ആടിയുലഞ്ഞെങ്കിലും അക്കരെ കടന്നു

തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷം ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും.

ഓഖി ചുഴലിക്കാറ്റ് ഗുജറാത്തിൽ വീശാതെ മാറിപ്പോയെങ്കിലും അവിടത്തെ ബിജെപിക്കു രാഷ്ട്രീയച്ചുഴലി വിനയായി. നൂറ്റൻപതിലധികം സീറ്റു കിട്ടി യുപി മോഡൽ വിജയം നേടുമെന്ന അമിത ആത്മവിശ്വാസത്തിനാണു തകർച്ച പറ്റിയത്. പക്ഷേ, പ്രതിസന്ധികളിൽ നിന്നു സ്വയം രക്ഷിച്ചെടുത്തു നേടിയതാണ് ഈ വിജയം എന്നു പറയാതിരിക്കാനാവില്ല. പട്ടേൽ സംവരണ പ്രക്ഷോഭം കത്തിപ്പടർന്ന സൗരാഷ്ട്ര മേഖലയിലാണു വൻതിരിച്ചടി കിട്ടിയത്. ദലിത് പീഡനങ്ങളെത്തുടർന്ന് അവരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം, ജിഎസ്ടി–നോട്ട് നിരോധനം എന്നിവയ്ക്കെതിരെയുയർന്ന സമരങ്ങൾ, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ എന്നിവയായിരുന്നു പ്രധാന വെല്ലുവിളികൾ. പട്ടേൽ പ്രക്ഷോഭവും പൊലീസ് വെടിവയ്പിലെ മരണങ്ങളും ഉന പീഡനവും ബിജെപിക്കു മുഖ്യമന്ത്രിയെ വരെ മാറ്റിയിരുത്തേണ്ട സാഹചര്യമുണ്ടാക്കി.

ഇത്രയേറെ പ്രതിസന്ധികളുണ്ടായിട്ടും എളുപ്പം ജയിച്ചുകയറാവുന്ന അവസ്ഥയായിരുന്നു 2016 നവംബർ വരെ ബിജെപിക്ക്. മറുവശത്തു കോൺഗ്രസിന് 2015ലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഗ്രാമപ്രദേശങ്ങളിലെ സീറ്റുകൾ കൂടുതൽ നേടാനായി എന്ന മെച്ചം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാൽ, 2016 നവംബറിലെ നോട്ടു നിരോധനം സംസ്ഥാനത്തെ ഗ്രാമീണ സമ്പദ്‍വ്യവസ്ഥയെ അക്ഷരാർഥത്തിൽ തകർത്തുവെന്ന് ആക്ഷേപമുയർന്നു. പിന്നാലെ വന്ന ജിഎസ്ടിക്കെതിരെ വലിയ തോതിൽ പ്രതിഷേധമുണ്ടായതു ബിജെപിയെ അടിതെറ്റിക്കാൻ പോന്നതായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായും അമിത് ഷാ ദേശീയ അധ്യക്ഷനായും പോയതിനു ശേഷം തലയെടുപ്പുള്ള നേതാവില്ലാത്തതും ബിജെപിയെ വെട്ടിലാക്കി. ഇതിനു പുറമേയായിരുന്നു 22 വർഷമായി ഭരണത്തിൽ തുടരുന്നതുമൂലമുള്ള ശക്തമായ ഭരണവിരുദ്ധ വികാരം. ഇതിനിടെ, ലോട്ടറി അടിച്ചതുപോലെ രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേലിനെ കഷ്ടിച്ചു ജയിപ്പിക്കാൻ കഴിഞ്ഞതു കോൺഗ്രസിനു ചെറിയൊരുന്മേഷം നൽകി. 

ഈ വെല്ലുവിളികളെ ബിജെപി നേരിട്ടതു പഞ്ചതന്ത്രങ്ങൾ കൊണ്ടാണ്:

1. മോദി കാർഡ്

2. ഗുജറാത്ത് അഭിമാനം എന്ന വികാരം

3. കോൺഗ്രസ് വിരുദ്ധത ആളിക്കത്തിക്കൽ

4. വികസന വാദം

5. വർഗീയ പരാമർശങ്ങൾ

മോദി പ്രഭാവവും ക്രൈസിസ് മാനേജ്മെന്റ് വൈദഗ്ധ്യവും

മോദി ഇടവിട്ടിടവിട്ട് എത്തി പ്രചാരണ മഹാമഹം തന്നെ നടത്തി. വൻവികസനം ബിജെപിക്കു മാത്രമേ സാധ്യമാകൂ എന്ന പ്രചാരണം കുറിക്കു കൊണ്ടു. ബുള്ളറ്റ് ട്രെയിൻ, നർമദ പോലുള്ള വൻ അണകൾ എന്നിവയിൽ കത്തിക്കയറിയ പ്രചാരണം ജലവിമാനത്തിലെത്തി ആളും ആരവവും കൂട്ടി കലാശക്കൊട്ടിലെത്തിച്ചു മോദി.പ്രതിഷേധക്കൊടുങ്കാറ്റുകളിൽ പിടിച്ചുനിൽക്കാൻ സാധിച്ചത് ഈ മോദി പ്രഭാവം ഒന്നുകൊണ്ടു മാത്രം. പട്ടേൽ സമുദായത്തെ ഒന്നിച്ചുനിർത്തി കണ്ണിൽക്കരടായ ഹാർദിക്കിനെ ഒറ്റപ്പെടുത്തി പറഞ്ഞുമയപ്പെടുത്തി. കോൺഗ്രസിന്റെ പട്ടേൽ സംവരണ ഫോർമുല ‘വെള്ളത്തിലെഴുതിയ വാക്കുകൾ’ ആണെന്നു പ്രചരിപ്പിച്ചതിലൂടെ പട്ടേൽ തരംഗമുണ്ടാകാതെ പിടിച്ചുനിർത്തുകയും ചെയ്തു.

കോൺഗ്രസിന്റെ കണ്ണു കർഷകരുടെ ദുരിതങ്ങളിലാണെന്നു മനസ്സിലാക്കിയതോടെ പൊടിക്കൈകൾ കൊണ്ട് അവരെയും ഒരു പരിധി വരെ കയ്യിലെടുക്കാൻ ശ്രമമുണ്ടായി.സൂറത്ത്, വഡോദര, അങ്കലേശ്വർ തുടങ്ങിയ വ്യാപാര തട്ടകങ്ങളിൽ ജിഎസ്ടിക്കെതിരെ നാളിതുവരെ കാണാത്ത ആവേശത്തിലാണു പ്രതിഷേധങ്ങളുണ്ടായത്. ബിസിനസ് മേഖല ദശകങ്ങളായി ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു. അതിൽ ഓട്ട വീണാൽ പണി പാളുമെന്ന് അവർക്കു പെട്ടെന്നു പിടികിട്ടി. പാർട്ടിയിൽനിന്നു നേതാക്കളടക്കം വിട്ടുപോവുന്ന അവസ്ഥ വരെയുണ്ടായി.

ഇവിടെയാണു ബിജെപിയുടെ ക്രൈസിസ് മാനേജ്മെന്റ് സംവിധാനത്തിന്റെ വിജയം. ജിഎസ്ടി വന്നാലും ചെറുകിട വ്യാപാരികളെ ദ്രോഹിക്കില്ലെന്ന പ്രഖ്യാപനം, പഴയ കണക്കുപുസ്തകങ്ങൾ കുത്തിപ്പുറത്തെടുക്കില്ലെന്ന ഉറപ്പ്, ജിഎസ്ടി നിരക്കുകളിൽ വരുത്തിയ ഭേദഗതികൾ, വ്യാപാര–വാണിജ്യ നേതാക്കളുമായുള്ള ഒത്തുതീർപ്പുകൾ... ജിഎസ്ടി വിരുദ്ധ പ്രതിഷേധം എതിർ തരംഗമാകാതെ വെള്ളമൊഴിച്ചു കെടുത്തി.

