തോൽവിയിലെ ആവേശം

തിരഞ്ഞെടുപ്പുഫലം വന്നുകൊണ്ടിരിക്കെ പാർലമെന്റിലേക്കെത്തുന്ന രാഹുൽ ഗാന്ധി.

ന്യൂഡൽഹി ∙ വിജയത്തിന് ആയിരം അവകാശികൾ; തോൽവി അനാഥം എന്നു ജോൺ എഫ്. കെന്നഡി പറഞ്ഞതു വെറുതെ. ഗുജറാത്തിലെ തോൽ‌വി രാഹുൽ ഗാന്ധിയും കോൺഗ്രസും ‘ആവേശപൂർവം’ ഏറ്റെടുക്കുന്നു. മാസങ്ങൾക്കു മുൻപു മണിപ്പുരിലും ഗോവയിലും കൂടുതൽ സീറ്റുകൾ കിട്ടിയിട്ടു പോലും വിജയത്തിന് അവകാശവാദമുന്നയിക്കാൻ കഴിയാതിരുന്ന പാർട്ടി തോൽവിയിലൂടെ ഉണർന്നെണീൽക്കുന്നതിനു കാരണമുണ്ട്: രാഹുൽ ഒറ്റയ്ക്കു പ്രചാരണനേതൃത്വം ഏറ്റെടുത്ത ആദ്യ തിരഞ്ഞെടുപ്പാണിത്; രാഹുൽ പാർട്ടി അധ്യക്ഷനായ ശേഷം വന്ന ആദ്യ തിരഞ്ഞെടുപ്പു ഫലവും. എക്സിറ്റ് ഫലങ്ങൾ ബിജെപിയുടെ ഏകപക്ഷീയ വിജയം പ്രവചിച്ചപ്പോൾ 75 സീറ്റെങ്കിലും നേടുകയെന്നതായിരുന്നു കോൺഗ്രസിന്റെ വി‌ദൂരസ്വപ്നം. അതിലേറെ സാധിച്ചിരിക്കുന്നു.

വാജ്പേയ് – സോണിയ; നമോ – രാഗ

ബിജെപിയുടെ അനിഷേധ്യ നേതാവായിരുന്ന വാജ്പേയിക്കെതിരെ സോണിയ ഗാന്ധിയെന്ന നവാഗത രാഷ്ട്രീയക്കാരി നയിച്ച പോരാട്ടത്തിനു സമാനമായിരുന്നു ഗുജറാത്തിൽ രാഹുലിന്റേതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നേർക്കുനേർ പോരാട്ടത്തിൽ നിയുക്ത കോൺഗ്രസ് അധ്യക്ഷൻ കാര്യമായ നേട്ടമുണ്ടാക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എങ്കിലും, സംസ്ഥാനമെങ്ങും പ്രചാരണം നടത്തിയ രാഹുൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി.

ഇനി ആ ലേബൽ  വേണ്ട

‘ഇതൊരു യാത്രയുടെ തുടക്കം, ഇനി ഞങ്ങൾ മുന്നോട്ട്’, എന്നായിരുന്നു ഫലമറിഞ്ഞതിനു പിന്നാലെ ശശി തരൂർ എംപിയുടെ പ്രതികരണം. ശൂന്യതയിൽനിന്ന് അഭിമാനകരമായ നേട്ടത്തിലേക്ക്’ എ‌ന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നി‌രീക്ഷണം. ഇത്, കോൺഗ്രസിൽ രൂപപ്പെടുന്ന പുതിയ ഊർജസ്വലതയുടെ സൂചനയായി.

രാഷ്ട്രീയ പക്വതയിലേക്ക് വലിയൊരു ചുവട്

മോദിയെയും ബിജെപിയെയും അതേ നാണയത്തിൽ നേരിടാതിരിക്കാൻ രാഹുൽ കാട്ടിയ പക്വത, വിജയിക്കുന്നുവെന്നു കൂടി വ്യാഖ്യാനിക്കാം. മുൻ പ്രധാനമന്ത്രി പാക്കിസ്ഥാനുമായി ഉപജാപം നടത്തിയെന്നു മോദി പറഞ്ഞപ്പോൾ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫിസിനെയും ആദരിക്കുമെന്നാണു രാഹുൽ പറഞ്ഞത്. മണിശങ്കർ അയ്യരുടെ ‘നീച’ പ്രയോഗത്തിനു പരി‌ഹാരം അച്ചടക്ക നടപടിയായിരുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകർക്കു രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ: ‘നിങ്ങളെച്ചൊല്ലി ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ അരിശത്തെ അ‌ന്തസ്സു കൊണ്ടു നേരിട്ടു. കോൺഗ്രസിന്റെ കരുത്തു മാന്യതയും ധൈര്യവുമാണെന്നു തെളിയിച്ചു.’

പ്രാദേശിക മുഖങ്ങളും സംഘടനാശക്തിയും

കോൺഗ്രസിനു മുന്നിൽ ഗൗരവമുള്ള രണ്ടു വിഷയങ്ങൾ ഗുജറാത്ത് ഫലം തുറന്നുകാട്ടുന്നുണ്ട്: ശക്തരായ പ്രാദേശിക നേതാക്കൾ വേണം. അടിത്തട്ടിൽ പാർട്ടി സംവിധാനവും. ഗുജറാത്തിൽ ഇതു രണ്ടും ഉണ്ടായിരുന്നില്ല. സ്വന്തം കാലിൽ നിൽക്കാൻ കെൽപുള്ള നേതൃനിരയെ സംസ്ഥാനങ്ങളിൽ വളർത്തിയെടുക്കുകയെന്ന വെല്ലുവിളിയാണു രാഹുൽ നേരിടുന്നത്.