ഛത്തീസ്ഗഡിൽ വീണ്ടും വാഴാൻ ബിജെപി, വീഴ്ത്താൻ കോൺഗ്രസ്; ജോഗി ആരുടെ വഴിമുടക്കും?

അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡിന്റെ (ജെസിസി) തിരഞ്ഞെടുപ്പു റാലി.

ഛത്തീസ്ഗഡിൽ ബിജെപിക്കു നാലാം വിജയം തേടുന്ന മുഖ്യമന്ത്രി രമൺ സിങ്ങിനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി എ.ബി. വാജ്പേയിയുടെ സഹോദരപുത്രി കരുണ ശുക്ല. ആദ്യഘട്ട തിരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ഛത്തീസ്‍ഗഡിൽ തിരഞ്ഞെടുപ്പു രംഗം ചൂടുപിടിക്കുകയാണ്. 

രമണ്‍ സിങ് ഇപ്പോഴും ജനകീയൻ. നക്സലുകൾക്കെതിരായ ശക്തമായ നടപടികളും വിവിധ കേന്ദ്രപദ്ധതികളും ബിജെപി ഉയർത്തിക്കാട്ടുന്നു. അതേസമയം, ഇഞ്ചോടിഞ്ചു മൽസരം ശീലമായ സംസ്ഥാനമാണു ഛത്തീസ്ഗഡ്. കഴിഞ്ഞ തവണ ബിജെപി, കോൺഗ്രസ് വോട്ട് വിഹിതത്തിലുണ്ടായിരുന്ന അന്തരം 0.7 % മാത്രം. ബിജെപി നേടിയത് 49 സീറ്റ്, കോൺഗ്രസ് 39. ബിഎസ്പി നേടിയത് ഒരു സീറ്റും 4.3 % വോട്ടും. കോൺഗ്രസും ബിഎസ്പിയും ഒന്നിച്ചിരുന്നെങ്കിൽ ചിത്രം മറ്റൊന്നായേനെ എന്നു ചുരുക്കം. 

സീറ്റ് തർക്കത്തിൽ മായാവതി ഇടഞ്ഞെന്നതു മാത്രമല്ല, അവർ അജിത് ‍ജോഗിയുടെ ജനത കോൺഗ്രസ് ഛത്തീസ്ഗഡുമായി (ജെസിസി) സഖ്യത്തിലെത്തുകകൂടി ചെയ്തതാണു കോൺഗ്രസിന് ഇരട്ടപ്രഹരമായത്. 

നിസ്സാരമല്ല ജോഗി ഇഫക്ട് 

ഉൾപ്പാർട്ടി പ്രശ്നങ്ങളുണ്ടെങ്കിലും പ്രഥമ മുഖ്യമന്ത്രി അജിത് ജോഗിയുണ്ടാക്കിയ പിളർപ്പാണ് കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി. 2 വർഷം മുൻപു മകൻ അമിത് ജോഗി പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് അജിത് ജോഗി കോൺഗ്രസ് വിട്ടത്. 

അമിതിനെതിരായ നടപടിക്കു കാരണമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാനായി കോൺഗ്രസ് സ്‌ഥാനാർഥിയെ അവസാനനിമിഷം പിൻവലിക്കാൻ അച്ഛനും മകനും നടത്തിയ കൂടിയാലോചനകളുടെ ഓഡിയോ ടേപ്പ് പുറത്തുവന്നു. മകൻ പുറത്താക്കപ്പെട്ടതിനു പിന്നാലെ അജിത് ജോ‍ഗിയും കോൺഗ്രസ് വിട്ടു. 

കോൺഗ്രസിന്റെയും ബിജെപിയുടെയും പേരുകളിൽനിന്ന് ഓരോ വാക്കു വീതമെടുത്തു ജനത കോൺഗ്രസ് ഛത്തീസ്ഗഡ് രൂപീകരിച്ചു. 

ആന്ധ്രയിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹനും അസമിൽ ഹിമന്ത ബിശ്വശർമയും കോൺഗ്രസ് പിളർത്തിയതിനു സമാനമായാണ് ജോഗി ഇഫക്ടിനെ രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോഗിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റേതു മെച്ചപ്പെട്ട പ്രകടനമായിരുന്നു. 

