന്നത്. അതിനു മാണിയുടെ 5000 വോട്ടായാലും മതി. മുസ്‌ലിം – ക്രിസ്ത്യൻ ഐക്യം പരസ്പരപൂരകമാണെന്നും അതാണു യുഡിഎഫിന്റെ മുഖ്യകരുത്തെന്നും ലീഗ് കരുതുന്നു. യുഡിഎഫിനു പുറത്തു തുടർന്നാ‍ൽ, സിപിഐയുടെ എതിർപ്പുണ്ടായാൽത്തന്നെ അടുത്ത ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ മാണിയുമായി സിപിഎം കൈകോർക്കുകതന്നെ ചെയ്യും. ആ സാധ്യതയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുവേളയിൽ ലീഗ് പൊളിച്ചത്. 

ചെങ്ങന്നൂരിന്റെ പാഠം 

ചെങ്ങന്നൂരിൽ മാണി വന്നിട്ടും തോറ്റില്ലേ എന്ന ചോദ്യവും ന്യായം. അതിനു ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പഴിചാരുന്നതു കോൺഗ്രസിനെത്തന്നെ. മണ്ഡലത്തില്‍ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ചു വൻ വിമർശനവും നിരാശയുമാണു ലീഗ് യോഗത്തിലുണ്ടായത്. ബൂത്തിൽ ഇരിക്കാൻപോലും ആളില്ലെന്ന സ്ഥിതി, ഏതെങ്കിലുമിടത്ത് ആളുണ്ടെങ്കിൽത്തന്നെ കുറെ പ്രായം ചെന്നവർ, വോട്ടർ സ്‌ലിപ് വിതരണം ചെയ്യുന്നതിൽവരെ വീഴ്ചയുണ്ടായെന്നാണു ലീഗിന്റെ കണ്ടെത്തൽ. മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ ലീഗ് നോക്കിയ ഇരുപതോളം ബൂത്തുകളിൽ യുഡിഎഫിന്റേതു മെച്ചപ്പെട്ട പ്രകടനമായിരുന്നുവെന്നാണ് അവരുടെ കണക്ക്. മുസ്‌ലിം വോട്ടുകളും പക്ഷേ, പിടിച്ചുനിർത്താനായില്ലല്ലോ എന്ന സംശയത്തിന് ഒരു ലീഗ് നേതാവിന്റെ മറുപടി: ‘‘ലീഗുകാർ അവിടെ തീരെക്കുറവല്ലേ? മുസ്‌ലിംകളിൽ കൂടുതലും കോൺഗ്രസുകാർതന്നെ. അവർ ശ്രമിച്ചില്ലെങ്കിൽ?’’ 

തോൽവികളുടെ ചുവരെഴുത്തു കണ്ട് 2019ലെ പൊതുതിരഞ്ഞെടുപ്പിനായി കോൺഗ്രസ് തിരുത്തിയേമതിയാകൂ എന്നാണു ലീഗിന്റെ ആവശ്യം. ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി ആന്ധ്രയിലേക്കു നിയോഗിച്ചതിൽ അവർക്കു വിയോജിപ്പുണ്ട്. ആരാണ് അടുത്ത കെപിസിസി പ്രസിഡന്റ് എന്ന കാര്യത്തിൽ ഉദ്വേഗമുണ്ട്. കെപിസിസി പ്രസിഡന്റ് കോൺഗ്രസിന്റെ അവകാശമാണെങ്കിലും യുഡിഎഫ് കൺവീനറെ തീരുമാനിക്കുന്നത് അങ്ങനെയാകരുതെന്ന നിർബന്ധവുമുണ്ട്. നിയമസഭയിൽ കോൺഗ്രസിനെക്കാൾ നാലുപേരുടെ മാത്രം കുറവേയുള്ളു ലീഗിന്. അപ്പോഴും യുഡിഎഫ് ചെയർമാൻ, കൺവീനർ പദവികൾ കോൺഗ്രസിനു കൈവശംവച്ചേതീരൂ എന്നാണെങ്കിൽ വിരോധമില്ല. പക്ഷേ, ഘടകകക്ഷികളെക്കൂടി വിശ്വാസത്തിലെടുത്തേപറ്റൂ. കോൺഗ്രസ് വൃക്ഷമെങ്കിൽ, അതിൽ പടർന്നു വിലസിച്ച ലതയാകാം ലീഗ്. പക്ഷേ, വൃക്ഷത്തിന്റെ വേരിളകിത്തുടങ്ങിയാലോ? അതുറപ്പിക്കുന്ന, നിലനിൽപിന്റെ രാഷ്ട്രീയ ദൗത്യത്തിലാണു ലീഗ് ഏർപ്പെട്ടിരിക്കുന്നത്.