കരുത്തനായി അജിത് ഡോവൽ: ഉന്നതങ്ങളിൽ വിശ്വസ്തരുടെ അധികാര വടംവലി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അജിത് ഡോവൽ.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിനു കേന്ദ്രസർക്കാരിൽ വർധിച്ചുവരുന്ന സ്വാധീനശക്തിയിൽ അതൃപ്തരാണ് ഐഎഎസ് ലോബിയും അവരെ പിന്തുണയ്ക്കുന്നവരും. ഡോവലിനു പ്രതിരോധമൊരുക്കുന്നതാകട്ടെ ഇന്ത്യൻ പൊലീസ് സർവീസ് ഓഫിസേഴ്സ് അസോസിയേഷനും. 

ദേശീയ, ആഭ്യന്തര സുരക്ഷാകാര്യങ്ങളിൽ കേന്ദ്രസർക്കാരിൽ ഏറ്റവും കരുത്തൻ ഡോവൽ തന്നെയാണ്. എന്നാൽ, സ്ട്രാറ്റജിക് പോളിസി, ഡിഫൻസ് പോളിസി എന്നിവയിൽ രണ്ടു നിർണായക സമിതികളുടെ അധ്യക്ഷസ്ഥാനം കൂടി ഡോവലിനു ലഭിച്ചതാണ് ഐഎഎസ് പ്രമുഖരുടെ ഇപ്പോഴത്തെ അതൃപ്തിക്കുകാരണം. ഇതുവരെ കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹയായിരുന്നു ദേശീയ സുരക്ഷാനയ സമിതി തലവൻ. പക്ഷേ, ഇപ്പോൾ സുരക്ഷാനയ സമിതിയുടെ ചെയർമാനായി ഡോവലിനെ നിയമിച്ചു. ഇതോടെ, സായുധസേനയുടെ മൂന്നു മേധാവിമാരും മന്ത്രാലയ സെക്രട്ടറിമാരും അടങ്ങുന്ന സമിതിയിലെ ഒരു അംഗം മാത്രമായി സിൻഹ മാറി.

എന്നാൽ ഐപിഎസ് അസോസിയേഷന്റെ വാദം അജിത് ഡോവൽ കേവലം ഒരു പൊലീസ് ഓഫിസറല്ല, കേന്ദ്രസഹമന്ത്രി പദവിയിലുള്ള  പ്രധാനമന്ത്രിയുടെ ഉപദേശകനാണെന്നാണ്. അദ്ദേഹത്തിന്റെ സ്ഥാനം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഒഴികെ മറ്റെല്ലാ ഉദ്യോഗസ്ഥൻമാർക്കും മുകളിലാണ്.  മിശ്രയ്ക്കും ഡോവലിനെപ്പോലെ സഹമന്ത്രി പദവിയുണ്ട്. 2014 ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്രയെയും ഡോവലിനൊപ്പം  പ്രധാനമന്ത്രിയുടെ ഓഫിസിലെയും സർക്കാരിലെയും രണ്ടു പ്രധാനപ്പെട്ട ജോലികൾക്കായി നിയോഗിച്ചത്.

ഡോവലിന്റെ മുൻഗാമി ബ്രജേഷ് മിശ്ര

ഈ രണ്ടു ചുമതലകളും ഒരാൾ നേരിട്ടു വഹിച്ചിരുന്നതു മുൻപ് ഒരിക്കൽ മാത്രമാണ്. റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന ബ്രജേഷ് മിശ്ര 1999–2004 കാലത്ത് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായപ്പോൾ. അക്കാലത്ത് മിശ്രതന്നെയായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവും. ഇതൊഴികെ മറ്റെല്ലായ്പോഴും ദേശീയ സുരക്ഷാകാര്യ ജോലികൾ പ്രിൻസിപ്പൽ സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചേർന്നാണു നിർവഹിച്ചിരുന്നത്. 

കാബിനറ്റ് സുരക്ഷാസമിതിയിൽ, എൽ.കെ. അഡ്വാനി (ആഭ്യന്തരം), ജോർജ് ഫെർണാണ്ടസ് (പ്രതിരോധം), ജസ്‌വന്ത് സിങ് (വിദേശകാര്യം; പിന്നീടു ധനകാര്യം), യശ്വന്ത് സിൻഹ (ധനകാര്യം; പിന്നീട് വിദേശകാര്യം) എന്നിങ്ങനെ മുതിർന്ന മന്ത്രിമാർക്കൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ചിരുന്ന ബ്രജേഷ് മിശ്രയ്ക്കു കാബിനറ്റ് പദവിയായിരുന്നു. ബിജെപിയുടെ വിദേശ നയ സെൽ കൺവീനർകൂടിയായിരുന്ന അദ്ദേഹം വാജ്‌പേയിയുടെ ഏറ്റവും വിശ്വസ്തനുമായിരുന്നു. ഉദ്യോഗസ്ഥവൃന്ദത്തിനുമേൽ അദ്ദേഹത്തിനു സമ്പൂർണ നിയന്ത്രണവുമുണ്ടായിരുന്നു. 

