Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ലിറ്റ്മെസ് ടെസ്റ്റ്

demonetisation crisis

ഒരു വർഷത്തിനിടെ ഇന്ത്യൻ മാധ്യമങ്ങൾ ഏറ്റവുമധികം അച്ചടിച്ചതും ഉച്ചരിച്ചതുമായ വാക്ക് ഏതാണ്? രാജാക്കാട്ടെ കവല മുതൽ രാജ്യതലസ്ഥാനം വരെ ഭാഷാഭേദമില്ലാതെ മുഴങ്ങിയ ശബ്ദമേത്? ഒറ്റ ഉത്തരമേയുള്ളൂ, നോട്ട് ബന്ദി അഥവാ നോട്ടുനിരോധനം. ഔദ്യോഗിക പ്രയോഗം  കറൻസി അസാധുവാക്കൽ എന്നായിരുന്നെങ്കിലും ജനജീവിതത്തെ സ്തംഭിപ്പിച്ച തീരുമാനത്തെ നോട്ടുനിരോധനം എന്നാണ് ഇന്ത്യക്കാർ അഭിസംബോധന ചെയ്തത്.

‘കള്ളപ്പണത്തിനെതിരായ യുദ്ധമായിരുന്നു നോട്ടുനിരോധനം’– 2016 നവംബർ എട്ടുമുതൽ വേദിഭേദമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുന്ന വാചകമാണിത്. കള്ളപ്പണത്തിന് തുടക്കത്തിൽ ‘നേരിയ’ പരുക്കേറ്റെങ്കിലും ഫലത്തിൽ കാര്യമായൊന്നും പറ്റിയില്ല. എന്നാൽ ‘യുദ്ധം’ നടന്നത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും തമ്മിലായിരുന്നു. എതിർ കക്ഷിക്കാർ മാത്രമല്ല, മുന്നണിക്കുള്ളിലും പാർട്ടിയ്ക്കുള്ളിലും വിമതസ്വരങ്ങൾ മുഴങ്ങി. മുന്നണി സമവാക്യങ്ങൾ മാറിമറിഞ്ഞു. 

∙ മൗനം മുറിച്ച്, മർമ്മത്തടിച്ച് മൻമോഹൻ

നോട്ടുനിരോധനത്തെ മർമ്മത്തിൽ കുത്തിനോവിച്ചത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ്. രണ്ടു വർഷം റിസർവ് ബാങ്ക് ഗവർണറും അഞ്ചു വർഷം ഇന്ത്യയുടെ ധനമന്ത്രിയും 10 വർഷം പ്രധാനമന്ത്രിയുമായിരുന്ന സിങ്ങിന്റെ ചോദ്യങ്ങളും വിമർശനങ്ങളും കുറിക്കുകൊണ്ടു. രാജ്യസഭയിൽ മൻമോഹൻ നടത്തിയ പ്രസംഗം രാജ്യത്തിന്റെ പൊതുസ്വരമായി മാറി. നിക്ഷേപകനു പണം പിൻ‌വലിക്കാൻ കഴിയാത്ത ഒരു രാജ്യത്തിന്റെ പേര് പറയാമോ എന്നു ചോദിച്ച് 2016 നവംബർ 24ന് സിങ് നടത്തിയ പ്രസംഗം ആഴമേറിയ വിശകലനമായിരുന്നു.

പ്രസംഗത്തിൽനിന്ന്: കള്ളപ്പണം തടയുന്നതിനും കള്ളനോട്ടുകളുടെ പ്രചാരം തടയുന്നതിനും ഭീകരരുടെ സാമ്പത്തിക സ്രോതസ്സ് തടയുന്നതിനുമാണ് ഈ നടപടിയെന്നു പ്രധാനമന്ത്രി വാദിക്കുന്നു. ഈ ഉദ്ദേശ്യത്തോടു ഞാൻ വിയോജിക്കുന്നില്ല. എന്നാൽ നോട്ടുകൾ അസാധുവാക്കാനുള്ള ഈ നടപടി നടപ്പാക്കുന്നതിൽ വൻവീഴ്ചയുണ്ടായി എന്നതിൽ രാജ്യത്തു രണ്ടഭിപ്രായമില്ല. തൽക്കാലത്തേക്കു ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യതാൽപര്യത്തിനു ഗുണകരമാണിതെന്നു വാദിക്കുന്നവരെ ജോൺ കെയ്ൻസിന്റെ ഈ വാക്കുകൾ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ‘ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നാമെല്ലാവരും മരിച്ചവരായിരിക്കും.’ 

ജനം ബാങ്കുകളിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ അവരെ അനുവദിക്കാത്ത ഏതെങ്കിലും രാജ്യത്തിന്റെ പേരു പറയാൻ പ്രധാനമന്ത്രിക്കു കഴിയുമോ എന്നറിയാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്കെന്ന പേരിലുള്ള ഈ നടപടിയെ അപലപിക്കാൻ ഈ ഒരൊറ്റ കാര്യം മാത്രം മതിയെന്നു ഞാൻ കരുതുന്നു. രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ചയെ, ചെറുകിട വ്യവസായ രംഗത്തെ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു ജനസമൂഹത്തെ വല്ലാതെ മുറിപ്പെടുത്തുന്നതാണ് നടപടി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ ഇതുമൂലം രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നു ഞാൻ കരുതുന്നു.

ദിനംപ്രതി നിയമഭേദഗതിയും പണം പിൻവലിക്കുന്നതു സംബന്ധിച്ച നിബന്ധനകളുമായി റിസർവ് ബാങ്ക് മുന്നോട്ടുവരുന്നത് ആർക്കും നല്ലതല്ല. ഇതു പ്രതിഫലിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസും ധനമന്ത്രിയുടെ ഓഫിസും റിസർവ് ബാങ്കും എത്ര ശോച്യമായ നിലയിലാണെന്നാണ്. സമൂഹത്തിലെ 90% ആളുകളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവരാണ് 55 ശതമാനവും. അവരെല്ലാം അതീവ ബുദ്ധിമുട്ടിലാണ്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേർക്കും പ്രയോജനകരമായിരുന്ന സഹകരണ ബാങ്ക് മേഖലയെ പണം കൈകാര്യം ചെയ്യുന്നതു വിലക്കിയതു മൂലമുള്ള ദുരിതത്തിനു കണക്കില്ല. സാധാരണക്കാരുടെ പേരുപറഞ്ഞു നിയമസാധുത അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു തികച്ചും സംഘടിതമായ കൊള്ളയാണ്.

∙ റേഷനായി കിട്ടുന്ന പണം കാത്ത് ജനം

സിങ്ങിന്റെ വാക്കുകൾ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും എതിരെയുള്ള രാഷ്ട്രീയ ആയുധമായി. രണ്ടാഴ്ചയ്ക്കു ശേഷം ഡിസംബർ ഒൻപതിന് ഇംഗ്ലിഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ സിങ് വിമർശനം കടുപ്പിച്ചു. കള്ളപ്പണവും വ്യാജ കറൻസിയും തടയുക എന്ന ലക്ഷ്യത്തെ പൂർണമായും പിന്തുണയ്ക്കേണ്ടതു തന്നെയാണ്. എന്നാൽ എല്ലാ പണവും കള്ളപ്പണമാണെന്നും എല്ലാ കള്ളപ്പണവും പണമായിത്തന്നെ സൂക്ഷിക്കപ്പെടുന്നുവെന്നുമുള്ള ധാരണ യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്നു സിങ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ 90 ശതമാനത്തിലേറെ തൊഴിലാളികളും പണമായി ശമ്പളം വാങ്ങുന്നവരാണ്. കറൻസിയായി കയ്യിലുള്ള പണമാണ് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം. അവരുടെ സമ്പാദ്യവും പണമായിത്തന്നെയാണ്. കഠിനാധ്വാനം ചെയ്ത് അവർ സ്വരുക്കൂട്ടിയ പണമാണ് ഒരു രാത്രി കൊണ്ട് ‘കള്ളപ്പണം’ ആയി മാറിയത്. പൗരന്റെ സ്വത്തും ജീവനും ജീവിതമാർഗവും സംരക്ഷിക്കുക ഏതു ജനാധിപത്യ സർക്കാരിന്റെയും പ്രാഥമിക ചുമതലയാണ്. ആ ചുമതലയെ പരിഹാസ്യമാക്കുകയാണ് നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി ചെയ്തത്. 

റേഷൻ കിട്ടാനായി ക്യൂവിൽ നിൽക്കേണ്ടിവന്നിട്ടുള്ള യുദ്ധകാലത്തിന്റെ അനുഭവമുള്ളയാളാണു ഞാൻ. പിന്നീടൊരുകാലത്ത്, റേഷനായി കിട്ടുന്ന പണത്തിനായി എന്റെ നാട്ടിലെ ജനങ്ങൾ അന്തമില്ലാതെ വരിനിൽക്കേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. എല്ലാ പരിഹാരങ്ങളും എല്ലാ ഉത്തരങ്ങളും തന്റെ പക്കലുണ്ടെന്ന തോന്നലും തനിക്കു മുൻപുണ്ടായിരുന്ന സർക്കാരുകൾ കള്ളപ്പണം തടയുന്നതിൽ ഉൽസാഹമില്ലാത്തവരായിരുന്നുവെന്ന വിശ്വാസവും ആത്മനിർവൃതി നൽകുന്നതും പ്രലോഭിപ്പിക്കുന്നതുമായിരിക്കും. എന്നാൽ വസ്തുത അതല്ലെന്നും സിങ് വ്യക്തമാക്കി.

∙ വളർച്ച കുറയുന്നത് ആദ്യമല്ലെന്ന് മോദി

മൻമോഹൻ സിങ്ങിന്റെ പ്രഖ്യാതമായ നോട്ട് റദ്ദാക്കൽ വിരുദ്ധ പ്രസംഗം അച്ചട്ടായി. രാജ്യത്തിന്റെ വളർച്ചാനിരക്ക് കുത്തനെ താഴേക്കായി. എന്നാൽ വിമർശകർക്കെതിരെ ആഞ്ഞടിച്ച് ഒക്ടോബർ നാലിന് മോദി രംഗത്തെത്തി. രാജ്യത്തെ മൊത്തം ദേശീയ ഉൽപാദനം (ജി‍ഡിപി) 5.7% ആയി കുറഞ്ഞത് ഇതാദ്യമൊന്നുമല്ലെന്നും മുൻ സർക്കാരിന്റെ കാലത്ത് എട്ടുതവണ വളർച്ചാനിരക്ക് 5.7 ശതമാനത്തിൽ കുറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

വളർച്ചാനിരക്കു കുറഞ്ഞുവെന്നത് അംഗീകരിക്കുന്നു. എന്നാൽ ഇതു മെച്ചപ്പെടുത്താൻ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണ്. നോട്ട് നിരോധനം ശരിയായ നടപടിയായിരുന്നു. ചില വ്യക്തികൾക്ക് അശുഭാപ്തി വിശ്വാസം പ്രചരിപ്പിച്ചാലേ ഉറക്കം വരികയുള്ളൂ. മൻമോഹൻ സിങ്ങും ചിദംബരവും കൂടി സാമ്പത്തികരംഗം കൈകാര്യം ചെയ്ത കാലത്ത് എട്ടുതവണ വളർച്ചാനിരക്ക് 5.7ൽ താഴെപ്പോയിട്ടുണ്ട്. 0.2 ശതമാനവും 1.5 ശതമാനവും വരെ താഴ്ന്ന ചരിത്രവുമുണ്ട്. 

ഇപ്പോൾ കള്ളപ്പണം ശേഖരിച്ചുവയ്ക്കുക എളുപ്പമല്ല. കള്ളപ്പണത്തിന്റെ മരണമണിയാണു മുഴങ്ങിയത്. രാജ്യം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തു നയപരമായ തളർവാതം ബാധിച്ചതാണു സാമ്പത്തിക മേഖലയുടെ മാന്ദ്യത്തിന് ഇടയാക്കിയത്. ഉയർന്ന പണപ്പെരുപ്പവും ഉയർന്ന കറന്റ് അക്കൗണ്ട് കമ്മിയും ധനകാര്യക്കമ്മിയും കാരണം രാഷ്ട്രം വിഷമത്തിലായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ഉറച്ച അടിത്തറയിലാണ്. താൽക്കാലിക നേട്ടത്തിനുവേണ്ടി ഭാവിയെ അവതാളത്തിലാക്കില്ല. സാമ്പത്തിക പരിഷ്കരണവുമായി സർക്കാർ മുന്നോട്ടു പോവുക തന്നെ ചെയ്യും– പ്രധാനമന്ത്രി പറഞ്ഞു.

∙ പാളയത്തിലെ പന്തംകൊളുത്തിപ്പട

മുഖ്യപ്രതിപക്ഷമായ കോൺഗ്രസും മറ്റും ഉന്നയിച്ച ആരോപണങ്ങളേക്കാൾ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ഉലച്ചത് ‘പാളയത്തിൽ പട’യാണ്. ബി‍‍ജെപിയുടെ മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ഷൂറിയും യശ്വന്ത് സിൻഹയും നോട്ടുനിരോധനത്തെ രൂക്ഷമായി വിമർശിച്ചു. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ പ്രതിക്കൂട്ടിലാക്കിയാണ് മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ ബിജെപിക്കുള്ളിൽ യുദ്ധമുഖം തുറന്നത്. മോദി സർക്കാരിൽ സഹമന്ത്രിയായ മകൻ ജയന്ത് സിൻഹയുടെ രാഷ്ട്രീയ ഭാവി വകവയ്ക്കാതെയായിരുന്നു സിൻഹയുടെ വാക്കുകൾ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും സൂപ്പർമാൻ ജയ്റ്റ്ലിക്കു മോദി ധനവും പ്രതിരോധവും ഉൾപ്പെടെ നാലു മന്ത്രാലയങ്ങൾ തുടക്കത്തിൽ നൽകി. എണ്ണവിലയിടിവിന്റെ സൗഭാഗ്യത്തിൽ ലക്ഷം കോടികളുടെ നേട്ടമുണ്ടായിട്ടും നയവൈകല്യങ്ങൾ കാരണം ജയ്റ്റ്ലി പരാജയമായി. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി. കറൻസി അസാധുവാക്കൽ നടപ്പാക്കുന്നതിൽ വൻ പാളിച്ചയുണ്ടായിട്ടും അദ്ദേഹത്തെ മോദി സംരക്ഷിച്ചതിനു കാരണങ്ങളുണ്ട്. തന്റെ നിർദേശം നിശ്ശബ്ദം നടപ്പാക്കിയ ജയ്റ്റ്ലിയെ മോദി സംരക്ഷിച്ചു. സാമ്പത്തിക മാന്ദ്യത്തിന്റെ പഴി സ്വയമേറ്റു പ്രധാനമന്ത്രിക്കു കവചമായി മാറുകയാണു ജയ്റ്റ്ലിയിപ്പോൾ എന്നും സിൻഹ ആരോപിച്ചു.

സിൻഹയ്ക്കു പിന്നാലെ, ബി‍‍ജെപിയുടെ മുൻ കേന്ദ്രമന്ത്രി അരുൺ ഷൂറി, ശത്രുഘ്നൻ സിൻഹ, സുബ്രഹ്മണ്യൻ സ്വാമി എന്നിവരും മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശനവിധേയമാക്കി. രാജ്യത്തെ ഏറ്റവും വലിയ ‘കള്ളപ്പണം വെളുപ്പിക്കൽ’ പദ്ധതിയായിരുന്നു നോട്ടുനിരോധനമെന്നു ഷൂറി തുറന്നടിച്ചു. ‘നോട്ട് അസാധുവാക്കൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചു. കള്ളപ്പണം ഉണ്ടായിരുന്നവർക്കെല്ലാം വെളുപ്പിക്കാൻ അവസരം കിട്ടി. നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തി. പ്രാഥമിക ലക്ഷ്യം പോലും നേടാനാകാതെ പരിഷ്കാരം പൊളിഞ്ഞതിനു തെളിവാണിത്’– ഷൂറി പറഞ്ഞു.

ബിജെപി എംപി ശത്രുഘ്നൻ സിൻഹയും യശ്വന്തിന്റെ വിമർശനത്തോടു യോജിച്ചു. ബിജെപിയുടെ സാമ്പത്തിക നയങ്ങളെ വിമർശിക്കാൻ യശ്വന്തിന് അവകാശമുണ്ടെന്നും രാജ്യത്തെ ഏറ്റവും മികച്ച ധനമന്ത്രിമാരിലൊരാളായ അദ്ദേഹത്തിന്റെ വിമർശനം കുറിക്കുകൊള്ളുന്നതാണെന്നും ശത്രുഘ്നൻ പറഞ്ഞു.

യശ്വന്ത് സിൻഹയുമായി അഭിപ്രായ െഎക്യമില്ലെങ്കിലും സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന കാര്യത്തിൽ സുബ്രഹ്മണ്യൻ സ്വാമിയും യോജിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുന്നില്ലെങ്കിൽ ക്രാഷ് ലാൻഡിങ് ആയിരിക്കും സംഭവിക്കുകയെന്നു 16 പേജുള്ള കത്തിൽ സ്വാമി പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു.

നോട്ടു പരിഷ്കരണ നടപടിയെ എതിർക്കുന്നവർ ദേശദ്രോഹികളാണെന്നു പറഞ്ഞ യോഗാ ഗുരു ബാബ രാംദേവും തിരിഞ്ഞു. ‘ബാങ്കുകൾ കോടികളാണു നോട്ട് പരിഷ്കരണത്തിലൂടെ സമ്പാദിച്ചത്. ബാങ്കുകളുടെ അഴിമതി മോദി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ബാങ്കിങ് സംവിധാനത്തെ സംബന്ധിച്ച ദുരൂഹതയാണ് ഇപ്പോഴുള്ളത്. അഴിമതിക്കാരായ ബാങ്കുകാരുടെ കൈകളിലാണു മോദി. കൂടുതൽ കാര്യക്ഷമമായി നോട്ടു പരിഷ്കരണം നടത്താനാകുമായിരുന്നു’– രാംദേവ് പറഞ്ഞു.

നോട്ടുകൾ അസാധുവാക്കുന്നതു സംബന്ധിച്ചു വൻകിട ബിസിനസുകാരായ അംബാനിക്കും അദാനിക്കും മുൻകൂർ അറിവുണ്ടായിരുന്നുവെന്ന രാജസ്ഥാൻ ബിജെപി എംഎൽഎയുടെ വെളിപ്പെടുത്തലും വിവാദമായി. രാജസ്ഥാനിലെ കോട്ട ജില്ലയിലുള്ള ലാഡ്പുരയിലെ എംഎൽഎയായ ഭവാനി സിങ് രജാവത് ഇക്കാര്യം പറയുന്ന വിഡിയോ പുറത്തുവന്നത് പാർട്ടിക്ക് ക്ഷീണമായി.

∙ പത്തി വിടർത്തിയ മൂർഖനാണു ബിജെപി

ബിജെപി നേതാക്കൾക്കു പുറമെ, എൻഡിഎ മുന്നണിയിലും വിമതസ്വരം പടർന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന് നരേന്ദ്ര മോദി സ്വയം സങ്കൽപ്പിച്ചിരിക്കുകയാണ് എന്നായിരുന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വിമർശനം. പത്തി വിടർത്തിയ മൂർഖനാണു ബിജെപി. 25 വർഷമായി സഖ്യത്തിലുള്ള തങ്ങൾക്കു നേരെയും ഇപ്പോൾ ആ മൂർഖൻ പത്തിവിടർത്തുന്നു. കറൻസി റദ്ദാക്കൽ ഒട്ടേറെപ്പേർക്കു ബുദ്ധിമുട്ടുണ്ടാക്കിയതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. രാജ്യത്തെ ധനികരെ സ്പർശിക്കാൻ പോലും മോദി സർക്കാരിനായില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

മോദിയെ ശക്തമായി പിന്തുണച്ചിരുന്ന ശിവസേന നിലപാട് മാറ്റുന്നതും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നതും രാജ്യം കണ്ടു. അച്ഛേ ദിൻ എവിടെയെന്നു ചോദിച്ച സേന, രാഹുലിന് രാജ്യത്തെ നയിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു. മുഖ്യകക്ഷികളിൽ ഒരാളായ ശിവസേന മുന്നണിക്കെതിരെ നിരന്തരം കുത്തുവാക്കുകൾ ഉന്നയിക്കുന്നത് ബിജെപിയെ അസ്വസ്ഥമാക്കുന്നുമുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ് രംഗത്തെത്തിയതും ബിജെപിക്ക് ക്ഷീണമായി. ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽദിനങ്ങളുടെ എണ്ണം നൂറിൽനിന്ന് ഇരുനൂറായി വർധിപ്പിക്കുക, സബ്സിഡികൾ വർധിപ്പിച്ചും വായ്പകൾ എഴുതിത്തള്ളിയും കാർഷിക മേഖലയെ പുനരുദ്ധരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ബിഎംഎസ് സമർപ്പിച്ചത്.

യശ്വന്ത് സിൻഹയുടെ ആരോപണശരങ്ങളെ മകനെ രംഗത്തിറക്കിയാണ് ബിജെപി പ്രതിരോധിച്ചത്. പുതിയ സമ്പദ്‌വ്യവസ്ഥ പുതിയ ഇന്ത്യയ്ക്കുവേണ്ടിയാണെന്ന വാദവുമായി മകനും കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിൻഹയെക്കൊണ്ട് ബിജെപി ലേഖനം എഴുതിപ്പിച്ചു. ചരക്കു സേവന നികുതി, നോട്ട് പിൻവലിക്കൽ, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം എന്നിവയെല്ലാം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ‘ഗെയിം ചേഞ്ച്’ വരുത്തുന്ന മാറ്റങ്ങളാണെന്നു ജയന്ത് അഭിപ്രായപ്പെട്ടു.

യശ്വന്ത് സിൻഹയെ ‘എൺപതാം വയസിലെ തൊഴിലന്വേഷകൻ’ എന്നു പരിഹസിച്ചാണ് ജയ്റ്റ്ലി മറുപടി കൊടുത്തത്. ബദ്ധവൈരികളായിരുന്ന സിൻഹയും പി.ചിദംബരവും തനിക്കെതിരെ ഒന്നിച്ചതിനെയും ജയ്റ്റ്ലി പരിഹസിച്ചു. പത്രത്തിൽ കോളമെഴുത്തുകാരനായി മാറിയ മുൻ ധനമന്ത്രിയെ പോലെ തനിക്ക് എന്തും വിളിച്ചുപറയാൻ കഴിയില്ലെന്നു പറഞ്ഞ ജയ്റ്റ്‌‍ലി, പ്രത്യക്ഷ നികുതി വരുമാനം നടപ്പു വർഷം ഇതേവരെ മുൻ വർഷത്തേക്കാൾ 15% കൂടിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.

∙ പേയ്ടിഎം അഥവാ പേയ് ടു മോദി

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മോദിയും പരസ്പരം പോർമുഖം കൂടുതൽ ശക്തമാക്കിയതും നോട്ടുനിരോധന കാലത്താണ്. അന്ധേരിക്കടുത്തു വകോളയിലെ എടിഎമ്മിനു മുന്നിൽ പണം മാറാനുള്ള നീണ്ട വരിയിൽ നിന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചും കോൺഗ്രസിന് രാഹുൽ ഊർജമേകി. പേയ്ടിഎം എന്നാൽ പേയ് ടു മോദിയെന്ന് ആക്ഷേപിച്ച് ഡിജിറ്റൽ പണമിടപാടുകളിലേക്കുള്ള ചുവടുമാറ്റത്തെയും രാഹുൽ പരിഹസിച്ചു.

ഒരൊറ്റ നടപടിയിലൂടെ മോദി പാവങ്ങളെയും കർഷകരെയും ദിവസത്തൊഴിലാളികളെയും തകർത്തുകളഞ്ഞു. നോട്ടുപിൻലിക്കൽ ധീരമായ നടപടിയല്ല,‍ വേണ്ടത്ര തയാറെടുപ്പില്ലാതെ കൈക്കൊണ്ട മണ്ടൻ തീരുമാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഞ്ചു ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും രാഹുൽ ഉന്നയിച്ചു. പണക്കാരനും പാവപ്പെട്ടവനും എന്ന നിലയിൽ ഇന്ത്യയെ രണ്ടായി വിഭജിക്കാൻ മോദി ശ്രമിച്ചു. 99 ശതമാനം വരുന്ന സത്യസന്ധരായ കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരും ഉൾപ്പെടുന്ന ജനത്തിനുമേൽ പ്രധാനമന്ത്രി തീബോംബ് വർഷിച്ചെന്നും രാഹുൽ വാക്ശരം എയ്തു.

രണ്ടാം ലോകയുദ്ധ കാലത്ത് 25 മിനിറ്റിനുള്ളിൽ വർഷിച്ച് ചാമ്പലാക്കാവുന്ന തീബോംബ് ഉണ്ടാക്കി ടോക്കിയോയിൽ പ്രയോഗിച്ചു. കറൻസി നോട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു നേർക്ക് മോദിയും തീബോംബ് വർഷിച്ചു. ഈ ആക്രമണം കള്ളപ്പണം കൈവശം വച്ചിരിക്കുന്ന ഒരു ശതമാനം ആളുകളുടെ നേർക്കായിരുന്നില്ല. പകരം 99 ശതമാനം വരുന്ന ഇന്ത്യയിലെ ദരിദ്രർക്കു നേരെയായിരുന്നു. സഹാറ, ബിർല ഗ്രൂപ്പുകളിൽ നിന്നായി പ്രധാനമന്ത്രി പലതവണയായി 52 കോടി കൈപ്പറ്റിയെന്ന ആരോപണവും രാഹുൽ ഉന്നയിച്ചു. രാഹുൽ പ്രസംഗിക്കാൻ പഠിച്ചതിൽ അതിരറ്റ സന്തോഷം എന്നായിരുന്നു മോദിയുടെ മറുപടി.

എത്ര നാളായി ജനം ക്യൂ നിൽക്കുന്നു. ഒരു ധനികനെയെങ്കിലും ക്യൂവിൽ കണ്ടോ? എത്ര പേർക്ക് ആവശ്യത്തിനു പണം കിട്ടി? മോദിക്കൊപ്പം വിമാനത്തിൽ പോകുന്ന സഹസ്ര കോടീശ്വൻമാരായ യഥാർഥ കള്ളപ്പണക്കാർക്കെതിരെ എന്തു നടപടിയാണ് ഇതുവരെ സ്വീകരിച്ചത്? മോദിയുടെ വ്യവസായ സുഹൃത്തുക്കളുടെ ക്രമക്കേടുകൾക്കെതിരെ എന്തെങ്കിലും അന്വേഷണം ഉണ്ടായോ? ജനം സ്വന്തം പണത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കുന്നു. ഈ പണമാണു പത്തോ ഇരുപതോ വ്യവസായികൾക്കു നൽകുന്നത്. അവർ ആരൊക്കെയെന്നു ജനങ്ങൾക്കറിയാം. അവരുടെ സർക്കാരിനെയാണു മോദി നയിക്കുന്നത്– നിരന്തരം വിമർശനങ്ങളുയർത്തി പ്രശ്നത്തെ സജീവമാക്കുന്നതിൽ രാഹുൽ ശ്രദ്ധിച്ചു.

∙ മുന്നറിയിപ്പായി രാഷ്ട്രപതിയുടെ വാക്കുകൾ

കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയും വിമർശിച്ചു. നടപടി രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ താൽക്കാലികമായ മാന്ദ്യത്തിന് ഇടയാക്കുമെന്നായിരുന്നു പുതുവർഷത്തിൽ രാഷ്ട്രപതിഭവനിൽനിന്നു ഗവർണർമാരോടും ലഫ്റ്റനന്റ് ഗവർണർമാരോടും വിഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കവേ പ്രണബ് മുഖർജി പറഞ്ഞത്.

കള്ളപ്പണം തടയാനും അഴിമതിയോടു പൊരുതാനുമുള്ള നടപടിയാണെങ്കിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പാട് അനുഭവിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നു നിർദേശിച്ച പ്രണബ് മുഖർജി, ദീർഘകാല പുരോഗതി ലക്ഷ്യമാക്കുമ്പോൾ ഒഴിവാക്കാനാവാത്ത കഷ്ടപ്പാടുകളാണ് ഇവയെന്ന് എടുത്തുപറയുകയുമുണ്ടായി. നോട്ട് അസാധുവാക്കൽ തീരുമാനത്തെ ധീരമായ നടപടി എന്നായിരുന്നു പ്രണബ് മുൻപു വിശേഷിപ്പിച്ചിരുന്നതെന്നതു ഇതിനൊപ്പം ചേർത്തു വായിക്കണം.

∙ നോട്ടുനിരോധനത്തിന് എതിരെ മനുഷ്യച്ചങ്ങല

നോട്ട് നിരോധനത്തെ സിപിഎമ്മും ഇടതുമുന്നണിയും കണക്കറ്റ് വിമർശിച്ചു. കറൻസി നോട്ട് പിൻവലിക്കൽ കാരണം ജനം നേരിടുന്ന ദുരിതത്തിലും സഹകരണ മേഖലയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് ഇടതുമുന്നണി കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ മനുഷ്യച്ചങ്ങല തീർത്തു. സഹകരണ മേഖലയ്ക്കെതിരെ നടന്ന നീക്കത്തിൽ എൽഡിഎഫിനൊപ്പം യുഡിഎഫ് കൈകോർക്കുകയും ചെയ്തു.

നോട്ട് അസാധുവാക്കൽ പദ്ധതി ദുരന്തമാണെന്നും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ ഓഫിസിനുമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറം യച്ചൂരി പറഞ്ഞു. ഉന്നതതല അഴിമതി വ്യാപിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും മാത്രമാണു നോട്ട് അസാധുവാക്കൽ ഉതകിയത്. രാജ്യം നേരിടുന്ന സാമ്പത്തിക അടിയന്തരാവസ്‌ഥ ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള അതിക്രമമാണ്. കള്ളപ്പണം, കള്ളനോട്ട്, അഴിമതി, ഭീകരപ്രവർത്തനത്തിനുള്ള ധനസഹായം എന്നിവയ്‌ക്കെതിരെയെന്ന പേരിൽ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ പൊള്ളയാണെന്നു വ്യക്‌തമായി. 14 ചോദ്യങ്ങളും ആവശ്യങ്ങളും യച്ചൂരി ഉന്നയിച്ചു.

ജനാധിപത്യ മനസ്സില്ലാത്തവർ രാജ്യത്തിന്റെ ഭരണാധികാരികളായാൽ നോട്ട് പിൻവലിക്കൽ പോലുള്ള മണ്ടൻ തീരുമാനങ്ങൾ ഉണ്ടാകുമെന്നും കാര്യങ്ങളറിയില്ലെങ്കിൽ ഉദ്യോഗസ്ഥരോടു ചോദിച്ചു മനസ്സിലാക്കുകയാണു നല്ല ഭരണാധികാരികൾ ചെയ്യേണ്ടത് എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. നോട്ട് പിൻവലിച്ചതിനെക്കാൾ രാജ്യം നേരിടുന്ന വിപത്ത് അതു നടപ്പാക്കിയ മോദിയുടെ മനോഭാവമാണെന്നും പിണറായി പറഞ്ഞു.

ഇനിയെങ്കിലും മോദി സർക്കാർ തലതിരിഞ്ഞ നയം മാറ്റാൻ തയാറായില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേക്കു നീങ്ങുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാജ്യത്തെ എല്ലാ മേഖലകളെയും കോർപറേറ്റ്‌വൽക്കരിക്കാനുള്ള ഗൂഢാലോചനയാണിതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കുറ്റപ്പെടുത്തി. 

കോട്ടും സ്യൂട്ടുമിട്ട് കാറിൽ നടക്കുന്ന മോദി സ്വന്തം തള്ളയെപ്പോലും പണത്തിനായി വരിയിൽ നിർത്തിയെന്നും വന്ദ്യവയോധികരെ കാത്തുനിർത്തിച്ചതിന്റെ ശാപം അദ്ദേഹം ഏതു ഗംഗയിൽ മുങ്ങിക്കുളിച്ചാലാണ് തീരുകയെന്നും ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ ചോദിച്ചു. എന്നാൽ, തീരുമാനം സാമ്പത്തിക വിപ്ലവമാണെന്നും ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യം കൂടിയാണ് എന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ മറുപടി.

∙ രാജ്യത്തിന്റെ നട്ടെല്ലു തകർക്കുന്നു

നോട്ട് അസാധുവാക്കിയതിൽ പ്രതിഷേധിച്ചു കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമര രംഗത്തുള്ള നേതാവാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. പ്രതിപക്ഷത്തിന്റെ സമരോർജമായ മമത പോരാട്ടത്തിൽനിന്ന് പിന്മാറിയതേയില്ല. ഇത്രയേറെ വൈരബുദ്ധിയോടെ പ്രവർത്തിക്കുന്ന ഭരണാധികാരിയെ കേന്ദ്രത്തിൽ കണ്ടിട്ടില്ല. അടിയന്തരാവസ്ഥക്കാലത്തു പോലുമില്ലാത്ത പ്രതിസന്ധിയിലൂടെയാണു രാജ്യം കടന്നുപോകുന്നത്. രാജ്യത്തിന്റെ നട്ടെല്ലു തകർക്കുകയാണ് അവരെന്നും മമത ആരോപിച്ചു.

