മോദിയല്ലാതൊരു മാർഗമില്ല !

ന്യൂഡൽഹി∙ നാലാംവർഷം പ്രധാനമന്ത്രിമാർക്കു കാറ്റും കോളും നിറഞ്ഞതാണ്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശ്വാസം പകരുന്നതാണ് ആറാംവട്ടവും ഗുജറാത്തിൽ സ്വന്തം പ്രഭാവംകൊണ്ടു മാത്രം നേടിയ വിജയം. ഭരണവിരുദ്ധ വികാരം മുതലാക്കാൻ സടകുടഞ്ഞെഴുന്നേറ്റ കോൺഗ്രസിന്റെ വെല്ലുവിളി ഏറ്റെടുത്തതു മുഖ്യമന്ത്രി വിജയ് രൂപാണിയേക്കാൾ നരേന്ദ്ര മോദിയായിരുന്നു.

ഗുജറാത്തിൽ ഭരണം നിലനിർത്താനും ഹിമാചലിൽ അധികാരം പിടിക്കാനും കഴിഞ്ഞതോടെ പാർട്ടിയുടെ നെടുന്തൂൺ നരേന്ദ്ര മോദിയാണെന്ന് ഒന്നുകൂടി വ്യക്തമായി. ഹിമാചലിൽ പ്രാദേശിക നേതാക്കൾ ഒരു ചലനവും ഉണ്ടാക്കിയില്ല. അവിടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ പ്രേംകുമാർ ധൂമാലിനു സ്വന്തം സീറ്റ് നിലനിർത്താനായില്ല. വോട്ടു പിടിക്കാൻ ശേഷിയുള്ള ഏക നേതാവിന്റെ വിജയങ്ങൾ ഒരു കാര്യംകൂടി അടിവരയിടുന്നു – ബിജെപിയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് ഒരു വെല്ലുവിളിയുമില്ല. ഓരോ തിരഞ്ഞെടുപ്പിലും പാർട്ടിയെ വിജയത്തിലേക്കു നയിക്കുക എന്ന ഭീമൻ ദൗത്യമേറ്റെടുത്തിരിക്കുന്നു മോദി.

ഗുജറാത്തിലെയും ഹിമാചലിലെയും വോട്ടെണ്ണലിനു മുൻപേതന്നെ മിസോറമിലെയും മേഘാലയയിലെയും പ്രചാരണരംഗത്തേക്കു മോദി പോയിക്കഴിഞ്ഞു. ത്രിപുരയ്ക്കൊപ്പം ഈ സംസ്ഥാനങ്ങളിലും 2018 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടക്കും. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന ലക്ഷ്യവുമായി മോദി മുന്നേറുമ്പോൾ, സ്വന്തമായി ഒരു മുഖ്യമന്ത്രി പോലുമില്ലാത്ത അവസ്ഥയാണു കോൺഗ്രസ് വരുന്ന വർഷം നേരിടുന്നത്.

ഈ മൂന്നു സംസ്ഥാനങ്ങൾക്കു പുറമേ അടുത്ത വർഷം കർണാടക (ഏപ്രിൽ), മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, നാഗാലാൻഡ് (വർഷാവസാനം) എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കും. ഇതിൽ ആറു സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടും. ത്രിപുരയിൽ സിപിഎമ്മാണു മുഖ്യശക്തി; കർണാടക, മേഘാലയ, മിസോറം എന്നിവിടങ്ങളിൽ കോൺഗ്രസ് ഭരണം നിലനിർത്താൻ പോരാടുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയാണു ഭരണകക്ഷി. ത്രിപുരയിൽ ദീർഘകാലമായി ഭരണത്തിൽ സിപിഎമ്മാണ്; നാഗാലൻഡിൽ നാഗാ പീപ്പിൾസ് ഫ്രണ്ടും. അവിടെ ബിജെപി ശക്തിയല്ല.

മൂന്നു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന വരുന്ന വർഷത്തെ എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ സെമിഫൈനലാണ്. രാഹുൽ ഗാന്ധിയെ താറടിക്കുന്നതിനു പോയവർഷങ്ങളിൽ ബിജെപി ഒരുപാട് ഊർജം ചെലവഴിച്ചെങ്കിലും ഇപ്പോൾ രാജ്യത്തെ പ്രതിപക്ഷത്തിന്റെ മുഖം രാഹുലാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പ്രാദേശിക ശക്തികളായ കക്ഷികൾ പലയിടത്തും കോൺഗ്രസുമായി കൂട്ടുകൂടിയേക്കും.

എന്നാൽ, കേരളം (സിപിഎം), ബംഗാൾ (തൃണമൂൽ), ഒഡീഷ (ബിജു ജനതാദൾ), ഡൽഹി (ആം ആദ്മി) എന്നീ സംസ്ഥാനങ്ങളിൽ അതതു ഭരണ കക്ഷികൾക്കു മുഖ്യ എതിരാളി കോൺഗ്രസാണെന്ന പ്രശ്നവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഭൂരിപക്ഷം കിട്ടാതെ വന്നാൽ, ഈ കക്ഷികൾ കോൺഗ്രസുമായി തിരഞ്ഞെടുപ്പിനു ശേഷം ധാരണ ഉണ്ടാക്കാൻ മടിക്കില്ല. ഗുജറാത്തിനുശേഷം മോദിക്കും രാഹുലിനും ഇനി വിശ്രമിക്കാൻ നേരമില്ല.