ഹൈക്കോടതി 5 തവണ വിധിച്ചു; 4 തവണയും സുപ്രീംകോടതി തള്ളി

ജാതി, മതാടിസ്ഥാനത്തിൽ വോട്ട് തേടുകയോ എതിർസ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യർഥിക്കുകയോ ചെയ്തതിന്റെ പേരിൽ ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ് പ്രകാരം കേരളത്തിൽ മുൻപ് 5 പേരെ ഹൈക്കോടതി അയോഗ്യരാക്കിയിട്ടുണ്ട്. ഇതിൽ 4 പേരുടെ കാര്യത്തിലും സുപ്രീംകോടതി വിധി വിജയികൾക്ക് അനുകൂലമായിരുന്നു. അഞ്ചാമത്തെ ആളുടെ കാര്യത്തിലാകട്ടെ, സുപ്രീംകോടതി വിധി വന്നപ്പോഴേക്കും സഭയുടെ കാലാവധി കഴിഞ്ഞിരുന്നു.

1977
ഇബ്രാഹിം സുലൈമാൻ സേട്ട്

കേരളത്തിലെ ആദ്യ കേസ്. 1977ൽ മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള വിജയം 1977 ഡിസംബർ 6നു ഹൈക്കോടതി അസാധുവാക്കി. എന്നാൽ, സുപ്രീംകോടതി അനുകൂലമായി വിധിച്ചു.

1977
സി.എച്ച്.മുഹമ്മദ് കോയ

1977ൽ മലപ്പുറം മണ്ഡലത്തി ൽനിന്നുള്ള ജയം ഹൈക്കോടതി 1977 ഡിസംബർ 19ന് അസാധുവാക്കി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ രാജിവച്ചു. സുപ്രീംകോടതിയിലെത്തിയപ്പോൾ ജയം സിഎച്ചിനൊപ്പം.

1977
കെ.എം.മാണി

1977ൽ പാലാ മണ്ഡലത്തിൽനിന്നുള്ള ജയം ഹൈക്കോടതി 1977 ഡിസംബർ 21ന് അസാധുവാക്കി. തുടർന്നു മാണി മന്ത്രിപദം രാജിവച്ചു. സുപ്രീംകോടതിയിൽ മാണിക്കു വിജയം.


1987

എം.ജെ.സക്കറിയ സേട്ട്

1987ൽ മട്ടാഞ്ചേരി മണ്ഡലത്തിൽനിന്നുള്ള ജയം  ഹൈക്കോടതി അസാധുവാക്കി. ഈ വിധി സുപ്രീം കോടതി തള്ളി.

2004
പി.സി.തോമസ്

2004ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽനിന്ന് പി.സി.തോമസിന്റെ ജയം ഹൈക്കോടതിയും പിന്നീടു സുപ്രീംകോടതിയും അസാധുവാക്കി. എതിർസ്ഥാനാർഥി പി.എം.ഇസ്മായീലിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അന്തിമവിധി ലോക്സഭയുടെ കാലാവധിക്കു ശേഷമാണു വന്നത്. അതിനാൽ ഇസ്‌മായീലിനു പാർലമെന്റ് അംഗമാകാൻ കഴിഞ്ഞില്ല. തോമസിന് 3 വർഷം തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും വോട്ടു ചെയ്യുന്നതിനും അയോഗ്യത നേരിട്ടു.

ഇനിയും കേസുകൾ

മതത്തെ പ്രചാരണത്തിന് ഉപയോഗിച്ചു വിജയം നേടി എന്ന പരാതിയുമായി നിലവിലെ നിയമസഭയിലെ 3 അംഗങ്ങൾക്കെതിരെയാണ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജികൾ ഫയൽ ചെയ്യപ്പെട്ടത്. മറ്റു രണ്ടു കേസുകൾ ചുവടെ:

വീണാ ജോർജ് (ആറന്മുള)

പത്രിക സമർപ്പണത്തിലെ അപാകത; വോട്ടുപിടിക്കാൻ മതത്തിന്റെയും മത ചിഹ്നങ്ങളുടെയും ഉപയോഗം – ഇവയാണ് ആരോപണങ്ങൾ. വീണാ ജോർജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേർത്തുള്ള ചിത്രം ഫെയ്സ് ബുക്കിലൂടെയും ലഘുലേഖകൾ വഴിയും പ്രചരിപ്പിച്ചെന്നും ആക്ഷേപമുണ്ട്. എതിർ സ്ഥാനാർഥി കെ.ശിവദാസൻ നായരുടെ (യുഡിഎഫ്) ഹർജി 2017 ഏപ്രിൽ 12ന് ഹൈക്കോടതി തള്ളി. ഇതിനെതിരായ അപ്പീൽ സുപ്രീംകോടതിയിൽ

അനിൽ അക്കര (വടക്കാഞ്ചേരി)

2016ൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനു വിധി നിർണയിക്കപ്പെട്ട മണ്ഡലം (43 വോട്ട്). എൽഡിഎഫ് സ്ഥാനാർഥി മേരി തോമസാണു ഹർജിക്കാരി. കെസിബിസിയുടെ പേരിൽ നോട്ടിസ് ഇറക്കി സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.