ശൂന്യമായ ആ ഇരിപ്പിടത്തിനു പിന്നിൽ

മിസോറം തലസ്ഥാനമായ ഐസോൾ രാജ്ഭവന്റെ അധിപനായി കുമ്മനം രാജശേഖരൻ മാറിയിട്ടു നാളെ കൃത്യം ഒരു മാസം പൂ‍ർത്തിയാകുന്നു. അതായതു കേരളത്തിലെ ബിജെപിക്കു നാഥനില്ലാതായിട്ട് ഒരു മാസം. ഒരുകാലത്തും ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്. ഉയർച്ചകളോ താഴ്ചകളോ ആകട്ടെ, പാർട്ടിയെ നയിക്കാൻ ഇവിടെ നേതാവുണ്ടായിരുന്നു. എന്നാൽ, ദക്ഷിണേന്ത്യയിൽ പാർട്ടി വളരാനാഗ്രഹിക്കുന്ന ഒരു സംസ്ഥാനത്ത്, വലിയ ലക്ഷ്യങ്ങൾ കേന്ദ്രനേതൃത്വം വച്ചുനീട്ടുന്ന കേരളത്തിൽ അമരത്തു ശൂന്യതയെന്നത് അസാധാരണമായ സ്ഥിതിവിശേഷമാണ്. 

ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ സാന്നിധ്യത്തിൽ ഇന്നലെ ചെങ്ങന്നൂരിൽ വിളിച്ചുചേർത്ത നേതൃയോഗത്തെ ചൂഴ്ന്നുനിന്നതും ഈ പ്രത്യേക സാഹചര്യമായിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ജൂലൈ ആദ്യവാരത്തിലെ കേരള സന്ദർശനത്തിന്റെ തയാറെടുപ്പിനായിട്ടാണ് ഈ യോഗം വിളിച്ചത്. ഷായുടെ വരവിനു പുതിയ സംസ്ഥാന പ്രസിഡന്റിന്റെ നിയമനവുമായി ബന്ധമൊന്നുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ വിശകലനം ചെയ്തുള്ള യാത്രയുടെ ഭാഗമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ദേശീയ അധ്യക്ഷനെ വരവേൽക്കാനും തയാറെടുപ്പുകളെക്കുറിച്ച് ആധികാരികമായി വിശദീകരിക്കാനും സംസ്ഥാന പ്രസിഡന്റ് ആ ഘട്ടത്തിലെങ്കിലുമുണ്ടാകുമോ? 

എന്തുകൊണ്ട് അനിശ്ചിതത്വം? 

ചെങ്ങന്നൂരിൽ ഒത്തുചേർന്ന നേതാക്കൾ അതിനു കാരണം കണ്ടെത്താൻ തൊട്ടടുത്തുള്ള ആറന്മുളയിലേക്കു നോക്കിയാൽ മതിയായിരുന്നു. അവിടെ ആർഎസ്എസ് വാർഷികനേതൃയോഗത്തിൽ പങ്കെടുത്തുവരുന്ന ബിജെപി സംഘടനാ സെക്രട്ടറിമാരായ എം.ഗണേഷിന്റെയും എസ്.സുഭാഷിന്റെയും സൗകര്യാർഥമാണു നേതൃയോഗം ചെങ്ങന്നൂരിലാക്കിയത്. ബിജെപിക്കു പുതിയ പ്രസിഡന്റ് നീണ്ടുപോകുന്നതിന്റെ മുഖ്യകാരണം, സംസ്ഥാന ആർഎസ്എസിനെ വിശ്വാസത്തിലെടുക്കാൻ കഴിയാത്തതാണ്. 

പാർട്ടിക്ക് ‘സംഘം’ വിട്ടുകൊടുത്ത ഏറ്റവും പ്രമുഖനായ പ്രചാരകനായിരുന്നു കുമ്മനം രാജശേഖരൻ. നിന്നനിൽപിൽ അദ്ദേഹത്തെ മിസോറം ഗവർണറാക്കിയത് ആർഎസ്എസിനെ അങ്ങേയറ്റം പ്രകോപിപ്പിച്ചിരിക്കുന്നു. ഒരു വാക്ക് തങ്ങളോടു പറയാതെ എന്തിനിതു ചെയ്തുവെന്ന ആർഎസ്എസിന്റെ ചോദ്യത്തിനു ബിജെപിക്ക് ഇനിയും വ്യക്തമായ മറുപടിയില്ല. പിന്നാലെയാണു സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പകരക്കാരനാക്കാനുള്ള നിർദേശംകൂടിയെത്തുന്നത്. ഇതോടെ തങ്ങളെ ഇരുട്ടിൽനിർത്തി കുമ്മനത്തെ നീക്കിയത് സുരേന്ദ്രനെ പ്രതിഷ്ഠിക്കാനാണെന്ന വികാരത്തിലായി ആർഎസ്എസ്. പദവി ഏറ്റെടുക്കാനുള്ള വൈമനസ്യം കുമ്മനം ആദ്യം കേന്ദ്ര നേതാക്കളെ ധരിപ്പിച്ചതു പ്രതിഷേധം കൂട്ടി. 