രമൺ സിങ്

ഇക്കുറി കോൺഗ്രസുമായി സഖ്യം സാധ്യമാകാതിരുന്ന സിപിഐയും ജെസിസി– ബിഎസ്പി സഖ്യത്തിലുണ്ട്. ആദിവാസിമേഖലകളിൽ സ്വാധീനമുള്ള ഗോണ്ട്വാന ഗണതന്ത്ര പാർട്ടിയും സമാജ്‌വാദി പാർട്ടിയും സഖ്യമുണ്ടാക്കി മൽസരിക്കുന്നതും കോൺഗ്രസിനാണു ക്ഷീണം. ചർച്ചകൾക്ക് കോൺഗ്രസ് താൽപര്യം കാണിക്കാത്തതിനാലാണ് ഇവരും സ്വന്തം നിലയ്ക്കു മൽസരിക്കുന്നത്. 

മുഖം മിനുക്കി ബിജെപി

ബിജെപി 77 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഒരു മന്ത്രി ഉൾപ്പെടെ 14 സിറ്റിങ് എംഎഎൽഎമാർ പുറത്തായി. ഭരണവിരുദ്ധവികാരം ഒഴിവാക്കാനാണിത്. രാജിവച്ചെത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ഒ.പി. ചൗധരിയും മൂന്നു ഡോക്ടർമാരും സ്ഥാനാർഥിനിരയിലുണ്ട്. 25 പേർ 40 വയസ്സിൽ താഴെയുള്ളവർ. 

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് രാംദയാൽ ഉയ്കെയെ സ്വന്തം പാളയത്തിലെത്തിച്ചതും ബിജെപി തന്ത്രജ്ഞതയുടെ വിജയം. പ്രമുഖ ആദിവാസി നേതാവുകൂടിയാണു രാംദയാൽ. 2000ൽ ബിജെപിവിട്ടു കോൺഗ്രസിൽ ചേക്കേറിയ രാംദയാലിന്റെ ‘തിരിച്ചുവരവ്’ അമിത് ഷാ തന്നെ ഉദ്ഘാടനം ചെയ്തു. 

അതേസമയം, അഭിപ്രായ സർവേകൾ ബിജെപിക്കു വെല്ലുവിളിയാണ്. എബിപി - സി വോട്ടർ അഭിപ്രായ സർവേ കോൺഗ്രസിന് 47 സീറ്റാണു പ്രവചിക്കുന്നത്. ടൈംസ് നൗ, ന്യൂസ് നേഷൻ  അഭിപ്രായ സർവേകൾ ബിജെപിക്കു മുൻതൂക്കം നൽകുന്നു. 

കോൺഗ്രസ് മുഖം ആര് ?

ഭൂരിപക്ഷം ലഭിച്ചാൽ ആരു മുഖ്യമന്ത്രിയാകുമെന്നു പറയാൻ കഴിയാത്തതു കോൺഗ്രസിനു ക്ഷീണമാണ്. അജിത് ജോഗി പോയതോടെ, തലയെടുപ്പുള്ളവർ ഇല്ലാതായി. പ്രവർത്തകരുടെ ഹിതം മനസ്സിലാക്കാൻ പാർട്ടി ഏജൻസിയെ നിയോഗിച്ചിരുന്നു. 24 % പേർ ടി.എസ്.സിങ് ദേവിനൊപ്പവും 20 % പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗലിനൊപ്പവുമായിരുന്നു. മുഖ്യമന്ത്രിയായി ഒരാളെ ഉയർത്തിക്കാട്ടിയാൽ അണികൾക്കിടയിൽ അതൃപ്തി പടരുമെന്നതിനാൽ പാർട്ടിനേതൃത്വം ഇതുവരെ അതിനു തയാറായിട്ടില്ല. 

രമൺ സിങ്ങിനെതിരെ പാർട്ടി മൽസരിപ്പിക്കുന്ന കരുണ ശുക്ല മുൻപു ബിജെപിയിലായിരിക്കെ, 2003ൽ മുഖ്യമന്ത്രി സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെട്ട നേതാവാണ്. വാജ്‌പേയിയുടെ സഹോദരൻ അവധ് ബിഹാരി വാജ്‌പേയിയുടെ മകൾ. ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. 2013ൽ സീറ്റ് പോലും കിട്ടാതിരുന്നതോടെ പാർട്ടിയുമായി അകന്നു. 2014ൽ കോൺഗ്രസിൽ ചേർന്നു. 

മാറുന്ന ജാതി സമവാക്യം

മാവോയിസ്റ്റ് ആക്രമണങ്ങളാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന്. ദാരിദ്യ്രം, കർഷകപ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കായി ഒന്നും ചെയ്യാൻ രമണ്‍ സിങ് സർക്കാരിനു കഴിഞ്ഞില്ലെന്നും ആരോപിക്കുന്നു. ബിജെപി അധികാരത്തിലെത്തുമ്പോൾ  37 % പേരായിരുന്നു ദാരിദ്ര്യരേഖയ്ക്കു താഴെ. 15 വർഷത്തിനു ശേഷം ഇപ്പോഴിത് 41%.

