ഒരു വീട്ടിലെ 4 പേർക്ക് 3 പാർട്ടി

അജിത് ജോഗി, രേണു, അമിത്, റിച്ച

ഇക്കുറി ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ കൗതുകചിത്രമാണ് ജോഗി കുടുംബം. മൂന്നു പാർട്ടികളിലായാണ് നാലംഗ കുടുംബം പടർന്നു കിടക്കുന്നത്. സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രി അജിത് ജോഗിയും മകൻ അമിത്തും ജെസിസി(ജനത കോൺഗ്രസ് ഛത്തീസ്ഗഡ്)യിൽ. എംഎൽഎ കൂടിയായ ഭാര്യ രേണു ജോഗി ഇപ്പോഴും കോൺഗ്രസിൽ. അമിത്തിന്റെ ഭാര്യ റിച്ചയാകട്ടെ ബിഎസ്പി സ്ഥാനാർഥിയാണ്. കോൺഗ്രസ് ഇത്തവണയും സീറ്റ് നൽകുമെന്നാണു രേണുവിന്റെ പ്രതീക്ഷ. ഇല്ലെങ്കിൽ മൽസരിക്കാനില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

ജെസിസി – ബിഎസ്പി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണെങ്കിലും അജിത് ജോഗി ഇത്തവണ മൽസരിച്ചേക്കില്ലെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. ഒരു മണ്ഡലത്തിൽ മാത്രം കുടുങ്ങിപ്പോകാതിരിക്കുക തന്നെ ലക്ഷ്യം. ഭൂരിപക്ഷം നേടിയാൽ ഏതെങ്കിലും എംഎൽഎയെ രാജിവയ്പ്പിക്കാമെന്നും കണക്കുകൂട്ടുന്നു.