ട്രംപ് കൊള്ളാം, കിമ്മും

സിംഗപ്പൂരിലെ വിനോദസഞ്ചാര ദ്വീപായ സെന്റോസയിലെ കാപെല്ല ഹോട്ടലിൽ നടന്ന ഉച്ചകോടിക്കിടെ ഹസ്തദാനം നടത്തുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. ചിത്രം: എപി

ഈ ഉച്ചകോടി നടക്കാൻപോകുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പ്രവചിച്ച എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടു പ്രസിഡന്റ് ട്രംപ് തന്റെ നയതന്ത്രപാടവം വീണ്ടും തെളിയിച്ചിരിക്കുന്നു. ക്ഷമിച്ചും ക്ലേശിച്ചും സന്ദേഹങ്ങളോടെയുമുള്ള പരമ്പരാഗത നയതന്ത്രമാർഗങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടയിടത്താണു ട്രംപ് കരാറുണ്ടാക്കി വിജയിച്ചിരിക്കുന്നത്. 

ചരിത്രം കുറിക്കുന്ന ഈ ഉച്ചകോടി വിജയത്തിന്റെ ബഹുമതി മുഴുവൻ ട്രംപിനുള്ളതാണ്. കിമ്മിന്റെ പങ്കും അംഗീകരിച്ചേ തീരൂ. ട്രംപിന്റെ മുന്നിൽ കിം നിഷ്പ്രഭനാകുമെന്നു പാശ്ചാത്യമാധ്യമങ്ങൾ പ്രവചിച്ചതും തെറ്റി. കിം തലയുയർത്തിപ്പിടിച്ച്, അഭിമാനത്തോടെ നിന്നപ്പോൾ ട്രംപിന്റെ പെരുമാറ്റവും മനം കവരുന്നതായി. മുൻ യുഎസ് പ്രസിഡന്റുമാർ ശ്രമിച്ചു പരാജയപ്പെട്ടതോ, മനസ്സിലാക്കാൻപോലും ശ്രമിക്കാതിരുന്നതോ ആയ കൊറിയൻ സമസ്യയാണു ട്രംപ് പൂരിപ്പിച്ചിരിക്കുന്നത്. 

1950–53 കാലത്തെ കൊറിയൻ യുദ്ധം മുതലുള്ള വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും നെടുനീളൻ അധ്യായം അടച്ചുവയ്ക്കാനാണു യുഎസും കൊറിയയും തമ്മിൽ ധാരണയായത്. കൊറിയൻ യുദ്ധത്തിനൊപ്പം തുടങ്ങിയ ശീതയുദ്ധം, 1990–91 കാലത്ത് യുഎസ്എസ്ആറിന്റെ പതനത്തോടെ സമാപിച്ചെങ്കിലും വിഭജിത കൊറിയയിലെ 7.6 കോടി ജനങ്ങളിൽ ആ യുദ്ധമേൽപിച്ച മുറിപ്പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ല.

കൊറിയൻ ഉപദ്വീപിൽ നീണ്ടുനിൽക്കുന്ന സമാധാനമാണു ട്രംപ്– കിം കരാറിലൂടെ ലക്ഷ്യമിടുന്നത്. 1953 ലെ യുദ്ധവിരാമ കരാറിനു പകരം, യുദ്ധം എന്നത്തേക്കുമായി അവസാനിപ്പിച്ചുള്ള പുതിയ സമാധാനക്കരാർ വരും; ആണവനിരായുധീകരണത്തിനുള്ള നടപടിയുമായി കൊറിയ മുന്നോട്ടുപോകും. കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ യുഎസിലെ ബന്ധുക്കൾക്കു തിരിച്ചുകിട്ടാനും കരാറിലൂടെ കളമൊരുങ്ങിയിരിക്കുകയാണ്. 

ഉത്തര കൊറിയ അവരുടെ ഒരു ആണവപരീക്ഷണ കേന്ദ്രം നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംയുക്തപ്രസ്താവനയിൽ പരാമർശിച്ചിട്ടുള്ളതല്ല. സൈനിക അഭ്യാസങ്ങൾ നിർത്തിവയ്ക്കാൻ യുഎസും സമ്മതിച്ചു. സിംഗപ്പൂരിൽ ധാരണയായതെല്ലാം മുന്നോട്ടു കൊണ്ടുപോകാനും വീണ്ടും നേരിട്ടു കാണാനുമാണ് അവസാനത്തെയും സുപ്രധാനമായതുമായ തീരുമാനം. 

