യുപിയിലെ ‘കാലിക’ പ്രശ്നം

deseeyam-16-01-19
SHARE

സർക്കാർ ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന ഒരു സവിശേഷപ്രശ്നത്തിന്റെ നടുവിലാണ് ഉത്തർപ്രദേശ് ഭരണകൂടം. സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന പശുക്കളെ കണ്ടെത്തി ഗോശാലകളിലാക്കുന്ന ദൗത്യത്തിലെ അപകടസാധ്യത കണക്കിലെടുത്ത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പശുക്കളെ പിടിക്കുന്ന ജോലിക്കു പ്രത്യേക പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ തെരുവുകളിൽ അലയുന്ന പശുക്കളെ മുഴുവനും പിടികൂടി താൽക്കാലിക ഗോശാലകളിൽ പാർപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ത്യശാസനം നൽകിയിട്ടുണ്ട്.

ഇതിനായി മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ജീവനക്കാരും ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളും ഊർജിതമായി രംഗത്തുണ്ട്. ജില്ലാ കലക്ടർമാർക്കാണു മേൽനോട്ടം. നൂറിലേറെ ജീവനക്കാർക്ക് ജോലിക്കിടെ പശുക്കളുടെ കുത്തും ചവിട്ടുംമൂലം പരുക്കേറ്റു. അരലക്ഷത്തിലേറെ തെരുവുപശുക്കളെയാണ് ഇതുവരെ ഗോശാലകളിൽ എത്തിച്ചിട്ടുള്ളത്. യുപിയിൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി അലയുന്ന 5 ലക്ഷത്തിലേറെ പശുക്കളുണ്ടെന്നാണു കണക്ക്.

വയസ്സാകുന്ന പശുക്കൾക്ക് പാലും ആരോഗ്യവും കുറയും. പോറ്റാൻ നിവൃത്തിയില്ലാത്ത കർഷകരാണ് അവയെ തെരുവിൽ ഉപേക്ഷിക്കുന്നത്. നല്ല പാലുള്ളതും ആരോഗ്യമുള്ളതുമായ പശുക്കളെ മാത്രം പരിപാലിക്കും. പശുക്കളെ വിൽക്കാനുള്ള വിപണി സംസ്ഥാനത്തു തകർന്നതോടെയാണ് വയസ്സായതും രോഗം ബാധിച്ചതുമായ പശുക്കളെ കർഷകർ തെരുവിലേക്കു വിടാൻ തുടങ്ങിയത്. അലഞ്ഞുതിരിയുന്ന പശുക്കൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതും ഇതിനിടെ പ്രശ്നമായി. പശുസംരക്ഷണ വാഗ്ദാനം സർക്കാർ പാലിക്കണമെന്നാവശ്യപ്പെട്ടു കർഷകർ രംഗത്തെത്തി. ഒരു പശുവിനെപ്പോലും കശാപ്പുശാലയിലേക്ക് അയയ്ക്കില്ലെന്നും എല്ലാ പശുക്കളെയും സർക്കാർ പരിപാലിക്കുമെന്നുമാണ് ആദിത്യനാഥ് സർക്കാരിന്റെ വാഗ്ദാനം.

ഇത് ഭീമമായ പ്രതിസന്ധിയായി മാറിയത്, കർഷകർ പശുക്കളെ കൂട്ടത്തോടെ തെളിച്ചുകൊണ്ടുവന്ന് സ്കൂളുകളുടെയും ആശുപത്രികളുടെയും വിശാലമായ മുറ്റങ്ങളിൽ കെട്ടിയിടാൻ തുടങ്ങിയതോടെയാണ്. രണ്ടു ജില്ലാ ആസ്ഥാനങ്ങളിൽ, വയസ്സായ പശുക്കളെ കർഷകർ കലക്ടറുടെ ഓഫിസിലും കെട്ടിയിട്ടു. സംസ്ഥാനത്ത് അയ്യായിരത്തോളം ഗോശാലകൾ അതിവേഗം നിർമിക്കാനാകുമെന്നും ഇതിനാവശ്യമായ പണം സർക്കാരിനുണ്ടെന്നുമാണ് യോഗി ആദിത്യനാഥ് പറ‍ഞ്ഞത്. ഇതിനാൽ, ഒരു പശുപോലും തെരുവിലലയേണ്ട ആവശ്യമില്ല. എന്നാൽ, ലക്‌നൗവിൽ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ഗോശാലകളുടെ നിർമാണച്ചെലവോർത്ത് അമ്പരന്നു നിൽക്കുകയാണ്.

മാർച്ച് ആദ്യംവരെ, കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും തെരുവുപശുക്കളെ കണ്ടെത്തി ഗോശാലകളിലേക്കു മാറ്റാനുള്ള നടപടികൾ ദ്രുതഗതിയിലാണ്. വാരാണസിയിലാണു പ്രവാസി ഭാരതീയദിവസ് നടക്കാൻ പോകുന്നത്.  രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരും പശുപ്രശ്നം നേരിടുന്നു. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് ഗോശാലകളുടെ നിർമാണം മന്ദഗതിയിലായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്വകാര്യമേഖലയിൽ ഗോശാലകൾ നിർമിക്കാനും നടത്താനുമുള്ള സംരംഭങ്ങൾക്കു സമ്മാനങ്ങൾ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

അയൽസംസ്ഥാനത്തു രാഷ്ട്രീയനേട്ടം കൊയ്യാൻ നോട്ടമിട്ടിരിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഹരിയാനയിൽ ആവശ്യത്തിനു ഗോശാലകൾ നിർമിക്കാത്തതിന്റെ പേരിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഈയിടെ വിമർശിച്ചു. എന്നാൽ, ഡൽഹി നഗരരാഷ്ട്രീയക്കാർക്കെതിരെ ഹരിയാനയിലെ കർഷകർ തിരിച്ചടിക്കുമെന്നും കേജ്‌രിവാളിനെതിരെ ബിജെപി പശുറാലി സംഘടിപ്പിക്കുമെന്നും മനോഹർലാൽ ഖട്ടർ പറഞ്ഞു.

പശുക്കളെ വിൽക്കാൻ സാധിക്കാതെ വരുന്നതോടെ, പശുക്കിടാങ്ങളെ വാങ്ങാൻ കർഷകരുടെ കയ്യിൽ പണമില്ലാത്ത അവസ്ഥ വരുമെന്നു സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഇതു കൃഷിമേഖലയിൽ വ്യാപക പ്രത്യാഘാതമുണ്ടാക്കും. പശുക്കളെ ഉപേക്ഷിക്കേണ്ടി വരുന്നവർക്കു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കർഷകസംഘടനകൾ ഉന്നയിച്ചുകഴിഞ്ഞു. പശുസംരക്ഷണം സംസ്ഥാനത്തിന്റെ ജോലിയാണെന്നു പറഞ്ഞ് കേന്ദ്ര കൃഷി, പരിസ്ഥിതി മന്ത്രാലയങ്ങൾ കൈകഴുകുകയാണ്. അതിനാൽ, പരിഹാരമാർഗങ്ങൾ അതതു സംസ്ഥാന സർക്കാരുകൾ തനിയെ കണ്ടെത്തേണ്ടിവരും. പക്ഷേ, പശു തിരഞ്ഞെടുപ്പുപ്രശ്നമാണ്; അതിന്റെ പരിപാലനം കർഷകരുടെ പോക്കറ്റിനെയാണു ​​ഞെരുക്കുന്നതെങ്കിലും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA