വിഭാഗീയതയെ തള്ളിപ്പറഞ്ഞ് സമാപനം

ഉപഹാരമായി ലഭിച്ച മൺകൂജയിലെ തന്റെ ചിത്രം ആസ്വദിക്കുന്ന പ്രകാശ് കാരാട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ,  എം.വി ജയരാജൻ എന്നിവർ സമീപം. ചിത്രം: മനോരമ

തൃശൂർ∙ പാർട്ടിക്കെതിരെ ഉന്നയിക്കപ്പെടുന്ന എല്ലാ വിഭാഗീയതകളെയും നേതാക്കൾ തള്ളിപ്പറഞ്ഞ പൊതുസമ്മേളനത്തോടെ സിപിഎം സംസ്ഥാന സമ്മേളനത്തിനു സമാപനം. മുഖ്യശത്രു ബിജെപിതന്നെയെന്നും എന്നാൽ കോൺഗ്രസുമായി കൂട്ടുപിടിച്ചുകൊണ്ടല്ല ബിജെപിയെ നേരിടുകയെന്നും ഉദ്ഘാടനം ചെയ്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

ബിജെപിയോടു മൃദു സമീപനം കാണിക്കുന്ന കോൺഗ്രസിനെ തുറന്നുകാണിച്ചുകൊണ്ടുതന്നെയുള്ള പോരാട്ടമാണു ബിജെപിക്കെതിരെ നയിക്കേണ്ടതെന്നു സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണൻ പറ‍ഞ്ഞു.

പ്രതിനിധി സമ്മേളനവുമായി ബന്ധപ്പെട്ടു പുറത്തുവന്ന മാധ്യമവാർത്തകളെ യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും തള്ളിപ്പറയുകയും ചെയ്തു. യച്ചൂരിയുമായി പാർട്ടി കേരളഘടകത്തിന് അഭിപ്രായവ്യത്യാസമുണ്ടെന്നു സ്ഥാപിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നെന്നായിരുന്നു പിണറായിയുടെ പരാമർശം. ‘സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് എന്നല്ല’ എന്നു യച്ചൂരിയുടേതായി മാധ്യമങ്ങളിൽ വന്ന പരാമർശമാണു നിഷേധിച്ചത്.

യച്ചൂരി മാധ്യമങ്ങളെ വിമർശിച്ചെങ്കിലും അങ്ങനെ പറഞ്ഞിട്ടില്ല എന്നു വ്യക്തമാക്കിയതുമില്ല. പഴയ മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്ന സാഹചര്യമൊന്നും ഇപ്പോഴുണ്ടെന്നു താൻ പറയുന്നില്ലെന്നുകൂടി പിണറായി പറഞ്ഞു. റിപ്പോർട്ട് ചോർത്താൻ മിടുക്കരായ ചില പടുക്കൾ ശ്രമിച്ചെന്നും എന്നാൽ വസ്തുതകളൊന്നുമല്ല പുറത്തുവന്നതെന്നും പിണറായി പറഞ്ഞു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവത്തെ പാർട്ടി ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും അപലപിച്ചു. കണ്ണൂരിൽ ഉണ്ടായ ദൗർഭാഗ്യ സംഭവത്തെ കോൺഗ്രസ് മുതലെടുക്കുന്നു എന്നാണു പേരെടുത്തു പറയാതെ കോടിയേരി വിശേഷിപ്പിച്ചത്. അതേസമയം, അക്രമം പാർട്ടിനയമല്ലെന്നും പാർട്ടി പ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ പ്രതിരോധിക്കുമെന്നും യച്ചൂരി പറഞ്ഞു.

കാൽലക്ഷം പേർ നിരന്ന റെഡ് വൊളന്റിയർ റാലിയും ലക്ഷത്തിലേറെപ്പേർ അണിനിരന്ന പൊതുസമ്മേളനവും സിപിഎമ്മിന്റെ കരുത്തിന്റെ പ്രകടനമായി. തേക്കിൻകാടു മൈതാനത്തെ ജനക്കൂട്ടത്തെ പൊളിറ്റിക്കൽ പൂരമെന്നും വിപ്ലവതീർഥാടനമെന്നുമാണു ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു യച്ചൂരി വിശേഷിപ്പിച്ചത്.

സിപിഎം സംസ്ഥാന സമ്മേളനം : കൂടുതൽ വാർത്തകൾ

കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിബി അംഗം പ്രകാശ് കാരാട്ട്, സ്വാഗതസംഘം ചെയർമാൻ ബേബി ജോൺ, സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിഎസ് വേദിയിലെത്തിയപ്പോഴും വിഎസിന്റെ പേരു പറഞ്ഞപ്പോഴുമൊക്കെ വൻ കരഘോഷവുമുണ്ടായി.