Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതിയുടെ കണക്ക് പുസ്തകം

Presidents-of-India ഡോ. രാജേന്ദ്രപ്രസാദ്, കെ.ആർ.നാരായണൻ, പ്രതിഭാ പാട്ടീൽ

15–ാമത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. എന്നാൽ വ്യാഴാഴ്ച ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ഇന്ത്യയ്ക്കു ലഭിക്കുന്നത് 14–ാമത് രാഷ്ട്രപതിയെയാണ്.

Presidential Election India 2017 | രാഷ്ട്രപതി തിരഞ്ഞെടുപ്പ് 2017

12 വർഷം

ഭരണഘടന അനുസരിച്ചുള്ള തിരഞ്ഞെടുപ്പിലൂടെ ഡോ. രാജേന്ദ്രപ്രസാദ് 1952 ലും 1957 ലും രാഷ്‌ട്രപതിയായി. 1950 ജനുവരി 24 ന് കോൺസ്‌റ്റിറ്റ്യുവന്റ് അസംബ്ലി ഐകകണ്‌ഠ്യേന രാഷ്‌ട്രപതിയായി തിരഞ്ഞെടുത്തിരുന്നതിനാൽ ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26 മുതൽ ഇദ്ദേഹം തന്നെയായിരുന്നു രാഷ്‌ട്രത്തലവൻ. രാഷ്‌ട്രപതിസ്‌ഥാനം ഏറ്റവും കൂടുതൽ കാലം (12 വർഷം മൂന്നര മാസം) വഹിച്ചത് ഇദ്ദേഹമാണ്. സാധുവായ വോട്ടുകളിൽ ഏറ്റവും ഉയർന്ന ശതമാനം (99.24) നേടിയാണ് 1957 ൽ ഇദ്ദേഹം വിജയിച്ചത്.

രണ്ടു വർഷം

പദവിയിലിരുന്നു മരിച്ചത് രണ്ടു രാഷ്ട്രപതിമാരാണ്. ആക്‌ടിങ് പ്രസിഡന്റുമാരൊഴികെ ഏറ്റവും കുറഞ്ഞ കാലം (രണ്ടു വർഷം) രാഷ്‌ട്രപതിസ്‌ഥാനം വഹിച്ചത് ഡോ. സക്കീർ ഹുസൈനാണ്. അദ്ദേഹം 1969 മേയ് മൂന്നിന് അന്തരിച്ചപ്പോൾ ഉപരാഷ്‌ട്രപതി വി.വി. ഗിരിയും ഫക്രുദ്ദീൻ അലി അഹമ്മദ് 1977 ഫെബ്രുവരി 11 ന് അന്തരിച്ചപ്പോൾ ബി.ഡി. ജട്ടിയും താൽക്കാലിക രാഷ്‌ട്രപതിമാരായി. പിന്നീട് (1979 - 84) ഉപരാഷ്‌ട്രപതിയായ മുഹമ്മദ് ഹിദായത്തുല്ല സുപ്രീം കോടതി ചീഫ് ജസ്‌റ്റീസായിരിക്കുമ്പോൾ 35 ദിവസം (1969 ജൂലൈ 20 - ആഗസ്‌റ്റ് 24) ആക്‌ടിങ് പ്രസിഡന്റായിട്ടുണ്ട്. രാഷ്‌ട്രപതി സ്‌ഥാനത്തേക്കു മത്സരിക്കാനായി ആക്‌ടിങ് പ്രസിഡന്റ് വി.വി. ഗിരി ഉപരാഷ്‌ട്രപതിസ്‌ഥാനം രാജിവച്ചതു കൊണ്ടാണിത്.

ആറു പേർക്ക് അവസരം

ഉപരാഷ്‌ട്രപതിമാരായ ഡോ. എസ്. രാധാകൃഷ്‌ണൻ, ഡോ. സക്കീർ ഹുസൈൻ, വി.വി. ഗിരി, ആർ. വെങ്കിട്ടരാമൻ, ഡോ. ശങ്കർ ദയാൽ ശർമ്മ, കെ.ആർ. നാരായണൻ എന്നിവർ തുടർന്ന് രാഷ്‌ട്രപതിമാരായി. ആറു പേർക്ക് ഇതിനവസരം ലഭിച്ചില്ല. ഇവരിൽ ഭൈറോൺസിങ് ശെഖാവത്ത് 2007ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രാഷ്‌ട്രപതി - ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുകൾ രണ്ടു തവണ (1962 മേയ് ഏഴ്, 1967 മേയ് ആറ്) ