കിം-ട്രംപ് കൂടിക്കാഴ്ച: കാണട്ടെ, കാത്തിരിക്കാം

ട്രംപ് – കിം കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാർത്തകളറിയാൻ ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിൽ പൊതുസ്ഥലത്തെ ടിവിക്കു മുന്നിലിരിക്കുന്നവർ.

കിം – ട്രംപ് കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകരിലും നയതന്ത്രജ്ഞരിലും ഉണ്ടാക്കിയത് മുൻപ് ഇതു കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ. ഉത്തര കൊറിയ നേരത്തേ രണ്ടുവട്ടം ഇതേ രീതിയിൽ വിട്ടുവീഴ്ചയ്ക്കു തയാറായതാണ് – 1994ലും 2005ലും. ആണവ പദ്ധതി നിയന്ത്രിക്കുന്നതിനു പകരമായി രാജ്യത്തിന്റെ സാമ്പത്തിക – ഊർജ മേഖലയ്ക്ക് അമേരിക്കയുടെ സഹായത്തോടെ ഉണർവുണ്ടാക്കുന്നതിന് അവർ കരാറുണ്ടാക്കി. എന്നാൽ, ആ കരാറുകളൊന്നും യാഥാർഥ്യമായില്ല. 2005ലെ കരാർ ഒപ്പുവച്ച് ഒരു വർഷം തികയുംമുൻപ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി ഉപരോധങ്ങൾ ക്ഷണിച്ചുവരുത്തി. 

ഇന്നലെ സിംഗപ്പൂരിൽ യുഎസും ഉത്തര കൊറിയയും വീണ്ടുമൊരു കരാർ ഒപ്പുവച്ചിരിക്കുകയാണ്. മുൻകാലങ്ങളിൽനിന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ഒരു വ്യത്യാസമുണ്ട്: കാപെല്ല ഹോട്ടലിൽ ഇന്നലെ കണ്ടുമുട്ടിയത് ഇരുരാജ്യങ്ങളുടെയും പരമാധികാരികളാണ് – ചെയർമാൻ കിം ജോങ് ഉന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപും. പ്രത്യക്ഷത്തിൽ എല്ലാം സുഭദ്രം. രണ്ടു നേതാക്കളും കണ്ടു, ഹസ്തദാനം നടത്തി, ആദ്യം തെല്ലൊരു വൈക്ലബ്യം, പിന്നെ ആത്മവിശ്വാസം. ഇരുവരും തങ്ങളുടെ പരിഭാഷകരുടെ മാത്രം സാന്നിധ്യത്തിൽ 45 മിനിറ്റ് ചർച്ച നടത്തി. പിന്നെ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. ശേഷം പുറത്തു വന്ന് ഒന്നിച്ച് അൽപദൂരം നടക്കുന്നതുകൂടി കണ്ടപ്പോൾ ലോകം എല്ലാം ഉറപ്പിച്ചു. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ ബീസ്റ്റ് കിമ്മിനെ വിശദമായി കാണിക്കാൻകൂടി ട്രംപ് നേരം കണ്ടെത്തി. ടിവി ചാനലുകൾക്കും ഫൊട്ടോഗ്രഫർമാർക്കും വിരുന്നായി.എന്നാൽ, കൂടിക്കാഴ്ചയുടെ ഫലം അത്രയ്ക്കങ്ങ് മികവുറ്റതല്ല. എടുത്തുപറയാനുള്ളതു സംയുക്ത പ്രസ്താവന മാത്രം. അതിലാകട്ടെ, അദ്ഭുതങ്ങളൊന്നും ഇല്ലതാനും.

ഇരുകൂട്ടരും പരസ്പരം നല്ല വാക്കുകൾ പറഞ്ഞെങ്കിലും, പ്രഖ്യാപനം അവ്യക്തവും അപര്യാപ്തവുമാണ്. ജനങ്ങളുടെ താൽപര്യങ്ങൾക്കുതകുന്ന തരത്തിലുള്ള ബന്ധമുണ്ടാക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു; കൊറിയൻ ഉപദ്വീപിൽ സുസ്ഥിര സമാധാനമുണ്ടാക്കാമെന്നു കരാറുണ്ടാക്കി; സമ്പൂർണ ആണവ നിരായുധീകരണത്തിനായി നിലകൊള്ളുമെന്നു വാക്കു നൽകി; യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി കൈമാറാൻ ഒന്നിച്ചു പരിശ്രമിക്കാമെന്നു സമ്മതിച്ചു. കിം ഭരണകൂടത്തിന്റെ നിലനിൽപിനുവേണ്ടി നിലകൊള്ളുമെന്നു ട്രംപ് വാഗ്ദാനം ചെയ്തതാണു സുപ്രധാനമായ ഒരു കാര്യം.

