പൗരസ്വാതന്ത്ര്യം ഉണ്ട്, ഇല്ല !

ഫൗൾ, ഫൗൾ: കൊച്ചിയിൽ നടന്ന മനോരമ ന്യൂസ് കോൺക്ലേവിലെ പാനൽ ചർച്ചയിൽ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ശശി തരൂർ എംപിയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും രൂക്ഷമായ തർക്കത്തിലായപ്പോൾ മോഡറേറ്റർ ശേഖർ ഗുപ്ത തമാശയായി ‘റെഡ് കാർഡ്’ കാട്ടുന്നു. ചർച്ചയ്ക്കു ശേഷം, താൻ കാണിച്ചത് റെഡ് കാർഡ് അല്ലെന്നും ഹോട്ടൽമുറിയുടെ കാർഡ് ആണെന്നും അദ്ദേഹം പറഞ്ഞത് സദസ്സിൽ കൂട്ടച്ചിരിയുയർത്തി. കശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി സമീപം. ചിത്രം: മനോരമ

ഹിന്ദുരാഷ്ടം സംബന്ധിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ശശി തരൂർ എംപിയും തമ്മിലുള്ള വാഗ്വാദം, പൗരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കു ചൂടു പകർന്നു. ഹിന്ദുക്കളുടെ മേലുള്ള കുത്തകാവകാശം ബിജെപിക്കില്ലെന്നു തുറന്നടിച്ചാണ് കോൺഗ്രസ് നേതാവു കൂടിയായ ശശി തരൂർ ചർച്ചയ്ക്കു ചൂടു പകർന്നത്. രാജ്യവിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടും തരൂർ ഇപ്പോഴും ഈ വേദിയിലിരിക്കുന്നത് നമ്മുടേതു സ്വതന്ത്രരാജ്യമാണെന്നതിനു തെളിവാണെന്നായിരുന്നു മന്ത്രി കണ്ണന്താനത്തിന്റെ തിരിച്ചടി. 

സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ അധികാരികളിൽ നിന്നുണ്ടാകുന്നുവെന്നു തന്നെയാണു താൻ കരുതുന്നത് എന്നായിരുന്നു കശ്മീരിൽനിന്നുള്ള എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വാക്കുകൾ. മുതിർന്ന മാധ്യമപ്രവർത്തകൻ ശേഖർ ഗുപ്ത ചർച്ചയിൽ മോഡറേറ്റായി. 

∙ അൽഫോൻസ് കണ്ണന്താനം: മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും വാർത്തയുണ്ടാക്കാവുന്ന കാലമാണിത്. എന്നെ സംബന്ധിച്ചിടത്തോളം, ജീവിക്കാനും വിദ്യാഭ്യാസം ചെയ്യാനും ജോലി ചെയ്യാനും വീടുവയ്ക്കാനും ബാങ്ക് അക്കൗണ്ട് തുറക്കാനുമൊക്കെ കഴിയുന്ന, അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന അവസ്ഥയാണു സ്വാതന്ത്ര്യം. ഇന്ത്യയിൽ ആ സ്വാതന്ത്ര്യമുണ്ട്. 

∙ ശേഖർ ഗുപ്ത: മന്ത്രി പറഞ്ഞതാണു സ്വാതന്ത്ര്യമെങ്കിൽ അതു ചൈനയിലും ഉത്തര കൊറിയയിലും പോലും ഉണ്ട്. 

∙ കണ്ണന്താനം: ചൈനയിലോ കൊറിയയിലോ ആയിരുന്നെങ്കിൽ രണ്ടു മിനിറ്റു പോലും ഇത്തരമൊരു വിഷയം, ഇതുപോലൊരു വേദിയിൽ സംസാരിക്കാൻ കഴിയില്ലായിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുമ്പോൾ ന്യൂനപക്ഷങ്ങളെക്കുറിച്ചു മാത്രമാണ് എല്ലാവരും സംസാരിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷ വിഭാഗത്തിന് എത്രത്തോളം സ്വാതന്ത്ര്യമുണ്ടെന്ന് എന്താണ് ആരും സംസാരിക്കാത്തത്? 

∙ ശശി തരൂർ: ഹിന്ദുക്കളുടെ കുത്തക ബിജെപിക്കല്ല. എല്ലാ പാർട്ടികളിലും ഹിന്ദുക്കളുണ്ട്. ആർഎസ്എസ് വിശ്വസിക്കുന്നത് ഹിന്ദു രാഷ്ട്രം എന്ന ആശയത്തിലാണ്. അല്ലെന്നു ബിജെപിക്കു പറയാൻ കഴിയുമോ?

∙ കണ്ണന്താനം: പാർലമെന്റിന് അകത്തും പുറത്തും പ്രധാനമന്ത്രി ഇതേക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. ഭരണഘടനയാണു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത്. അതാണു ബിജെപിയുടെയും നിലപാട്. 

∙ തരിഗാമി: കശ്മീർ അങ്ങേയറ്റം മോശമായ സ്ഥിതിയിലാണിപ്പോൾ. രാജ്യം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ജീവിക്കാൻ കഴിയുന്ന ഇടമാകണം; ഭൂരിപക്ഷമെന്നോ, ന്യൂനപക്ഷമെന്നോ ഭേദമില്ലാതെ.