Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്ക ആദ്യം; ട്രംപിന് അതുമതി

Kim Jong Un and Donald Trump

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ ഞെട്ടിക്കുന്നതു തുടരുന്നു. തിരഞ്ഞെടുപ്പുകാലത്തു ലോകം ശ്രദ്ധിച്ചുതുടങ്ങിയ അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഈ ശൈലിതന്നെയാണു ജി-7 ഉച്ചകോടിയിലും ഉത്തര കൊറിയയുമായുള്ള ചർച്ചകളിലും കണ്ടത്. രാഷ്ട്രീയ നിരീക്ഷകരും നയതന്ത്ര വിദഗ്ധരും പൊതുവെ പ്രതീക്ഷിക്കുന്നതിൽനിന്നു തികച്ചും വ്യത്യസ്തമായ നിലപാടുകൾ ഒരു മറയും മടിയും ഇല്ലാതെ വിളിച്ചുപറഞ്ഞുകൊണ്ടാണു ട്രംപ് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ട്രംപിന്റെ ശൈലിയെപ്പറ്റി നല്ല ബോധ്യമുണ്ടായിട്ടും ജി-7 ഉച്ചകോടിയിലെ അദ്ദേഹത്തിന്റ പ്രസംഗം ലോകത്തെ വീണ്ടും ഞെട്ടിച്ചു എന്നതാണു വാസ്തവം. 

അമേരിക്കൻ ഉൽപന്നങ്ങൾക്കെതിരെ വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന വ്യാപാര പ്രതിബന്ധങ്ങൾക്കെതിരെ ട്രംപ് ശക്തമായ വിമർശനം നടത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.പക്ഷേ, ഉച്ചകോടിയെത്തന്നെ അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലുള്ള വിദ്വേഷപ്രസംഗം നടത്തി യുഎസ് പ്രസിഡന്റ് ഇറങ്ങിപ്പൊയ്ക്കളയും എന്ന് ആരും കരുതിയിട്ടുണ്ടാവില്ല. 

യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളായ കാനഡ, മെക്സിക്കോ, യൂറോപ്യൻ സഖ്യരാഷ്ട്രങ്ങൾ, ചൈന, ഇന്ത്യ തുടങ്ങിയ ലോകരാജ്യങ്ങളെല്ലാം അമേരിക്കൻ കമ്പോളം കവർന്നു പുലരുന്നവരാണെന്നു വളരെ പരുക്കൻ വാക്കുകൾ ഉപയോഗിച്ചുതന്നെ അദ്ദേഹം പറഞ്ഞു. ചില ഉൽപന്നങ്ങളുടെ കാര്യത്തിൽ നൂറു ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തുന്നുവെന്നു പറഞ്ഞ് ഇന്ത്യയെ പ്രത്യേകം വിമർശിക്കാനും ട്രംപ് തയാറായി.

ഇതിലൂടെ ട്രംപും യുഎസും വ്യാപാരലോകത്തിനു നൽകുന്ന സന്ദേശം എന്താണ്? യുദ്ധാനന്തര ലോകക്രമത്തിനും ലോകവ്യാപാര സംഘടനയ്ക്കും രൂപം നൽകുന്നതിനു മുൻകൈയെടുത്തതു യുഎസ് ആണ്. യുഎസും കാനഡയും മെക്സിക്കോയും ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ സ്വതന്ത്രവ്യാപാര ഉടമ്പടി (NAFTA) യുടെ തലതൊട്ടപ്പനും യുഎസ് തന്നെ. അവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ ലോകവ്യാപാരക്രമം ലോകരാജ്യങ്ങൾക്കിടയിൽ സ്വതന്ത്രവ്യാപാരം വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, ഇനിയുള്ളകാലം സ്വതന്ത്ര വ്യാപാരക്രമത്തിനു കാവലാളാകാനും നേതൃത്വം കൊടുക്കാനുമൊന്നും യുഎസ് തയാറല്ല. ‘