മോദി രാജിവയ്ക്കണം. ബിജെപി നേതാക്കളായ അഡ്വാനി, ജയ്റ്റ്ലി, രാജ്നാഥ് സിങ് എന്നിവരിൽ ആരെങ്കിലും നേതൃത്വംനൽകുന്ന ദേശീയ സർക്കാർ രൂപീകരിക്കണം. മോദിക്കു രാജ്യത്തെ രക്ഷിക്കാനാവില്ല. ഇന്ത്യയെ രക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു. ഇടക്കാലത്ത് മോദിയോടല്ല, ബിജെപിയോടും അമിത് ഷായോടും ആണ് തനിക്ക് എതിർപ്പ് എന്ന് മയപ്പെടുത്തിയെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ മമത ആക്രമണം തുടർന്നു.

മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും നിതാന്തശത്രുനിരയിലുള്ള ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കേജ്‌രിവാളും വിട്ടുകൊടുത്തില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണു നോട്ട് പിൻവലിക്കൽ തീരുമാനമെന്ന് കേജ്‌രിവാൾ കുറ്റപ്പെടുത്തി. കർണാടക മുൻ ബിജെപി മന്ത്രി ജനാർദന റെഡ്ഡി മകളുടെ വിവാഹത്തിന് 500 കോടി രൂപയാണു ചെലവഴിച്ചത്. എന്നാൽ, സാധാരണക്കാർ രണ്ടരലക്ഷത്തിലധികം ചെലവഴിച്ചാൽ അവർക്കെതിരെ അന്വേഷണം. ബാങ്കുകൾക്കു മുന്നിൽ ക്യൂ നിൽക്കുന്നതു രാജ്യസ്നേഹമാണെന്നു പറഞ്ഞു പ്രധാനമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും കേജ്‌രിവാൾ പറഞ്ഞു.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയുടെ എതിർപാർട്ടികളെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നോട്ട് അസാധുവാക്കൽ നീക്കമെന്നായിരുന്നു സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) നിലപാട്. രാത്രിയിൽ പെട്ടെന്നു മോദി സ്വീകരിച്ച നടപടി ‘അനുഭവ പരിചയമില്ലായ്മ’യെയാണു കാണിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ, സ്‌റ്റാൻഡ് അപ് ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങൾ സർക്കാർ പറയുന്നുണ്ട്. മുദ്രാവാക്യ ഇന്ത്യ എന്നതാണു വേണ്ടത്. പ്രസംഗിച്ചാൽ പോരാ, പ്രവൃത്തി വേണമെന്നും എസ്പി വ്യക്തമാക്കി. എസ്പിയുടെ വാദങ്ങൾ യുപി തിരഞ്ഞെടുപ്പിൽ ശരിയാകുന്നത് ബിജെപിയുടെ വലിയ വിജയം തെളിയിച്ചത്.

നോട്ടുനിരോധനത്തെ എൻഡിഎ സഖ്യകക്ഷി തെലുങ്കുദേശം പാർട്ടിയും എതിർത്തു. നടപടിയുടെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്ന് പാർട്ടി നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. പിന്നീട് നായിഡു നിലപാട് മയപ്പെടുത്തി. താൻ നിരോധനത്തെ പിന്തുണയ്ക്കുന്നു. പക്ഷേ, നോട്ടുനിരോധനത്തിന്റെ പ്രശ്നങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് കേരള കോൺഗ്രസ് എം അഭിപ്രായപ്പെട്ടു. നോട്ട് പരിഷ്കാരം കാരണം രാജ്യത്തുണ്ടായ പ്രതിസന്ധി നേരിടാനുള്ള പരിഹാര മാർഗങ്ങൾ പ്രതീക്ഷിച്ച രാജ്യത്തെ ജനങ്ങൾ തീർത്തും നിരാശരായി. പ്രധാനമന്ത്രി വാഗ്ദാന ലംഘനം നടത്തിയതായി പാർട്ടി ചെയർമാൻ കെ.എം.മാണി പറഞ്ഞു. നിയമനിർമാണം നടത്താതെ നോട്ട് പിൻവലിക്കലിനു സാധുതയില്ല എന്നായിരുന്നു ആർഎസ്പി നേതാവും എംപിയുമായ എൻ.കെ.പ്രേമചന്ദ്രന്റെ അഭിപ്രായം. വിജ്ഞാപനം ഇറക്കിയശേ‌ഷം നിയമം പാസാക്കുന്നതു കുതിരയ്ക്കു മുന്നിൽ വണ്ടി കെട്ടുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ നോട്ടുകൾ അസാധുവാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ബിഎസ്‌പിയും പിന്തുണച്ചില്ല. മോദി ഫക്കീറായിക്കാണില്ല. എന്നാൽ രാജ്യത്തെ 90 ശതമാനം ജനതയും ഫക്കീറായിക്കഴിഞ്ഞു എന്നായിരുന്നു ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. നടപടിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് അണ്ണാ ഡിഎംകെയും നടത്തിയത്. നോട്ട് വിഷയത്തെ കുറിച്ചു പാർലമെന്റിനു പുറത്തു മാത്രം സംസാരിക്കുന്ന പ്രധാനമന്ത്രി ഭരണഘടനയെയും ജനാധിപത്യത്തെയും ചെറുതാക്കുകയാണെന്ന് പാർട്ടി മുഖപത്രമായ ‘ഡോ.നമത് എംജിആറി’ലെ ലേഖനം ആരോപിച്ചു.