ശരാശരി ഗുജറാത്തി തങ്ങളെ കൈവിടില്ലെന്നു ബിജെപിക്ക് ഉറപ്പുണ്ടായിരുന്നു. അതങ്ങനെതന്നെ ആയിരുന്നു. തങ്ങളുടെ കാര്യം സുഗമമായി നടന്നാൽ പിന്നെ ഒരു പരാതിയുമില്ല ഗുജറാത്തിക്ക്. മാത്രമല്ല, ബിജെപിക്ക് ഒരു ബദൽ ഇല്ലതാനും. ബിജെപിത്തഴമ്പുവീണ ഗുജറാത്തി മനസ്സിൽ അതു മായ്ച്ചെഴുതാൻ കോൺഗ്രസിനു വേണ്ടതുപോലെ സാധിച്ചതുമില്ല. 

രണ്ടാംഘട്ടത്തിലെ ഗീയർ മാറ്റം

ആദ്യഘട്ടത്തിൽ വോട്ടുകൾ യന്ത്രത്തിൽ വീണതോടെ ബിജെപി അപകടം മണത്തു. ഉത്തര ഗുജറാത്തിലെയും മധ്യഗുജറാത്തിലേയും 93 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും കഴിഞ്ഞ തവണ തങ്ങൾക്കൊപ്പമായിരുന്നെങ്കിലും ജിഎസ്ടി തിരിച്ചടിക്കുമോ എന്ന പേടി ബാക്കിനിന്നു. രാഹുലിന്റെ പ്രചാരണം കത്തിക്കയറിയതോടെ നഗരമനസ്സ് ആടിയുലയുന്നു എന്നതിനു തെളിവായി അഭിപ്രായ സർവേകളുമെത്തിയതോടെ അങ്കലാപ്പ് വർധിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണു ബിജെപി ഗീയർ മാറ്റിയത്. വർഗീയതയും പാക്ക് വിരോധവും നീചനെന്നു വിളിച്ചെന്ന പരാതിയുമൊക്കെ മാറിമാറിക്കളിച്ചു.

നീചനെന്ന പരാമർശത്തിലൂടെ കോൺഗ്രസ് ഗുജറാത്തിനെയാണ് അപമാനിച്ചതെന്നും താൻ താഴ്ന്ന ജാതിയാണെന്നതിൽ അഭിമാനിക്കുന്നെന്നും മറ്റുമുള്ള ഒളിയമ്പുകൾ മോദിയുടെ ആവനാഴിയിൽനിന്നു പുറത്തുവന്നു. ഗുജറാത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു പാക്കിസ്ഥാനാണെന്നുള്ള പരാമർശത്തിലൂടെ നഗരങ്ങളിലെ ഇടത്തരം–ധനിക വോട്ടർമാർക്കിടയിൽ സ്വതവേയുള്ള സുരക്ഷാഭീതിയെ ഊതിക്കത്തിച്ചു. കോൺഗ്രസ് വന്നാൽ കഴിഞ്ഞ 15 വർഷമായി സംസ്ഥാനത്തുനിന്ന് ഒഴിച്ചുനിർത്തിയിരുന്ന കലാപങ്ങൾ തിരിച്ചുവരുമെന്ന ആശങ്കയും ഉയർത്തി. 

രണ്ടാം ഘട്ടത്തിലെ വോട്ടർമാരെ ജിഎസ്ടിയും കർഷകപ്രശ്നങ്ങളും പട്ടേൽ സംവരണവും സ്വാധീനിച്ചില്ല. വീണ്ടും അധികാരം പിടിക്കാൻ വേണ്ട സീറ്റ് ബിജെപിക്കു നൽകിയതു രണ്ടാം ഘട്ടമാണ്. 

ഗുജറാത്ത് മേഖല തിരിച്ചുള്ള കണക്ക്

∙ കച്ച് – സൗരാഷ്ട്ര (ആകെ 54)

ബിജെപി: 23, കോൺഗ്രസ്: 30, എൻസിപി: 1

∙ ഉത്തര ഗുജറാത്ത് (53)

ബിജെപി: 29, കോൺഗ്രസ്: 23, സ്വതന്ത്രൻ (ജിഗ്നേഷ്): 1

∙ മധ്യ ഗുജറാത്ത് (40)

ബിജെപി: 22, കോൺഗ്രസ്: 16, സ്വതന്ത്രൻ: 2

∙ ദക്ഷിണ ഗുജറാത്ത് (35) 

ബിജെപി:25, കോൺഗ്രസ്: 8, ബിടിപി: 2