അമേരിക്ക ആദ്യം’, അതു കഴിഞ്ഞുള്ള ലോകനന്മയൊക്കെ മതി എന്നാണു ട്രംപ് പറയുന്നത്. സ്വതന്ത്രവ്യാപാരത്തിന്റെ പ്രചാരകവേഷം കെട്ടുമ്പോഴും സ്വന്തം താൽപര്യം ബലികഴിക്കാൻ അമേരിക്ക മുൻപും തയാറായിട്ടില്ല. അവരുടെ താൽപര്യം സംരക്ഷിക്കാൻ ലോക വ്യാപാരസംഘടനയെയും അതിന്റെ നിയമങ്ങളെയും തള്ളിപ്പറയാൻ മുൻ പ്രസിഡന്റുമാരും തയാറായിട്ടുണ്ട്. അമേരിക്കൻ വ്യാപാരനിയമത്തിലെ സൂപ്പർ‌ 301, സ്പെഷൽ 301 എന്നീ വ്യവസ്ഥകൾ ഉപയോഗിച്ചു സാർവദേശീയ വ്യാപാരനിയമങ്ങൾ ലംഘിക്കാൻ അമേരിക്ക നടത്തിയ ശ്രമം കുപ്രസിദ്ധമാണ്. 

ട്രംപ് ഭരണകൂടത്തിന്റെ വ്യത്യാസം അമേരിക്കൻ താൽപര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നു തുറന്നു പറയുന്നു എന്നതാണ്. പറയുക മാത്രമല്ല, വ്യാപാരസംഘടനയുടെ മര്യാദകൾ ലംഘിച്ചുകൊണ്ടു ചൈനയ്ക്കും ഇന്ത്യയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരെ ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്താനും അടുത്തകാലത്ത് അമേരിക്ക തയാറായി. ആഗോള സാമ്പത്തിക തകർച്ചയും അതിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയുമാണ് ട്രംപിനെ ഇത്തരം നടപടികൾക്കു പ്രേരിപ്പിക്കുന്നത്. പക്ഷേ, സാമ്പത്തിക തകർച്ചയുടെ സമ്മർദം മറ്റു രാജ്യങ്ങളും നേരിടുന്നുണ്ട്. എന്നു മാത്രമല്ല, പല രാജ്യങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു ന്യായം പറഞ്ഞു കടുത്ത ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. ലോകവ്യാപാര സംഘടനയുടെ സ്വതന്ത്രവ്യാപാര നിയമങ്ങൾ ലംഘിക്കപ്പെടുന്നതു വ്യാപകമാവുകയാണ്. 

ചുരുക്കത്തിൽ, ഇന്നത്തെ ലോകം ഒരു വ്യാപാരയുദ്ധത്തിന്റെ കരിനിഴലിലാണ്. ഈ പശ്ചാത്തലത്തിൽ ലോകം ജി-7ൽ നിന്നും സമ്പന്നരാജ്യങ്ങളിൽനിന്നും പ്രതീക്ഷിക്കുന്നത് സംരക്ഷണവാദത്തിനെതിരായ മാതൃകാപരമായ നടപടികളും സംയുക്ത പ്രസ്താവനകളുമാണ്.  യുഎസിൽനിന്നു തൽക്കാലം അത്തരമൊരു നേതൃത്വം പ്രതീക്ഷിക്കണ്ട എന്നാണു ട്രംപിന്റെ ചെയ്തികളിൽനിന്നു വായിച്ചെടുക്കേണ്ടത്. 

ലോകവ്യാപാരത്തെയും ആഗോള സമ്പദ്ഘടനയെയും സംബന്ധിച്ചിടത്തോളം യുഎസ് നൽകുന്ന ഈ സന്ദേശം ശുഭകരമല്ല. ദീർഘകാലമായി തുടരുന്ന സാമ്പത്തിക തകർച്ചയിൽനിന്നു ലോകത്തെ കരകയറ്റാൻ ഈ സമീപനം സഹായിക്കില്ല. 

(സംസ്‌ഥാന ആസൂത്രണ ബോർഡ് അംഗമാണ് ലേഖകൻ)