Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദം വറ്റാതെ കാവേരി; കർണാടകയുടെ മെക്കേദാട്ടു അണക്കെട്ട് പുതിയ തർക്ക വിഷയം

Author Details
H-D-Kumaraswamy-DK-Shivakumar കുമാരസ്വാമി, ഡി.കെ.ശിവകുമാർ

കാവേരി സെല്ലുകളുടെ സാങ്കേതിക, നിയമ വിഭാഗങ്ങളുടെ ശേഷി കുറയ്ക്കുന്നതിലൂടെ ഒരുപാടു പണം ലാഭിക്കാനാകുമെന്ന് തമിഴ്നാട്, കർണാടക, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ ധനകാര്യ വകുപ്പുകൾ കണക്കുകൂട്ടിയിട്ടുണ്ടെങ്കിൽ, അവരുടെ പ്രതീക്ഷകൾ സഫലമാകാനിടയില്ല. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകൾ മുതൽ ഈ വർഷമാദ്യം വരെ കാവേരിജലത്തിനായി ഈ സംസ്ഥാനങ്ങൾ, വിശേഷിച്ചും കർണാടകയും തമിഴ്‌നാടും വളരെ ചെലവേറിയ ‘യുദ്ധമാണു’ നടത്തിവന്നത്.

കേസ് ട്രൈബ്യൂണലിൽനിന്നു സുപ്രീം കോടതിയിലേക്കു നീണ്ടപ്പോൾ, കേസ് നടത്തിപ്പിനായി ഇരു സംസ്ഥാനങ്ങളും വൻ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെ നിയോഗിച്ചു. ഒപ്പം, അഭിഭാഷകരെ സഹായിക്കാനായി എൻജിനീയർമാരുടെ സംഘവും ഡൽഹിയിൽ തമ്പടിച്ചു. കാവേരിജലത്തിൽ ചെറിയ വിഹിതമേ പങ്കിടുന്നുള്ളൂവെങ്കിലും, കേരളവും പുതുച്ചേരിയും കേന്ദ്ര സർക്കാരിനൊപ്പം ഒട്ടേറെ സത്യവാങ്മൂലങ്ങളും അപേക്ഷകളും നൽകേണ്ടിവന്നിട്ടുണ്ട്. 

ട്രൈബ്യൂണൽ തീരുമാനം സുപ്രീംകോടതിയും ശരിവച്ചതോടെ കാവേരി പ്രശ്നത്തിലെ നിയമയുദ്ധത്തിനു ശാശ്വതപരിഹാരമായെന്നാണ് എല്ലാവരും കരുതിയതെങ്കിലും, കാവേരിതടത്തിൽ കർണാടക നിർമിക്കാനുദ്ദേശിക്കുന്ന പുതിയ അണക്കെട്ട് വീണ്ടും തർക്കം ഉയർത്തിയിരിക്കുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ താൽപര്യങ്ങളുംകൂടി ഇക്കാര്യത്തിൽ ആരോപിക്കപ്പെട്ടതോടെ വിഷയം ചൂടുപിടിച്ചിട്ടുണ്ട്.

തമിഴ്നാട് അതിർത്തിയിലെ മെക്കേദാട്ടു അണക്കെട്ടു നിർമാണ പദ്ധതിക്കായി റിപ്പോർട്ട് തയാറാക്കാൻ കേന്ദ്ര ജലകമ്മിഷൻ കർണാടകയെ അനുവദിച്ചതാണു പുതിയ തർക്കത്തിനു കാരണം. മെക്കേദാട്ടു എന്നാൽ കാവേരി തമിഴ്നാട്ടിലേക്ക് ഒഴുകുന്ന മലയിടുക്കിന്റെ പേരാണ്. മൈസൂരുവിലെ കൃഷ്ണരാജസാഗർ അണക്കെട്ടു കഴിഞ്ഞാൽ, കാവേരിതടത്തിൽ തമിഴ്നാടിനോടു ചേർന്ന മേഖലയിൽ കർണാടകയ്ക്ക് അണക്കെട്ടില്ല. കാവേരി ശാന്തമായൊഴുകുന്ന മെക്കേദാട്ട മേഖലയിലെ വെള്ളത്തിലാണ് വലിയ മഹസീർ മീനുകളുള്ളത്. ഇവിടം മീൻപിടിത്തക്കാരുടെയും സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രം കൂടിയാണ്. 

കെട്ടിനിർത്തുന്ന ജലം വൈദ്യുതോൽപാദനത്തിനുശേഷം, തമിഴ്നാട്ടിലേക്കു പോകുന്ന കാവേരിതടത്തിലേക്കു തിരിച്ചൊഴുക്കുമെന്നാണു കർണാടകയുടെ നിലപാട്. ഇതേ വെള്ളം, കർണാടകയ്ക്ക് അനുവദിച്ചിട്ടുള്ള ക്വോട്ട പ്രകാരമെടുത്ത് ബെംഗളൂരുവിലെയും മറ്റു നഗരമേഖലകളിലെയും ശുദ്ധജലാവശ്യത്തിനും ഉപയോഗിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. 

