Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിക്കസേര തെറിക്കാൻ സാധ്യതയുള്ളവരെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നുതുടങ്ങി; ഇനി വെല്ലുവിളി മുഖം മിനുക്കൽ

Stage

തൃശൂർ∙ സിപിഎം സംസ്ഥാന സമ്മേളനം കൊടിയിറങ്ങിയപ്പോൾ, പാർട്ടിയുടെയും ഭരണത്തിന്റെയും മുഖംമിനുക്കൽ സിപിഎമ്മിനു വെല്ലുവിളിയാകും. സർക്കാരിന്റെ പ്രവർത്തനത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം രാഷ്ട്രീയ വെല്ലുവിളികൾ അതിജീവിക്കുകയുമാണു സമ്മേളനം തീരുമാനിച്ച പ്രതിച്ഛായ തിരിച്ചുപിടിക്കൽ പരിപാടിയുടെ ലക്ഷ്യം.

മന്ത്രിസഭാ പുനഃസംഘടനയും മുന്നണിവികസനവുമാണ് ആദ്യ അജൻഡ. സമ്മേളനം ഇതിനു പച്ചക്കൊടി വീശിക്കഴിഞ്ഞു. കെ.എം. മാണി ഉൾപ്പെടെയുള്ളവരെ മുന്നണിയിലേക്കു കൊണ്ടുവരാൻ പാർട്ടി ഇനി രംഗത്തിറങ്ങും. പുനഃസംഘടനയിലൂടെ പ്രതിച്ഛായ തിരിച്ചുപിടിക്കലും മുന്നണി വികസനത്തിലൂടെ തുടർഭരണവുമാണു ലക്ഷ്യം.

മന്ത്രിക്കസേര വരും, പോകും

മന്ത്രിസഭയിൽ നിന്നു ചിലർക്കു സ്വയംവിരമിക്കൽ നൽകി പകരക്കാരെ ഇറക്കണമെന്നായിരുന്നു സമ്മേളനത്തിലെ ചർച്ചയുടെ പൊതുവികാരം. പല മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി എംഎൽഎമാർ ഉൾപ്പെടെ രംഗത്തുവന്നു.

മന്ത്രിമാരുടെ പ്രവർത്തനം നേരത്തേ രണ്ടുതവണ സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. അന്നു ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നു സമ്മേളനത്തിലെ ചർച്ച സൂചിപ്പിക്കുന്നു. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജനെ തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം സംഘടനാരംഗത്തുള്ള ചിലരെക്കൂടി മന്ത്രിസഭയിലെടുക്കണമെന്ന് അഭിപ്രായമുയർന്നതോടെ കസേര തെറിക്കാൻ സാധ്യതയുള്ളവരെക്കുറിച്ച് അഭ്യൂഹങ്ങൾ പരന്നുതുടങ്ങി.

സിപിഎം സംസ്ഥാന സമ്മേളനം: കൂടുതൽ വാർത്തകൾ

സർക്കാരിന്റെ പദ്ധതി, പാർട്ടിയുടേതും

സർക്കാരിന്റെ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുകയാണു പാർട്ടിയുടെ അടുത്ത ദൗത്യം. കുളം- തോട് നവീകരണം മുതൽ കിടപ്പുരോഗികളെ ചികിൽസിക്കാൻ വരെ പദ്ധതിയുണ്ട്. ജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നുവെന്നും പാവപ്പെട്ടവരുടെ പാർട്ടി അല്ലാതാവുന്നെന്നും നേതൃത്വം തിരിച്ചറിയുന്നു.

കണ്ണൂരിൽ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം പാർട്ടിക്കുണ്ടാക്കിയ പ്രതിസന്ധി ചില്ലറയല്ല. കേസന്വേഷണം പുരോഗമിക്കുംതോറും പാർട്ടി അതിൽ നിന്നു കൈകഴുകാൻ നന്നേ വിയർക്കും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പു വരും. ചെങ്ങന്നൂർ നിലനിർത്താനായില്ലെങ്കിൽ ഭരണപരാജയമെന്ന പഴി കേൾക്കേണ്ടിവരും.

മാണി വേണം, സിപിഐയും

കെഎം മാണി ഉൾപ്പെടെയുള്ളവരെ ഇടതുമുന്നണിയിലേക്കു കൊണ്ടുവരാൻ സിപിഎം നേതൃത്വം രംഗത്തിറങ്ങും. സിപിഐയുടെ എതിർപ്പാണു വിഘാതം. സിപിഐയെ പിണക്കാതെ മാണിയെ എങ്ങനെ അകത്തെത്തിക്കാമെന്നാണ് ആലോചനയെന്ന് ഇന്നലെ കോടിയേരി പറഞ്ഞതിൽനിന്നു വ്യക്തമാകുന്നു.