മന്ത്രിയാകുന്നത് ആരെയും വെള്ളത്തിലാക്കാനല്ല: കെ.കൃഷ്ണൻകുട്ടി

പലരുടെയും അതൃപ്തിയോടെയാണ് മന്ത്രിയാകുന്നതെന്നു തോന്നുന്നുണ്ടോ ?

നിങ്ങളിതെന്താണു പറയുന്നത്. ആരുടെ അതൃപ്തി? പാർട്ടി ദേശീയ നേതൃത്വവും നിയമസഭാ കക്ഷിയുമൊക്കെ ചേർന്നല്ലേ ഇതു തീരുമാനിച്ചത്. എതിർപ്പൊക്കെ ചിലർക്കുണ്ടാകുന്നതു സ്വാഭാവികം. അതൊക്കെ മാറും.

മന്ത്രിസ്ഥാനം വീതംവയ്ക്കണമെന്നു ധാരണയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ടു കരാർ എഴുതിവച്ചില്ല?

ദേശീയ നേതൃത്വം തീരുമാനിച്ച കാര്യമാണത്. പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ആ സമിതിയുടെ തീരുമാനം പ്രമാണമാക്കി പെട്ടിയിലാക്കേണ്ട കാര്യമൊന്നുമില്ല. അത് അനുസരിക്കണം. ഇതു മര്യാദയുടെ കാര്യമാണ്. ഇത്തവണ ഇടതുസർക്കാർ അധികാരത്തിലേറിയപ്പോൾ ഞാൻ മന്ത്രിയാകണമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്തു 3 വർഷത്തെ കാലയളവിനുശേഷം രാജിവച്ച മാത്യു ടി.തോമസിന് ബാക്കിയുള്ള 2 വർഷം ഇത്തവണ കൊടുത്തു. അതിനുശേഷം ഇപ്പോൾ ഒഴിയുന്നു.

അങ്ങനെയെങ്കിൽ ഇപ്പോൾ താങ്കൾ വഹിക്കുന്ന ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇനി മാത്യു ടി.തോമസിനു ലഭിക്കുമല്ലേ? 

അതു ഞാനല്ല പറയേണ്ടത്. എനിക്കു പറയാൻ കഴിയില്ല. നേതാക്കളും സംഘാടനാ സംവിധാനവുമാണ് അതു തീരുമാനിക്കേണ്ടത്. ഒരുപാടു യോഗ്യരുള്ള പാർട്ടിയാണിത്. 

ഇടതുസർക്കാ‍ർ പ്രതിസന്ധി നേരിടുന്ന സമയത്തെ മന്ത്രിമാറ്റം പ്രതിച്ഛായയ്ക്കും ദോഷമാകില്ലേ ?

ഏയ്. അതും ഇതും തമ്മിലൊരു ബന്ധവുമില്ല. ഒരു പ്രതിസന്ധിയും സർക്കാരിനില്ല. ഇത് ഒരു പാർട്ടിയിലെ മന്ത്രിമാറ്റമല്ലേ.

വി.എസ്.അച്യുതാനന്ദനുമായി ഏറെ അടുപ്പമുള്ള നേതാവാണു താങ്കൾ. സിപിഎം ഔദ്യോഗിക പക്ഷത്തിന് അതിനാൽ അകൽച്ചയുണ്ടോ?

എനിക്ക് എല്ലാവരുമായും അടുപ്പമുണ്ട്. സിപിഎം നേതാവ് എന്ന ബന്ധമല്ല വിഎസുമായി എനിക്ക്. വിവിധ വിഷയങ്ങളിൽ ഒരേ നിലപാടാണു ഞങ്ങൾക്ക്. സമരമുഖങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു.

പറമ്പിക്കുളം – ആളിയാർ കരാർ, വിവിധ ജലപങ്കാളിത്ത കരാറുകൾ എന്നിവയിൽ കേരളത്തിന്റെ നിലപാടിനെയും മാത്യു ടി.തോമസിനെത്തന്നെയും താങ്കൾ വിമർശിച്ചിരുന്നു. മന്ത്രിയാകുമ്പോൾ എങ്ങനെയാകും നിലപാട് ?

അതൊക്കെ ഞാൻ ഒറ്റയ്ക്കു ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നമല്ല എന്ന ബോധ്യമുണ്ട്. സർക്കാരിന്റെ കൂട്ടായ ശ്രമം വേണം. അയൽ സംസ്ഥാനങ്ങളുടെ പിന്തുണയും വേണം. ഒരുമിച്ചുനിന്നു കേരളത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കും. 

കർണാടകയിൽ കോൺഗ്രസിനൊപ്പമാണു ദൾ, കേരളത്തിൽ കോൺഗ്രസ്‌വിരുദ്ധ പാളയത്തിലും. ജനതാ പാർട്ടികളുടെ കൂട്ടായ്മ ദേശീയതലത്തിൽ രൂപീകരിക്കുമ്പോൾ എന്തു നിലപാടിനായിരിക്കും താങ്കൾ മുൻതൂക്കം നൽകുക?

വർഗീയതയെ എതിർക്കുക തന്നെയാണു മുഖ്യം. ബിജെപി നാടിനെ കുട്ടിച്ചോറാക്കി. അവരെ അധികാരത്തിൽനിന്നു പുറത്താക്കണം. പക്ഷേ, കോൺഗ്രസാണു കൃഷിമേഖലയെ തകർത്തത്. കോൺഗ്രസിന്റെ കൃഷിനയം തിരുത്തണം.

209–ാം മന്ത്രി

കേരളത്തിൽ മന്ത്രിയാകുന്ന 209–ാമത്തെ വ്യക്തിയാണ് െക.കൃഷ്ണൻകുട്ടി. 12 മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള കണക്കാണിത്. എട്ടു വനിതകൾ ഇതിൽ ഉൾപ്പെടുന്നു. 

ജനതാപരിവാറിൽനിന്നുള്ള 11–ാമത്തെ മന്ത്രിയാണു കൃഷ്ണൻകുട്ടി എന്നു കണക്കാക്കാം. എം. കമലം, കെ. ചന്ദ്രശേഖരൻ, എം.പി.വീരേന്ദ്രകുമാർ, എൻ.എം.ജോസഫ്, പി.ആർ.കുറുപ്പ്, എ.നീലലോഹിതദാസൻ നാടാർ, സി.കെ.നാണു, മാത്യു ടി.തോമസ്, ജോസ് െതറ്റയിൽ, കെ.പി.മോഹനൻ എന്നിവരാണു മുൻഗാമികൾ.