തമിഴ്‌നാട് പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. പുതിയ ഡാം നിർമിക്കുന്നതിനെതിരെ നിയമസഭ പ്രമേയവും പാസാക്കി. നിലവിൽ കാവേരിയിൽ നാല് അണക്കെട്ടുകളാണുള്ളത്. ഓരോ അണക്കെട്ടും തങ്ങൾക്ക് അർഹമായ വെള്ളം തട്ടിയെടുക്കുകയാണെന്നാണു തമിഴ്നാടിന്റെ വാദം. മഴലഭ്യത കുറവുള്ള വർഷങ്ങളിൽ ആവശ്യത്തിനു വെള്ളം വിട്ടുകിട്ടുകയുമില്ല. നാല് അണക്കെട്ടുകളിൽ ഏറ്റവും വലുത് കാവേരിയുടെ പോഷകനദിയും കേരളത്തിൽനിന്ന് ഉദ്ഭവിക്കുന്നതുമായ കബനിയിലാണ്. ഈ അണക്കെട്ടിൽനിന്ന് മൈസൂരുവിലും ചാമരാജനഗറിലും എത്തിക്കുന്ന വെള്ളം മണ്ഡ്യ, രാമനഗര ജില്ലകളിലൂടെ ഒഴുകുന്നതും, തമിഴ്നാടിനുള്ള വിഹിതത്തിൽ കുറവു വരുത്തുന്നുവെന്നാണ് അവരുടെ വാദം. 

കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെയും ജലവിഭവ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിന്റെയും പ്രിയപ്പെട്ട പദ്ധതി കൂടിയാണ് മെക്കേദാട്ടു. ഗ്രേറ്റർ ബെംഗളൂരുവിന്റെ ദാഹം ശമിപ്പിക്കാൻ ഉതകുമെന്നതിനു പുറമേ, ജനതാദൾ (എസ്) – കോൺഗ്രസ് സഖ്യത്തിന്റെ ഭരണത്തിൽ അതൊരു തൂവലാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. 

ദക്ഷിണ കർണാടകയിൽ കാവേരിതടത്തിലെ മണ്ഡ്യ, രാമനഗര, മൈസൂരു, ഹാസൻ. ചാമരാജനഗർ എന്നീ ജില്ലകളിൽ ബിജെപി ദുർബലമാണ്. അതിനാൽ, വോട്ടർമാരുടെ വികാരം ആളിക്കത്തിക്കാനുള്ള ബിജെപി ശ്രമമാണു പദ്ധതിക്കു പിന്നിലെന്ന് തമിഴ്നാട് ആരോപിക്കുന്നു. പക്ഷേ, മെക്കേദാട്ടുവിന്റെ ക്രെഡിറ്റ് കൂടുതൽ കൊണ്ടുപോകുക ദളും കോൺഗ്രസുമായിരിക്കും.

പദ്ധതിയുടെ കാര്യത്തിൽ നിതിൻ ഗഡ്‌കരിയുടെ കേന്ദ്ര ജലവിഭവ വകുപ്പിനു വ്യത്യസ്തമായ വാദമാണുള്ളത്. നാലു സംസ്ഥാനങ്ങളും കാവേരിയിൽ അണക്കെട്ടു നിർമിക്കുന്നതിനെ ട്രൈബ്യൂണലോ സുപ്രീം കോടതിയോ നിരോധിച്ചിട്ടില്ല. അനുവദിച്ച വിഹിതത്തിൽ കൂടുതൽ എടുക്കരുതെന്നു മാത്രം. വൈദ്യുതിക്കും ഹൊസൂർ, ധർമപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലെ ശുദ്ധജലാവശ്യത്തിനുമായി വേണമെങ്കിൽ തമിഴ്നാടിനും  അണക്കെട്ടു നിർമിക്കാമെന്നും കേന്ദ്രം പറയുന്നു. ജലവിഭവ വിനിയോഗത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കുന്നു.

തമിഴ്നാട്ടിലും കർണാടകയിലും മൂക്കുന്ന തർക്കത്തിൽ പുതുച്ചേരിക്കോ കേരളത്തിനോ താൽപര്യങ്ങളില്ല. കേരളത്തിനു വയനാട്ടിൽ അണക്കെട്ടു നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും അത് പരിസ്ഥിതി പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കർണാടകയുടെ പുതിയ പദ്ധതിയും, പരിസ്ഥിതിയുമായ ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയേണ്ടിവരും.