ഇതിനെല്ലാം മുഖ്യപ്രതിയായി ആർഎസ്എസ് കരുതുന്നതു സംഘത്തിന്റെതന്നെ കേന്ദ്ര നോമിനിയായ ബി.എൽ. സന്തോഷിനെയാണ്. അദ്ദേഹത്തിലുള്ള സ്വാധീനംവച്ച് ഉറ്റ അനുയായിയായ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാൻ മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ നടത്തിയ നീക്കമാണിതെന്ന പ്രചാരണമാണു സംസ്ഥാന ആർഎസ്എസിൽ ശക്തം. യുക്തമായ സമയത്തു കുമ്മനത്തിനു വലിയ പദവി നൽകി ഇവിടെ ഒരു മാറ്റത്തിനു മാത്രമാണ് ആലോചിച്ചതെന്ന കേന്ദ്ര ബിജെപിയുടെ വിശദീകരണം ആർഎസ്എസ് ഇനിയും ഉൾക്കൊണ്ടിട്ടില്ല.

ഭിന്നിച്ചു ബിജെപി

‘‘ബാഹുബലിയെ കട്ടപ്പ പിന്നിൽനിന്നു കുത്തിവീഴ്ത്തുന്നതു കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അവസ്ഥയിലാണു ഞങ്ങളെല്ലാം. എന്തിന് ഇതു ചെയ്തുവെന്ന് ഒരാൾക്കും മനസ്സിലാകുന്നില്ല’’–: കുമ്മനത്തെ മാറ്റിയ രീതിയോടുള്ള പ്രതിഷേധം ഒരു സംസ്ഥാന ഭാരവാഹി തൃശൂരിലെ നേതൃയോഗത്തിൽ പ്രകടിപ്പിച്ചത് ഇങ്ങനെ. 

പകരം സുരേന്ദ്രനാകുമെന്ന സാധ്യത തിരിച്ചറിഞ്ഞു ദേശീയ ജനറൽ സെക്രട്ടറി രാംലാലിനെ കണ്ട് പി.കെ.കൃഷ്ണദാസ് എതിർപ്പു പ്രകടിപ്പിച്ചതായിരുന്നു അടുത്ത വഴിത്തിരിവ്. ഇതോടെ  ‘തലയെണ്ണാ’നായി എച്ച്.രാജയെയും നളിൻകുമാർ കട്ടീലിനെയും നേതൃത്വം ഇങ്ങോട്ടയച്ചു. അതുവരെ സുരേന്ദ്രനു ബദലായി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെ ഉയർത്തിക്കാട്ടിയ കൃഷ്ണദാസ് പക്ഷം നാടകീയമായി മറ്റൊരു ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനെ രംഗത്തിറക്കി. മെഡിക്കൽ കോളജ് അഴിമതിവിവാദത്തോടു കടുത്ത അപ്രീതിയുള്ള കേന്ദ്ര നേതൃത്വം അതിന്റെപേരിൽ രമേശിനെ വെട്ടിയേക്കാമെന്ന ചിന്തയായിരുന്നു മാറ്റത്തിനു പിന്നിൽ. 

രാജയുടെയും കട്ടീലിന്റെയും റിപ്പോർട്ടിൽ രാധാകൃഷ്ണന്റെയും സുരേന്ദ്രന്റെയും പേരുകളാണു മുന്നിൽ. പക്ഷേ, രണ്ടു ചേരികളുടെ നോമിനികളിലൊന്നിനെ വച്ചാലുള്ള ഭവിഷ്യത്ത് കേന്ദ്രത്തിനു കണക്കിലെടുക്കണം. അതുകൊണ്ട് ഒത്തുതീർപ്പു സ്ഥാനാർഥിയായി പി.എസ്. ശ്രീധരൻപിള്ളയെ നിർദേശിക്കുന്നവരുണ്ട്, കൃഷ്ണദാസായിക്കൂടേയെന്നു ചോദിക്കുന്നവരുണ്ട്. ആർഎസ്എസിന്റെ പരിഭവം തീർക്കാൻ സംഘത്തിൽനിന്നുതന്നെ മറ്റൊരാളായിക്കൂടേയെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. 

കഴിഞ്ഞതവണ കേരളത്തിൽ വന്നപ്പോൾ നേതാക്കളോട് അമിത് ഷാ ഇങ്ങനെ ചോദിച്ചു. ‘‘നിങ്ങൾക്കു ചുമതലയുള്ള സ്ഥലത്ത് എത്ര സിനിമാ തിയറ്ററുണ്ട്? പ്രതീക്ഷിക്കാത്ത ചോദ്യംകേട്ട് പരുങ്ങി മറുപടി പറഞ്ഞ അവരോട് അടുത്ത ചോദ്യം. ‘‘ഒരു ദിവസം എത്രപേർ അവിടെ സിനിമ കാണാൻ വരും?’’ ഏകദേശ കണക്ക് വിവരിച്ച അവരെ ഷാ വിട്ടില്ല. ‘‘അത്രയും പേരിലേക്ക് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും സന്ദേശമെത്തിക്കാൻ നിങ്ങൾ എന്തു ചെയ്യുന്നുണ്ട്?’’പുതിയ യുഗത്തിനുവേണ്ട ഈ രാഷ്ട്രീയവും മാനേജ്മെന്റും പ്രയോഗിക്കാൻ പറ്റിയ കൈകളാണു കേരളത്തിൽ ബിജെപി കേന്ദ്ര നേതൃത്വം തിരയുന്നത്.