കൊടിഭേദം മായ്ക്കുന്ന കാൽപന്ത്

എല്ലാ വേർതിരിവുകളും ഇല്ലാതാക്കുന്ന കായികസൗന്ദര്യമാണു ഫുട്ബോൾ. അതുകൊണ്ടാണ് കേരളത്തിലെ സിപിഎമ്മുകാരും കോൺഗ്രസുകാരും ബിജെപിക്കാരുമെല്ലാം കാൽപന്തുകളിയെ അത്രമേൽ സ്നേഹിക്കുന്നത്. ബ്രസീലിനായും അർജന്റീനയ്ക്കായും അവർ ഒരുമിച്ചു കൈകോർത്തു; ആ പ്രിയ ടീമുകളുടെ പതനത്തിൽ ഒന്നിച്ചു കണ്ണീരും പൊഴിച്ചു. ഒരു മാസത്തോളം കേരള നേതാക്കളിൽ പലരും യാത്രകൾ ക്രമീകരിച്ചതു ഫുട്ബോൾ മത്സരവുമായി ബന്ധപ്പെടുത്തിയാണ്. വ്യാഴാഴ്ച രാവിലെ മാത്രം എറണാകുളം ജില്ലയിലെത്തേണ്ടിയിരുന്ന താൻ, തലേന്നു രാത്രി ആലുവ ഗെസ്റ്റ് ഹൗസിൽ ചേക്കേറിയത് ഇംഗ്ലണ്ട് – ക്രൊയേഷ്യ മത്സരം ഉറപ്പാക്കാനായിരുന്നുവെന്നു മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ പി.കെ. ബഷീർ എംഎൽഎ രാത്രി എട്ടുമണി കഴിഞ്ഞാൽ ഒരു പരിപാടിയും സമീപകാലത്ത് ഏറ്റെടുക്കാതിരുന്നതിനു കാരണവും മറ്റൊന്നല്ല. മുഖ്യമന്ത്രിയുടെ ഓഫിസിലെ എല്ലാ തിരക്കുകൾക്കിടയിലും, അതിരാവിലെ ഫെയ്സ്ബുക്കിൽ ഒരു ഫുട്ബോൾ അവലോകനം പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം. വി.ജയരാജൻ മുടക്കിയില്ല. കാൽപന്ത് പ്രേമികളുടെ നിര ഇനിയുമുണ്ട്. 

ആ രസതന്ത്രത്തിന് പിന്നിൽ

രാഷ്ട്രീയവും ഫുട്ബോളും തമ്മിൽ എന്നും അഭേദ്യമായ ബന്ധമാണുള്ളത്. 1866ലെ ലോക ട്രേഡ് യൂണിയൻ സമ്മേളനത്തിൽ ഫുട്ബോളിനായുള്ള ആഹ്വാനം മുഴക്കിയത് സാക്ഷാൽ കാൾ മാർക്സായിരുന്നു. ഫാക്ടറികളോടു ചേർന്നുള്ള സ്ഥലത്ത് അൽപനേരം പന്തുതട്ടി ആനന്ദിക്കൂ എന്നാണ് തൊഴിലാളികളെ അദ്ദേഹം ഉപദേശിച്ചത്. കറുപ്പും വെളുപ്പും തമ്മിലെ അന്തരം കാൽ‍പന്ത് അലിയിച്ചുകളയുമെന്ന മാർക്സിന്റെ പ്രവചനത്തിന്റെ ഒന്നാന്തരം തെളിവായിരുന്നു, യൂറോപ്യൻ ടീമുകൾക്കുവേണ്ടി കുതിച്ചുപാഞ്ഞ ഈ ലോകകപ്പിലെ കറുത്തമുത്തുകൾ.

ജനലക്ഷങ്ങളെയാണ് രാഷ്ട്രീയവും ഫുട്ബോളും അഭിസംബോധന ചെയ്യുന്നത്. രണ്ടും പ്രതീക്ഷകളും അനിശ്ചിതത്വങ്ങളും സമ്മാനിക്കുന്നു. സ്വന്തം വിജയവും എതിരാളിയുടെ പരാജയവും ഇരുകൂട്ടരും അങ്ങേയറ്റം ആഘോഷിക്കുന്നു. തമ്മിലടിയും ചുവപ്പുകാർഡും രണ്ടിലുമുണ്ട്. ഇതിഹാസനായകരെത്തൊട്ട് വാഴ്ത്തപ്പെടാത്ത ഭാഗ്യംകെട്ടവരെ വരെ സൃഷ്ടിക്കുന്നു. കൂട്ടായ്മയാണ് രണ്ടിനും വേണ്ടതെങ്കിലും, ഒറ്റയാന്മാർക്കു ക്ഷാമമില്ല. സെൽഫ് ഗോളിനും കുറവില്ല! 