എൻഡിഎ സഖ്യത്തിലല്ലെങ്കിലും കേന്ദ്ര സർക്കാരിനോടു മൃദുസമീപനം പുലർത്തിയിരുന്ന അണ്ണാ ഡിഎംകെ ആദ്യമായാണ് മോദി സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. പിന്നീട്, തമിഴ്‍നാട് രാഷ്ട്രീയം കലങ്ങിമറിഞ്ഞപ്പോൾ ബിജെപിയോടുള്ള എതിർപ്പെല്ലാം അണ്ണാ ഡിഎംകെ മാറ്റിവയ്ക്കുന്നതാണ് കണ്ടത്. നോട്ട് പിൻവലിക്കൽ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നല്ല നടപടിയാണെന്ന നിലപാടായിരുന്നു ആദ്യംമുതലേ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാറിന്റേത്.

1000, 500 രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി അഴിമതിക്കെതിരായ പോരാട്ടത്തിന്റെ തുടക്കമാണെന്നു വ്യക്തമാക്കിയ നിതീഷ്, നോട്ടുപിന്മാറ്റം സാധാരണക്കാരനു ഗുണംചെയ്യുമെന്ന നിലപാട് ആവർത്തിച്ചു. ഇതിനുപിന്നാലെ, പ്രതിപക്ഷനിരയിലെ ശക്തനായ നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാർട്ടി ജെഡിയുവും എൻഡിഎ മുന്നണിയിലേക്ക് കൂടുമാറി. ഫലത്തിൽ ബിഹാറിലെ ഭരണകക്ഷിയായി മാറാൻ ബിജെപിയെ നോട്ടുനിരോധനം സഹായിച്ചു.

∙ പ്രതീക്ഷയുടെ ചിറകടിയുമായി പ്രതിപക്ഷം

മോദീപ്രഭാവത്തിൽ ചിന്നിച്ചിതറിയ പ്രതിപക്ഷനിരയെ വിപുലീകരിക്കാനും ഊർജം പകരാനും നോട്ടുനിരോധനം വഴിയൊരുക്കി. പ്രതിപക്ഷത്തെ വിള്ളലിനും തീരുമാനം കാരണമായി. മോദിക്കെതിരെ രൂക്ഷ വിമർശനമഴിച്ചുവിട്ട് മമത ബാനർജിയും അരവിന്ദ് കേജ്‌രിവാളും സമരവുമായി തെരുവിലിറങ്ങി. ഡൽഹിയിലെ റിസർവ് ബാങ്ക് ഓഫിസിനു മുന്നിലും ഇവർ പ്രതിഷേധവുമായെത്തി. 

നോട്ടുപിൻവലിക്കലിനെതിരായ മമതയുടെ സമരത്തിൽ നാഷണൽ കോൺഫറൻസ്, ആം ആദ്മി പാർട്ടി, എൻഡ‍ിഎ ഘടകകക്ഷിയായ ശിവസേന എന്നിവയുടെ നേതാക്കൾ പങ്കെടുത്തു. രാഷ്ട്രപതി ഭവനിലേക്കു മാർച്ച് നടത്തിയ മമത, അന്നത്തെ രാഷ്ട്രപതിയെ കണ്ട് പ്രതിഷേധം അറിയിച്ചു. അതേസമയം, കോൺഗ്രസ്, എസ്പി, ഇടതുപാർട്ടികൾ, ബിസ്പി എന്നിവ മമതയുടെ പരിപാടികളിൽനിന്നു വിട്ടുനിന്നു. 

നോട്ട് റദ്ദാക്കൽ വാർഷികത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധദിനവും പല വഴിക്കാണ്. പ്രതിഷേധത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കാൻ വിളിച്ച മാധ്യമ സമ്മേളനത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുത്തില്ല. കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്, ശരദ് യാദവ് (ജെഡിയു), ഡെറക് ഒ ബ്രിയാൻ (തൃണമൂൽ) എന്നിവരാണു പ്രതിപക്ഷ പ്രക്ഷോഭ പരിപാടികളുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാൻ മാധ്യമങ്ങളെ കണ്ടത്.

പാർട്ടിയിലും സർക്കാരിലും നരേന്ദ്ര മോദിയുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചത് നോട്ടുനിരോധനമാണ്. തീരുമാനമെടുക്കലും നടപ്പാക്കലും താനൊറ്റയ്ക്കെന്ന് മോദി വീണ്ടും തെളിയിച്ചു. എന്നാൽ, എതിർപ്പുകളെ വകവയ്ക്കാതെ മുന്നോട്ടുപോകുന്ന മോദീശൈലിയുടെ വേഗം കുറഞ്ഞു. മോദിക്കുമുന്നിൽ കാലിടറിയ പ്രതിപക്ഷ കക്ഷികൾക്ക് അദ്ദേഹം തന്നെ നീട്ടിക്കൊടുത്ത പിടിവള്ളിയായി നോട്ടുനിരോധനം. ഇന്ത്യൻ രാഷ്ട്രീയത്തിലെ ബഹുസ്വരത വീണ്ടും കേട്ടുതുടങ്ങി. തിരഞ്ഞെടുപ്പുകൾ മാത്രം ലക്ഷ്യമിട്ടുള്ള ‘കൈ കൊടുക്കലുകൾ’ ഉപേക്ഷിച്ചു. രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും കാമ്പും കഴമ്പും വെളിവാക്കുന്ന ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് നോട്ടുനിരോധനം. ആരൊക്കെ നിറം മാറുമെന്ന് ജനം മനസ്സിലാക്കുകയാണ്.