ആവശ്യങ്ങളിൽ യുഎസ് കടുംപിടിത്തം കാണിക്കുമെന്നു കരുതിയ നിരീക്ഷകർക്കും തെറ്റുപറ്റി. ഉപരോധം ഭയന്നാണു കിം ഈ ഉച്ചകോടിക്കു സമ്മതിച്ചതെന്ന സിദ്ധാന്തങ്ങളും തെറ്റാണെന്നു തെളിഞ്ഞു. സത്യത്തിൽ, കിമ്മിന് ഇനി ആണവപരീക്ഷണങ്ങൾ നടത്തേണ്ടതിന്റെ ആവശ്യമില്ല. ഉത്തര കൊറിയയുടെ ആണവശേഷി അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. ഇനി വേണ്ടതു സാമ്പത്തികവികസനമാണ്. അതിനു യുഎസുമായി നല്ല ബന്ധം കൂടിയേ തീരൂ. 

ഉത്തര കൊറിയയ്ക്കെതിരെ വീണ്ടും വീണ്ടും ഉപരോധങ്ങൾക്കായി ട്രംപിനു പിന്തുണ നൽകിയവരായിരുന്നു റഷ്യയും ചൈനയും. എന്നാൽ കിം അവിടെ ഗംഭീരമായി കളിച്ചു. ട്രംപിനോടു സൗഹൃദമാകാമെന്ന സൂചന, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ വഴി നൽകി. പിന്നെ റഷ്യയ്ക്കും ചൈനയ്ക്കും കളത്തിലിറങ്ങാതെ വയ്യെന്നായി. കിം രണ്ടു തവണ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ കണ്ടു; പോങ്യാങ്ങിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്‌റോവ്, മോസ്കോയിലേക്കു ക്ഷണിച്ചപ്പോൾ കിം ആ ക്ഷണം സ്വീകരിച്ചു. ട്രംപ്– കിം ഉച്ചകോടി യാഥാർഥ്യമായതോടെ ദക്ഷിണ കൊറിയയ്ക്കു ചാരിതാർഥ്യം. ചൈനയാണെങ്കിൽ വിഷമവൃത്തത്തിൽ. കൊറിയയിൽ പ്രതിസന്ധിയുണ്ടാകാനും പാടില്ല. പക്ഷേ, ഇപ്പോഴിനി അവിടത്തെ കാര്യത്തിലെല്ലാം ചൈനയുടെ മധ്യസ്ഥതയില്ലാതെ യുഎസിനു നേരിട്ടിടപെടാം എന്ന അവസ്ഥ. റഷ്യയ്ക്കും ആശങ്കകളുണ്ടെങ്കിലും കൊറിയൻ ഉപദ്വീപിൽ സമാധാനം പുലർന്നുകാണുന്നതിൽ സന്തോഷം. 

ജപ്പാൻ പക്ഷേ അത്ര സന്തോഷത്തിലായിരിക്കില്ല. ഉത്തര കൊറിയയോടു കടുത്ത നിലപാടുള്ളയാളാണു ജപ്പാൻ പ്രധാനമന്ത്രി ആബെ. ജപ്പാൻ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ കാരണങ്ങൾ പലതുണ്ട്. സിംഗപ്പൂർ ഉച്ചകോടിക്കു മുൻപു കിമ്മിനെ കാണാൻ ആബെ, മൂൺ വഴി ശ്രമിച്ചിരുന്നു. കിം പറ്റില്ലെന്നു പറഞ്ഞു. 17 ജപ്പാൻകാരെ തട്ടിക്കൊണ്ടുപോയ സംഭവം ആബെ എടുത്തുകാട്ടുന്നു. ജപ്പാനൊപ്പം നിൽക്കുമെന്നാണു യുഎസിന്റെ ഉറപ്പ്. 

ഒരു പ്രസിഡന്റിനു വേണ്ട സ്വഭാവഗുണങ്ങളെല്ലാം ട്രംപിനു കാണില്ലായിരിക്കാം. പക്ഷേ, അദ്ദേഹം മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ്. പ്രശ്നപരിഹാരത്തിനായി ബുദ്ധി ഉപയോഗിക്കാനറിയാം. ‘വേണോ, വേണ്ടയോ’ എന്ന ഹാംലറ്റ് സമസ്യ ഒബാമയെപ്പോലെ ട്രംപിനില്ല.  

സമാധാന നൊബേൽ പുരസ്കാരത്തിലും ട്രംപിന് ഒരു കണ്ണുണ്ടെന്നു വേണം കരുതാൻ. പക്ഷേ, സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനു കൊടുക്കാൻ വരട്ടെ. കരാറിന്റെ തുടർന്നുള്ള പോക്ക് എങ്ങനെയിരിക്കുന്നെന്നു നൊബേൽ സമിതി ചുരുങ്ങിയത് ഒരുവർഷമെങ്കിലും നിരീക്ഷിക്കണം. എന്നിട്ട് ആ പുരസ്കാരം ട്രംപിനും കിമ്മിനും മൂണിനും കൂടി നൽകാം. 

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)