ജനകീയതയുടെ ഇരമ്പം

ഏറ്റവും വലിയ ജനകീയ ഗെയിം ആണെന്നതു കൊണ്ടുതന്നെയാണ് രാഷ്ട്രീയക്കാർ ഫുട്ബോൾ ആരാധകരാകുന്നതെന്ന് മുൻമുഖ്യമന്ത്രി എ.കെ.ആന്റണി നിരീക്ഷിച്ചു. ഇന്ത്യൻ ഫുട്ബോളിനും ഈ ലോകകപ്പ് ഉണർവു പകർന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചേർത്തലയിലെ ബാല്യകാലത്തു ഫുട്ബോൾ തൽപരനായിരുന്ന ആ പഴയ സ്കൂൾകുട്ടി, ഇന്നും ഇന്ത്യയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉള്ളിലുണ്ട്. ചെന്നിത്തല മഹാത്മാ സ്കൂളിലെ പഴയ ഗോളിക്കാണ് ഇന്നു സർക്കാരിന്റെ വലകുലുക്കാനുള്ള പ്രാഥമിക നിയോഗം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘പബ്ലിസിറ്റി കൊടുക്കാത്ത ഫുട്ബോൾ പ്രേമി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന രമേശ്, മത്സരങ്ങളധികം മുടക്കിയിട്ടില്ല.

കേരള രാഷ്ട്രീയത്തിലെ എണ്ണം പറഞ്ഞ ഫുട്ബോൾ കമ്പക്കാരാരാണെന്നു ചോദിച്ചാൽ, അത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനുമാണ്. പ്രിയതാരം ലയണൽ മെസ്സിയുടെ അർജന്റീനയെ ഈ ലോകകപ്പിൽ തോൽപിച്ചവരാണ് ഫ്രാൻസും ക്രൊയേഷ്യയുമെന്നതുകൊണ്ടു മാത്രം, ഫൈനലിൽ ബേബി ആരെയും പിന്തുണയ്ക്കാനില്ല. 22 പേർക്കു ദുഃഖങ്ങളകറ്റാനും സന്തോഷിക്കാനും ഒരു പന്തു മതിയെങ്കിൽ, ആ പന്ത് സാധാരണക്കാരന്റെ ഹൃദയവികാരമായി അദ്ദേഹം കരുതുന്നു.

‘‘മെസ്സിയും റൊണാൾഡോയുമൊക്കെ ലോകകപ്പിൽനിന്നു പോയപ്പോഴത്തെ ശൂന്യത, എംബപെയെയും ലുക്കാകുവിനെയും പോലുള്ള പുത്തൻ താരോദയങ്ങൾ മായ്ച്ചുകളഞ്ഞു. ജാതി, ദേശ, വർണ വ്യത്യാസങ്ങൾ ഫുട്ബോൾ അലിയിച്ചുകളയുന്നുവെന്നതാണ് ആ ജനകീയതയുടെ അടിസ്ഥാനം’’ – ഫുട്ബോൾ ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയായ പന്ന്യൻ പറഞ്ഞു. 

അർജന്റീനയുടെ നീലയും വെള്ളയും ജഴ്സിയിട്ട് ഒരു പന്തും പിടിച്ച് സ്റ്റൈലിൽ മന്ത്രി എം. എം. മണി നിൽക്കുന്ന ചിത്രം ഈ ലോകകപ്പ് ലഹരിയുടെതന്നെ പ്രതീകമായി മാറി. ‘‘അർജന്റീന പുറത്തായപ്പോൾ വിഷമം തോന്നി. എന്നുകരുതി ദുഃഖിച്ചോണ്ടിരുന്നാൽ പറ്റുമോ? ഞാൻ വേറെ ടീമിന്റെ കളി കണ്ടു’’– മന്ത്രി പറഞ്ഞു.

നാളത്തെ ഫൈനലിൽ കേരളം ഔദ്യോഗികമായി ആരെയാകും പിന്തുണയ്ക്കുക? കായികമന്ത്രി എ.സി.മൊയ്തീൻ പക്ഷേ, തന്ത്രപരമായ നിലപാടെടുത്തു: ‘‘ഫുട്ബോളിന്റെ മികവ് റഷ്യയിൽ‍ അന്തിമവിജയം നേടട്ടെ’’. ഞങ്ങൾ രാഷ്ട്രീയക്കാർ ദുർബലർക്കൊപ്പമാണ്. അതുകൊണ്ടു ക്രൊയേഷ്യക്കൊപ്പമാണെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ. 

ആഫ്രിക്കൻ രാജ്യമായ ലൈബീരിയയ്ക്ക് ഈ വർഷം ഒരു പുതിയ പ്രസിഡന്റുണ്ടായി. 1995ലെ ഫിഫ ലോക ഫുട്ബോളർ ആയിരുന്ന ജോർജ് വിയ! ഫുട്ബോളും രാഷ്ട്രീയവും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ അനന്തസാധ്യതകൾ!