Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു, വോട്ടു പിടിച്ചു, മലപ്പുറത്തിന് അഭിമാനിക്കാം

league വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ. കോളജിനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശം. ചിത്രം: സമീർ.എ.ഹമീദ്

മലപ്പുറം∙ യുഡിഎഫ് വിതച്ചു യുഡിഎഫ് കൊയ്തു. കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്റെ വിജയത്തിനായി യുഡിഎഫ് സംവിധാനം ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ വിജയം അനായാസമായി. മുന്നണിയിലെ പടലപിണക്കങ്ങൾക്ക് പരിഹാരം കാണാനും ഊർജം സംഭരിക്കാനും മുന്നണിക്കായി എന്നതാണു മറ്റൊരു നേട്ടം.

മലപ്പുറത്തു മത്സരിക്കാനിറങ്ങുമ്പോൾ വിജയമല്ല ഭൂരിപക്ഷമാണു മുന്നണിെയ അലട്ടിയത്. പ്രത്യേകിച്ചും, മുന്നണിയിൽ സർവസമ്മതനായ കുഞ്ഞാലിക്കുട്ടിയെന്ന നേതാവ് മത്സരത്തിനിറങ്ങുമ്പോൾ. അപ്രതീക്ഷിതമായി സ്ഥാനാർഥിത്വം വന്നുചേർന്നപ്പോൾ മുന്നണിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് കുഞ്ഞാലിക്കുട്ടി ആദ്യം ശ്രമിച്ചത്. മികച്ച വിജയത്തിന് അത് ആവശ്യമായിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്– ലീഗ് തർക്കങ്ങൾ മുന്നണിക്കുണ്ടാക്കിയ തിരിച്ചടി വലുതായിരുന്നു. താനൂരിൽ ലീഗും നിലമ്പൂരിലും കോൺഗ്രസും പരാജയപ്പെട്ടു. രണ്ടിടത്തും എൽഡിഎഫ് സ്വതന്ത്രരാണ് മത്സരിച്ചത്. എൽഡിഎഫ് എംഎൽഎമാർ രണ്ടിൽനിന്ന് നാലായപ്പോൾ അതിൽ മൂന്നും സ്വതന്ത്രരായിരുന്നു.

മുന്നണിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക നേതൃത്വത്തിനിടയിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുതീർക്കാനാണു കുഞ്ഞാലിക്കുട്ടി ആദ്യം ശ്രമിച്ചത്. കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ ഒന്നിച്ച് കുഞ്ഞാലിക്കുട്ടിക്കു പിന്നിൽ അണിനിരന്നതോടെ കാര്യങ്ങൾ എളുപ്പമായി. കൊണ്ടോട്ടി, വള്ളിക്കുന്ന്, മഞ്ചേരി മണ്ഡലങ്ങളിലെ ലീഗ്– കോൺഗ്രസ് പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചു. പ്രചാരണത്തിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം മലപ്പുറത്തെത്തി.

ഉമ്മൻചാണ്ടിയും രമേശ്ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ ദിവസങ്ങളോളം മണ്ഡലത്തിൽ ക്യാമ്പു ചെയ്തു പ്രവർത്തിച്ചു. കെ.എം. മാണി കുഞ്ഞാലിക്കുട്ടിക്കു പിന്തുണ പ്രഖ്യാപിക്കുകയും പ്രവർത്തകർ പ്രചാരണത്തിനെത്തുകയും ചെയ്തതോടെ മുന്നണിയിലെ പ്രശ്നങ്ങൾക്ക് താൽക്കാലികമായെങ്കിലും പരിഹാരമാകുകയാണെന്ന തോന്നൽ പ്രവർത്തകർക്കിടയിലുണ്ടായി.

udf വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ. കോളജിനു മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ ആവേശം. ചിത്രം: സമീർ.എ.ഹമീദ്

മറുവശത്തു ലീഗിലും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. കഴിഞ്ഞ തവണ ഇ. അഹമ്മിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ലീഗിൽതന്നെ എതിർപ്പുയർന്നെങ്കിൽ ഇത്തവണ കാര്യങ്ങൾ എളുപ്പമായിരുന്നു. ലീഗ് പ്രവർത്തകർ ഒറ്റകെട്ടായി പ്രചാരണത്തിനിറങ്ങി. സർക്കാരിന്റെ പൊലീസ് നയവും,ജിഷ്ണു പ്രണോയ് സംഭവവുമെല്ലാം അവർക്ക് ആയുധമായി.

രാഷ്ട്രീയമായി ഇടതുപക്ഷത്തെ ആക്രമിക്കാതെ മത്സരിക്കാനുള്ള സാഹചര്യം വിശദീകരിച്ചും കേന്ദ്ര സർക്കാരിന്റെ നയങ്ങളിലെ അപകടം പരോക്ഷമായി സൂചിപ്പിച്ചുമുള്ള പ്രചാരണമാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. ബിെജപിക്കെതിരായി കോൺഗ്രസ് നേതൃത്വത്തിൽ മതേതര ശക്തികൾ ഒന്നിക്കണമെന്ന പ്രചാരണം ജനങ്ങൾ മുഖവിലയ്ക്കെടുത്തെന്നു ലീഗ് വിലയിരുത്തുന്നു.

ഒരുഘട്ടത്തിൽ പോലും കുഞ്ഞാലിക്കുട്ടിക്കു വെല്ലുവിളി ഉയർത്താൻ ഇരു മുന്നണികൾക്കുമായില്ല. സിപിഎമ്മിനു സ്വാധീനമുള്ള മേഖലകളിൽപോലും മികച്ച നേട്ടമുണ്ടാക്കാൻ യുഡിഎഫിനായി. കൊണ്ടോട്ടിയിലും മഞ്ചേരിയിലും പെരിന്തൽമണ്ണയിലും ആദ്യം ചെറിയ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിന് കഴിഞ്ഞെങ്കിലും പിന്നീട് ഇവിടങ്ങളിലെല്ലാം ബഹുദൂരം പിന്നിലായി. ഒരു മണ്ഡലത്തിൽപോലും  മുന്നേറാൻ എൽഡിഎഫിനായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മഞ്ചേരിയിലും വേങ്ങരയിലുമെല്ലാം കൂടുതൽ വോട്ടുകൾ ലഭിച്ചു.

വിജയം സുനിശ്ചിതമായിരുന്നു. അതിന്റെ തിളക്കം എത്ര വർധിക്കുന്നു എന്നതിലായിരുന്നു മുന്നണിയുടെ നോട്ടം. ആഗ്രഹിച്ച വിജയം സ്വന്തമാക്കിയതു മുന്നണിക്കു പകർന്നു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. എൽഡിഎഫ് സർക്കാർ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുകയാണെങ്കിലും യുഡിഎഫിന് അതൊന്നും രാഷ്ട്രീയമായി നേരിടാനോ, നേട്ടമുണ്ടാക്കാനോ കഴിയുന്നില്ലെന്ന ആക്ഷേപം മുന്നണിയിൽ ശക്തമായിരുന്നു. പ്രത്യേകിച്ചു കോൺഗ്രസിൽ. തിരഞ്ഞെടുപ്പ് വിജയം കാര്യങ്ങളിൽ മാറ്റമുണ്ടാക്കുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. ലോക്സഭാതിരഞ്ഞെടുപ്പിനെ നേരിടാൻ ഇതു പാർട്ടിക്കു കൂടുതൽ കരുത്തു പകർന്നു നൽകും. 

related stories
Your Rating: