ചൈനയ്ക്ക് തൃപ്തിയുടെ പുഞ്ചിരി

ഉച്ചകോടിക്കുശേഷം സിംഗപ്പൂരിൽ നിന്നു യുഎസിൽ തിരിച്ചെത്തിയ ഡോണൾഡ് ട്രംപ് വിമാനമിറങ്ങുന്നു.

ട്രംപ്–കിം ഉച്ചകോടിക്കു ശുഭാന്ത്യമായതോടെ അധികാരത്തിന്റെ ഇടനാഴികളിൽ ചൈന ഇപ്പോൾ വിശാലമായി ചിരിക്കുന്നു. കൊറിയൻ ഉപദ്വീപിൽ സമാധാനം പുലർന്നുകാണാനുള്ള ആദ്യചുവടു മാത്രമായിരിക്കാം ഈ ഉച്ചകോടിയെങ്കിലും, ദക്ഷിണ കൊറിയയുമൊത്തുള്ള സൈനികാഭ്യാസം ഇനിയില്ലെന്ന ട്രംപിന്റെ പ്രഖ്യാപനമാണു ചൈനയുടെ കാതിനു കുളിർമഴയായത്. 

യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയിരുന്നതു ചൈനയെയായിരുന്നു. ഉത്തര കൊറിയയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന ഈ അയൽരാജ്യത്തിനു കൊറിയൻ ഉപഭൂഖണ്ഡത്തിൽ സാമ്പത്തിക സമാധാനം വേണമെന്നുതന്നെയാണാഗ്രഹം. മൂക്കിൻതുമ്പത്തു ദേഷ്യമുള്ള കിമ്മും അമേരിക്കൻ തണൽക്കുടയും കൂടിയായാൽ എന്തു സംഭവിക്കുമെന്ന ആശങ്ക ബാക്കിനിൽക്കുന്നു. 

ചൈനയും ഉത്തര കൊറിയയും തമ്മിൽ പണ്ടുകാലം മുതലുള്ള അസാധാരണ അടുപ്പം വളരെ വ്യക്തമാക്കുന്ന ഒരു സംഭവം ബിബിസിയുടെ റിപ്പോ‍ർട്ടിലുണ്ടായിരുന്നു. ദക്ഷിണ കൊറിയയുമായി ചേർന്നുള്ള സൈനികാഭ്യാസങ്ങളെല്ലാം യുഎസ് അവസാനിപ്പിക്കാൻ പോകുന്ന കാര്യം ആ പ്രഖ്യാപനം വരും മുൻപുതന്നെ ചൈനയ്ക്ക് അറിയാമായിരുന്നെന്നാണു റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. 

ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിനിടെയാണ് ഈ ചൂടൻവാർത്തയെത്തിയത്. മാധ്യമപ്പടയോടു സംസാരിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരുടെ അടുക്കലേക്ക് ഇക്കാര്യമറിയിച്ചുള്ള ഒരു കുറിപ്പ് രഹസ്യമായി എത്തിക്കുകയായിരുന്നെന്നു ബിബിസി റിപ്പോർട്ടർ പറയുന്നു. കിമ്മിന്റെ വിശ്വസ്തസംഘത്തിലെ ആരെങ്കിലുമായിരിക്കാം ചൈനീസ് സുഹൃത്തുക്കൾക്കു വിവരം ചൂടോടെ കൈമാറിയത്. 

സിംഗപ്പൂരിലെ ചർച്ചകൾക്കു പിന്നിൽ ചൈനയുടെ അദൃശ്യമായ ഇടപെടലുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ഉത്തര കൊറിയയ്ക്ക് ഇനി എന്തു സംഭവിക്കുന്നെന്നത് ചൈനയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. അതിർത്തി പങ്കിടുന്നെന്നു മാത്രമല്ല, ചൈനയാണ് ഉത്തര കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും. 

ഉച്ചകോടിക്കു മുൻപു രണ്ടുതവണയാണു കിം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. കിം സിംഗപ്പൂരിലേക്കു പറന്നതു ചൈനീസ് വിമാനത്തിൽ. 1953ൽ, മൂന്നു വർഷത്തെ കൊറിയൻ യുദ്ധം അവസാനിപ്പിച്ചുള്ള വെടിനിർത്തൽ കരാറിൽ ചൈനയും ഒപ്പിട്ടിരുന്നതാണ്. ഇത്രയും അടുപ്പവും സഹകരണവും ഉള്ള സ്ഥിതിക്ക്, പുതിയ സമാധാന നടപടികളിൽ ചൈനയുടെ പങ്ക് കുറച്ചുകാണേണ്ടതില്ല. 

ട്രംപ്–കിം ഉച്ചകോടിക്കു ശേഷമുള്ള ചൈനയുടെ ഔദ്യോഗിക പ്രതികരണത്തിൽ അമിതാവേശം തെല്ലുമില്ലായിരുന്നു. കൂടിക്കാഴ്ചയിലുണ്ടായ ധാരണകളെ സ്വാഗതം ചെയ്യുന്നെന്നും പിന്തുണയ്ക്കുന്നെന്നും മാത്രം പറഞ്ഞു നിർത്തി. ആണവനിരായുധീകരണം ചൈനയെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനം ചെയ്യുമെന്നാണു ചൈനീസ് വിദഗ്ധനെ ഉദ്ധരിച്ചു സിംഗപ്പൂരിലെ സ്ട്രെയ്റ്റ് ടൈംസ് പത്രം ചൂണ്ടിക്കാട്ടിയത്. ഈ ആണവനിരായുധീകരണത്തിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ചു ചൈനയ്ക്ക് അൽപം ആശങ്കയുണ്ടെന്നും. അതിനെക്കുറിച്ചു സമാധാനക്കരാറിൽ പരാമർശമൊന്നുമില്ല. 

ഉച്ചകോടിയിലെ ധാരണകളിലുള്ള തുടർനടപടികളിൽ ചൈനയുടെ പങ്ക് എന്തായിരിക്കുമെന്നതാണ് ഇനിയുള്ള വലിയ ചോദ്യം. ചൈന കാണികളിലൊരാളായി ദൂരെ മാറിനിന്നാൽ മതിയെന്ന നിലപാടായിരിക്കും യുഎസിനും ദക്ഷിണ കൊറിയയ്ക്കും. പക്ഷേ, അങ്ങനെയങ്ങു മാറിക്കൊടുക്കാൻ ചൈന തയാറാകില്ല. 

സമാധാനത്തിലേക്കുള്ള തുടർനടപടികളിൽ ചൈനയെക്കൂടി പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉത്തര കൊറിയയെക്കൊണ്ടുതന്നെ ഉന്നയിപ്പിക്കാനുള്ള കരുനീക്കങ്ങളാണ് ഇനി പ്രതീക്ഷിക്കേണ്ടത്. 

(സിംഗപ്പൂരിലെ പ്രമുഖ മാധ്യമപ്രവർത്തകനാണ് ലേഖകൻ)