സമാധാന പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന് ഉത്തര കൊറിയയിൽനിന്നു യുഎസ് ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളിൽ ഏറ്റവും ചുരുങ്ങിയതുപോലും അംഗീകരിപ്പിക്കാൻ ആയില്ലെന്നതാണു ശ്രദ്ധേയം. ആണവ പദ്ധതികളുടെ സമ്പൂർണവും പരിശോധനകളിലൂടെ ബോധ്യപ്പെടുത്താവുന്നതും പിന്നാക്കം പോകാത്തതുമായ നിർവ്യാപനമാണു യുഎസ് ആവശ്യപ്പെടുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇതേക്കുറിച്ചൊന്നും ചർച്ച നടന്നതായി സൂചനയില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് ഇങ്ങനെ: ‘‘ഞാനിവിടെ ഒറ്റദിവസത്തേക്കാണു വന്നിരിക്കുന്നത്. പ്രക്രിയ ഇവിടെ ഇപ്പോൾ തുടങ്ങുകയാണ്.’’ ഉത്തര കൊറിയയ്ക്കെതിരായ ഉപരോധനങ്ങൾ നീക്കുംമുൻപ് ഈ പ്രക്രിയയെക്കുറിച്ചു യുഎസിനു തൃപ്തി വരണമെന്നാണു ട്രംപ് പറയുന്നത്. 

ആണവ നിരായുധീകരണത്തെ രണ്ടു രാജ്യങ്ങളും നിർവചിച്ചിട്ടില്ലെന്നതും സംയുക്ത പ്രസ്താവനയുടെ പോരായ്മയാണ്. ഉത്തര കൊറിയയെ സംബന്ധിച്ചു കൊറിയൻ ഉപദ്വീപ് മുഴുവൻ നിരായുധീകരിക്കണമെന്നാണു നയം. അതായത്, തങ്ങൾ അണ്വായുധങ്ങൾ ഉപേക്ഷിക്കുന്നതോടൊപ്പം ദക്ഷിണ കൊറിയയിൽനിന്ന് അമേരിക്ക തങ്ങളുടെ അണ്വായുധങ്ങൾ നീക്കുകയും സൈന്യത്തെ പിൻവലിക്കുകയും വേണം. ‘അവരെ തിരികെ കൊണ്ടുവരാനാണ് എനിക്കും ഇഷ്ടം. പക്ഷേ, ഇപ്പോൾ അതേക്കുറിച്ചു ചിന്തിക്കുന്നില്ല. ഏതായാലും ദക്ഷിണ കൊറിയയുമായി ചേർന്നുള്ള സൈനിക അഭ്യാസങ്ങൾ നിർത്തുകയാണ്’ എന്നാണ് ഇതേക്കുറിച്ചു ട്രംപിന്റെ പ്രതികരണം. 

ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും പ്രതിരോധത്തിന്റെ അസ്തിവാരംതന്നെ യുഎസുമായുള്ള സൈനിക സഹകരണമാണ്. ദക്ഷിണ കൊറിയയുമായുള്ള സൈനികാഭ്യാസങ്ങൾ നിർത്തിവയ്ക്കുമെന്നു ട്രംപ് മാധ്യമങ്ങളോടു പറഞ്ഞതിന്റെ അർഥം ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നുതന്നെയാണ്. അമേരിക്കയുടെ പരമ്പരാഗത കൂട്ടാളികളെ ഇത് അമ്പരപ്പിച്ചിട്ടുണ്ട്. 

കിമ്മിനെ പ്രശംസകൾകൊണ്ടു മൂടാനും ട്രംപ്  മടിച്ചില്ല. എന്നാൽ, ഇതെല്ലാം കിമ്മിനു നേട്ടമായെന്നു കരുതാനും വയ്യ. കാര്യമായ നഷ്ടങ്ങളില്ലാതെ നല്ല ചില നേട്ടങ്ങളുണ്ടാക്കിയെന്നതിൽ തർക്കമില്ല. ആണവ നിരായുധീകരണത്തിന്റെ പേരിൽ ഉത്തര കൊറിയയ്ക്കുള്ളിൽനിന്നുതന്നെ, പ്രത്യേകിച്ചു സൈന്യത്തിന്റെ ഭാഗത്തുനിന്ന് കിമ്മിന് എതിർപ്പു നേരിടേണ്ടിവന്നേക്കാം. മാത്രമല്ല, ചൈനയും റഷ്യയും പോലുള്ള അയൽക്കാർക്കു കിമ്മിന്റെ പുതിയ യുഎസ് ചായ്‍വ് അത്ര സന്തോഷമുള്ള കാര്യമല്ല. 

മറ്റൊരർഥത്തിൽ കിമ്മിന് ഇതു വലിയൊരു നേട്ടമാണ്. ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യൻ പാതിയുലകം ചുറ്റി എത്തിയതു കിമ്മിനെ കാണാനാണ്. സിംഗപ്പൂരിൽ യുഎസ് പ്രസിഡന്റിന് ഒപ്പത്തിനൊപ്പമുള്ള പരിഗണനയാണ് ഓരോ കാൽവയ്പിലും തനിക്കു ലഭിക്കുന്നതെന്നും കിം ഉറപ്പാക്കിയിരുന്നു. അതേ, കിമ്മിനു കൂടുതൽ സ്വപ്നം കാണാം. പകരം ട്രംപിനു ലഭിച്ചതോ? ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു വേദി; അവിടെ ട്രംപ് നടത്തിയതു ഗംഭീര പ്രകടനവും. ഇതിൽനിന്നു ലഭിച്ച നയതന്ത്ര നേട്ടങ്ങൾ എന്തെന്നറിയാൻ കാത്തിരിക്കുകതന്നെ വേണം.