നയം പഴകിയാൽ വീഞ്ഞാകുമോ ?

പൂട്ടിക്കിടന്ന ബാറുകൾ തുറന്നുകൊടുക്കാനായി മന്ത്രി കെ.എം.മാണി കോഴവാങ്ങി എന്നാരോപിച്ചാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരെ ഇടതുമുന്നണി മൂർച്ചയേറിയ രാഷ്ട്രീയയുദ്ധം നടത്തിയത്. അതിലൂടെ അധികാരത്തിലേറിയ ഇടതുസർക്കാർ, അതേ ബാറുകളിൽ വിൽക്കുന്ന മദ്യം നിർമിക്കാൻ കമ്പനികളെ യഥേഷ്ടം അനുവദിക്കുന്നതിന്റെ പ്രതിസന്ധിയാണു കേരളം ചർച്ച ചെയ്യുന്നത്. പിണറായി സർക്കാരിനെതിരെയുള്ള ആദ്യത്തെ ശക്തമായ അഴിമതി ആരോപണമാണിത്. 

കേരളത്തിൽ കഴിഞ്ഞ 19 വർഷമായി പുതിയ മദ്യനിർമാണശാലകൾ അനുവദിച്ചിട്ടില്ല. 1999ൽ ഇ.കെ.നായനാർ മന്ത്രിസഭയെടുത്ത തീരുമാനം, പിന്നീടുവന്ന സർക്കാരുകളെല്ലാം നയമായി സ്വീകരിക്കുകയായിരുന്നു. സംശയമുണ്ടെങ്കിൽ, കഴിഞ്ഞദിവസം വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ഉൾപ്പെട്ട ബെഞ്ചിന്റെ 2013 ലെ വിധി  വായിച്ചാൽ മതി. പുതിയ മദ്യനിർമാണശാലകൾ തുടങ്ങണോ വേണ്ടയോ എന്നത് സർക്കാരിന്റെ നയപരമായ നിലപാടാണെന്നും അതിൽ കൈകടത്താൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് കണ്ടത്ത് ഡിസ്റ്റിലറിയും കേരള സർക്കാരും തമ്മിലുണ്ടായ നിയമയുദ്ധത്തിനു വിരാമമിട്ട വിധിയിൽ പരമോന്നത കോടതി വ്യക്തമാക്കിയത്. 

ഈ വിധിക്ക് ആധാരമായ 1999ലെ മന്ത്രിസഭാ തീരുമാനമാണ് പിണറായി സർക്കാർ തിരുത്തിയത്. ഇടതുമുന്നണിയോ മന്ത്രിസഭയോ അതു പരിഗണിക്കാതെ, എക്സൈസ് വകുപ്പ് മുന്നോട്ടുപോയതിലെ ധാർമികതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു.

ചാരായനിരോധനത്തിന്റെ ബാക്കി

സംസ്ഥാനത്തു ചാരായം നിരോധിച്ചതോടെ, അതു നിർമിച്ചിരുന്നവരിൽ ഭൂരിപക്ഷവും വിദേശമദ്യ നിർമാണത്തിലേക്കു തിരിയുകയാണ് ഏക സാധ്യതയെന്നു കരുതി. 

പാലക്കാട്ടെ അമൃത്, എംപി, കണ്ണൂർ കെഎസ്, തൃശൂർ എലൈറ്റ് എന്നിവയ്ക്ക് ഡിസ്റ്റിലറി അനുവദിക്കുകകൂടി ചെയ്തതോടെ, അവരുടെ ശുഭാപ്തിവിശ്വാസം വർധിച്ചു. 

അപേക്ഷകർ പെരുകിയതോടെ, വിനോദ് റായ്, ജോൺ മത്തായി, അമിതാഭ് കാന്ത്, യോഗേഷ് ഗുപ്ത എന്നിവരുൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥസമിതിയെ പഠിക്കാൻ നിയോഗിച്ചു. അപേക്ഷാ ബാഹുല്യവും സാമൂഹിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ആർക്കും കൊടുക്കേണ്ടെന്നു സമിതി ശുപാർശ ചെയ്തു, മന്ത്രിസഭ അംഗീകരിച്ചു. തഴയപ്പെട്ടവർ കോടതിയിലെത്തി. 1987 മുതൽ അപേക്ഷ നൽകി കാത്തിരുന്ന കണ്ടത്ത് ഡിസ്റ്റിലറി അടക്കമുള്ളവർ അന്നാരംഭിച്ച നിയമയുദ്ധത്തിന് അന്ത്യംകുറിച്ചതാണ് 2013ലെ സുപ്രീംകോടതി വിധി. 

ബ്രൂവറിക്കു വേണ്ടത്

ഡിസ്റ്റിലറിക്ക് ആ പേരെയുള്ളൂ. യഥാർഥ ‘ഡിസ്റ്റിലേഷൻ’ കേരളത്തിൽ നടക്കുന്നില്ല. സ്പിരിറ്റ് വാങ്ങി അതിനു സ്വാദും നിറവും ചേർത്തു മദ്യമാക്കുന്ന ബോട്ടിലിങ് ആൻഡ് ബ്ലെൻഡിങ് യൂണിറ്റുകൾ തുടങ്ങാൻ 12–15 കോടി മതി.എന്നാൽ, ബ്രൂവറിക്ക് (ബീയർ ഉൽപാദനശാല) കുറഞ്ഞതു 150 കോടിയെങ്കിലും മുതൽമുടക്കു വേണം. അതുകൊണ്ടു തന്നെ, സംസ്ഥാനത്ത് ആകെയുള്ളത് ചാലക്കുടി മലബാർ, ക‍ഞ്ചിക്കോട് പ്രീമിയർ, ചേർത്തല കല്യാണി എന്നീ മൂന്നെണ്ണം മാത്രം. മൂന്നെണ്ണം കൂടി അനുവദിച്ച് അത് ഇരട്ടിയാക്കുകയാണു സർക്കാർ. 

ഈ മാറ്റങ്ങളെല്ലാം, നികുതി കൂട്ടാനും തൊഴിലവസരം സൃഷ്ടിക്കാനുമാണെന്നു പറഞ്ഞാൽ അതത്ര ലഘുവാണോയെന്നു ചിന്തിക്കേണ്ടത് സിപിഐ അടക്കമുള്ള എൽഡിഎഫ് ഘടകകക്ഷികൾ കൂടിയാണ്. നിർദിഷ്ട റിലയൻസ് ജിയോയെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചതിനെതിരെ പോരാടുന്നവർ, വില്ലേജോ സർവേ നമ്പരോ പോലും പറയാതെയുള്ള നിർദിഷ്ട ശ്രീചക്രാ ഡിസ്റ്റിലറിയെ കണ്ടില്ലെന്നു നടിക്കുന്നു.