ആദിവാസി വോട്ടുകളും ജാതിസമവാക്യങ്ങളും നിർണായകമാണ്. 90 മണ്ഡലങ്ങളിൽ 29 എണ്ണം പട്ടികവർഗ സംവരണവും 10 എണ്ണം പട്ടികജാതി സംവരണവുമാണ്. മുന്നാക്ക സമുദായങ്ങളും ഒബിസിയും പൊതുവേ ബിജെപിക്കൊപ്പമാണ്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, 29 പട്ടികവർഗ സീറ്റുകളിൽ 18 എണ്ണവും കോൺഗ്രസാണു നേടിയത്. എന്നാൽ, ആദിവാസിവോട്ടുകൾ ആകർഷിക്കാൻ ബിജെപിക്കും കഴിയുന്നുണ്ടെന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായി.

അജിത് ജോഗി, രേണു, അമിത്, റിച്ച

എന്നാൽ, ഇത്തവണ ജോഗിയുടെ പാർട്ടി ജാതി സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കും. ബിജെപിക്കു സ്വാധീനമുള്ള സത്നാമി ദലിത് വിഭാഗത്തിനിടയിൽ ജോഗിക്കു നല്ല സ്വാധീനമുണ്ട്. പട്ടികജാതി പീഡനനിരോധന നിയമത്തിലുണ്ടായ മാറ്റം പിന്നാക്ക വിഭാഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു മുതലെടുക്കാൻ ബിജെപി ഇതര പാർട്ടികൾ ശ്രമിക്കുന്നുണ്ട്. ജനസംഖ്യയുടെ 9 ശതമാനം മാത്രമേയുള്ളൂവെങ്കിലും, ബിജെപി സർക്കാരിൽ പകുതിയോളം മുന്നാക്കവിഭാഗത്തിൽ നിന്നുള്ളവരാണുതാനും. 

സിഡികളിൽ കുടുങ്ങി പാർട്ടികൾ

സംസ്ഥാനത്തെ സിഡി രാഷ്ട്രീയം ഒരേ സമയം ബിജെപിയെയും കോൺഗ്രസിനെയും വേട്ടയാടുന്നു. സമ്പത്തും സ്വാധീനവും പരിഗണിച്ചാണ് കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നു വെളിവാക്കുന്ന ഓഡിയോ കഴിഞ്ഞദിവസം പുറത്തുവന്നു. രാഹുൽ ഗാന്ധിയുടെ ഓഫിസ് തന്റെ ശുപാർശ അവഗണിക്കില്ലെന്ന കോൺഗ്രസ് നേതാവിന്റെ വീരവാദവും ഇതിൽ കേൾക്കാം. ഇതു ബിജെപിയുടെ സൃഷ്ടിയാണെന്നു കോൺഗ്രസ് തിരിച്ചടിക്കുന്നു. 

പൊതുമരാമത്തു മന്ത്രി രാജേഷ് മുനാട്ടിന്റെ ‘സെക്സ് ടേപ്’ ബിജെപിയിൽ വൻകോളിളക്കം സൃഷ്ടിച്ചിരുന്നു. മന്ത്രിയുടെ മുഖം അശ്ലീല വിഡിയോയിൽ മോർഫ് ചെയ്തതാണെന്നു സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ബിജെപി നേതാവായ കൈലാഷ് മുരാർക്കയാണ് ഇതിനു പിന്നിലെന്നും തെളിഞ്ഞു. തൊട്ടുപിന്നാലെ ഇയാൾ ഒളിവിൽപോയി. വ്യാജ സിഡി തയാറാക്കിയവർ കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ബാഗലിനെ കണ്ടിരുന്നുവെന്നും അന്വേഷണ ഏജൻസി പറയുന്നു. ബിജെപി മനഃപൂർവം കേസിൽപെടുത്തുകയാണെന്ന് ആരോപിച്ച് ജാമ്യമെടുക്കുകയോ അഭിഭാഷകനെ നിയോഗിക്കുകയോ ചെയ്യാതെ 14 ദിവസം ബാഗൽ റിമാൻഡിൽ കഴിയുകയും ചെയ്തു. കേസിലുൾപ്പെട്ട വ്യവസായി ജീവനൊടുക്കുകയും ചെയ്തു.