പി.കെ. സിൻഹ, ബ്രജേഷ് മിശ്ര

ഇന്ത്യയെ ആണവശക്തിയാക്കിമാറ്റിയ 1998 മേയിലെ ആണവപരീക്ഷണങ്ങളുടെ കൃത്യസമയം സംബന്ധിച്ച്, രാജസ്ഥാൻ മരുഭൂമിയിൽ അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ശാസ്ത്രജ്ഞർ കഴിഞ്ഞാൽ, വാജ്‌പേയിക്കും തനിക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂവെന്നു മിശ്ര പിന്നീട് അവകാശപ്പെട്ടിരുന്നു. യുഎസ് അടക്കം ഭൂരിപക്ഷം രാജ്യങ്ങൾക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) എന്ന തസ്തികയുണ്ടെന്നും ഇന്ത്യയിലും അത്തരമൊന്നു വേണമെന്നും വാജ്പേയിയെ ഉപദേശിച്ചതു മിശ്രയായിരുന്നു. വിദേശകാര്യം, പ്രതിരോധം, ബഹിരാകാശം, ആണവശക്തി വിഭാഗങ്ങളുടെയെല്ലാം സെക്രട്ടറിമാർ, കാബിനറ്റ് പദവിയുള്ള മിശ്രയ്ക്കുമുൻപാകെയാണു റിപ്പോർട്ട് ചെയ്തിരുന്നത്.

പദവികൾ വിഭജിച്ച് മൻമോഹൻ

എന്നാൽ വാജ്‌പേയിക്കു പിന്നാലെ അധികാരമേറിയ മൻമോഹൻസിങ് ഈ അധികാരങ്ങളെ മൂന്നായി വിഭജിച്ചു– റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ടി.കെ.എ. നായർ പ്രിൻസിപ്പൽ സെക്രട്ടറി, റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജെ.എൻ. ദീക്ഷിത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, റിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ എം.കെ. നാരായണൻ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് എന്നിങ്ങനെയായിരുന്നു വിഭജനം. ഈ മൂന്നുപേരും കേരള കേഡറിൽ നിന്നുള്ളവരായിരുന്നു. എല്ലാവർക്കും സഹമന്ത്രി പദവിയും നൽകി; ബ്രജേഷ് മിശ്രയിൽനിന്ന് ഒരുപടി താഴെ. മാസങ്ങൾക്കകം ദീക്ഷിത് മരിച്ചതോടെ മൻമോഹൻ സിങ് ദേശീയ സുരക്ഷയും ആഭ്യന്തര സുരക്ഷയും സംയോജിപ്പിച്ചു നാരായണനെ ഏൽപ്പിച്ചു. മൻമോഹൻ സിങ്ങിന്റെ രണ്ടാം വരവിൽ  വിദേശകാര്യസർവീസിൽനിന്നു വിരമിച്ച ശിവശങ്കർ മേനോനാണു ദേശീയ സുരക്ഷാ ഉപദേഷ്ടാവായത്. 

ഇന്റലിജൻസിലെ ജയിംസ് ബോണ്ട് 

2014ൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നൃപേന്ദ്ര മിശ്രയെയും സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെയും നിയമിച്ചതോടെ നരേന്ദ്രമോദിയും ഇതേരീതിയാണു പിന്തുടർന്നത്. മൻമോഹൻസിങ്ങിന്റെ കാലത്തും ജോലിവിഭജനം ഇങ്ങനെതന്നെയായിരുന്നു– ബ്രജേഷ് മിശ്ര ധനകാര്യ, സാമൂഹികകാര്യ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഡോവൽ ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ആണവശക്തി മന്ത്രാലയങ്ങളും. പുറമെ ഊർജസുരക്ഷ, സംസ്ഥാനങ്ങളുടെ സുരക്ഷ എന്നിവയും.  

കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണു ഡോവൽ. കാബിനറ്റ് സുരക്ഷാ സമിതിയിൽ രാജ്‌നാഥ് സിങ് (ആഭ്യന്തരം), അരുൺ ജയ്റ്റ്‌ലി (ധനകാര്യം), സുഷമ സ്വരാജ് (വിദേശകാര്യം) തുടങ്ങിയ ശക്തരായ മന്ത്രിമാരും അംഗങ്ങളാണെന്നതിനാൽ തന്റെ ദൗത്യം ശ്രദ്ധാപൂർവം നിർവഹിക്കാതെ കഴിയില്ല. 

ഇന്റലിജൻസ് ബ്യൂറോയിലായിരുന്നകാലത്ത് സാഹസിക ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിൽ ഉൽസാഹം കാട്ടിയിരുന്ന ഡോവൽ, ജയിംസ് ബോണ്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. പാക്കിസ്ഥാനെയും ചൈനയെയും കൈകാര്യം ചെയ്യുന്നതിലും യുഎസ്, റഷ്യ ബന്ധങ്ങളിൽ ഇന്ത്യയുടെ സന്തുലിതാവസ്ഥ സൂക്ഷിക്കുന്നതിലും ഡോവലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്പൂർണ വിശ്വാസമാണുള്ളത്. ദേശീയ സുരക്ഷാനയ സമിതിയുടെ അധ്യക്ഷനായിക്കൂടി  നിയമിച്ചതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സ്ഥാനം എത്ര അനുപേക്ഷണീയമാണെന്നു വ്യക്തമാകുന്നു.