Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യച്ചൂരിയുടെ ‘സ്റ്റഡി ക്ലാസ്’ പാർട്ടി കോൺഗ്രസിലേക്ക്

Sitaram Yechury

തൃശൂർ∙ ‘പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഞാനും മാത്രമല്ല പാർട്ടി നയം തീരുമാനിക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ അഭിപ്രായം പറയാൻ നിങ്ങൾക്ക് (പ്രതിനിധികൾക്ക്) അവകാശമുണ്ട്. അതു പറയുകതന്നെ വേണം...’ കോൺഗ്രസ് ബന്ധത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നൽകിയ അതിശക്തമായ മറുപടിയുടെ തുടർചലനങ്ങൾ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കാണാം.

കേരളത്തിലെ പാർട്ടിയും യച്ചൂരിലൈനും തമ്മിലാകും അവിടെ പോരാട്ടമെന്നു വ്യക്തം. ‘കേരളത്തിൽ പാർട്ടി ശക്തമാണ്. കോൺഗ്രസുമായി കൂട്ടുകൂടി കേരളത്തിലെ ഭരണംകൂടി ഇല്ലാതാക്കരുത്’ എന്നായിരുന്നു സമ്മേളന ചർച്ചയിൽ പങ്കെടുത്തവരുടെ നിലപാട്. തന്റെ നിലപാടിനെതിരെ ആസൂത്രിതമായി ചർച്ച സംഘടിപ്പിച്ചതാണെന്ന തിരിച്ചറിവിന്റെ ബലത്തിലായിരുന്നു യച്ചൂരിയുടെ മറുപടി.

സിപിഎം എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള – മാർക്സിസ്റ്റ് അല്ലെന്നും രാജ്യത്തെ പൊതുസാഹചര്യം കേരളത്തിലെ സഖാക്കൾ തിരിച്ചറിയണമെന്നും തന്റെ നിലപാടിനെ നേരത്തേ തള്ളിയ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരെ സാക്ഷി നിർത്തി യച്ചൂരി ഉപദേശിച്ചു.

പാർട്ടി കോൺഗ്രസിൽ കേരളത്തിൽ നിന്നു 175 പ്രതിനിധികളാണു പങ്കെടുക്കുക. ഇവർക്കുള്ള ‘സ്റ്റഡി ക്ലാസ്’ കൂടിയായിരുന്നു യച്ചൂരിയുടെ പ്രസംഗങ്ങൾ. ഇന്നലെ വൈകിട്ടു തേക്കിൻകാട് മൈതാനത്തു നടന്ന പൊതുസമ്മേളനത്തിലും യച്ചൂരി നിലപാട് ആവർത്തിച്ചു. ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്തുകയാണു മുഖ്യലക്ഷ്യമെന്നും അതിനുള്ള ബദൽ നയം രൂപപ്പെടുത്തേണ്ടത് ഇടതുപാർട്ടികളുടെ കർത്തവ്യമാണെന്നും വ്യക്തമാക്കി.

സിപിഎമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചു ചിന്തിക്കാൻ പോലുമാകില്ലെന്നാണു കേരളത്തിലെ പാർട്ടി നേതൃത്വത്തിന്റെ നിലപാട്. ഇതോടെ പാർട്ടി കോൺഗ്രസിൽ ഈ രണ്ടു നയങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ഉറപ്പായി. യച്ചൂരിയുടെ ലൈനിനെ അനുകൂലിച്ചു പാർട്ടി കോൺഗ്രസിൽ കേരളത്തിൽനിന്ന് എത്ര പേർ രംഗത്തുവരുമെന്നു കാത്തിരുന്നു കാണണം.

2004ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള 18 സീറ്റ് ഉൾപ്പെടെ ഇടതുപക്ഷത്തിനു പാർലമെന്റിൽ 63 അംഗങ്ങളുണ്ടായിരുന്നുവെന്നും അതേ രാഷ്ട്രീയ കാഴ്ചപ്പാടാണ് ഇപ്പോഴത്തേതെന്നും പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു.

സിപിഎം സംസ്ഥാന സമ്മേളനം : കൂടുതൽ വാർത്തകൾ

എന്നാൽ 2004ൽ ബംഗാളിൽ സിപിഎം ഇന്നത്തേതു പോലെ ദുർബലമായിരുന്നില്ലല്ലോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറയാൻ ഇന്നലെ സമ്മേളന നടപടികൾ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായില്ല. ആ ചോദ്യം പാർട്ടി കോൺഗ്രസിലും ഉയരും.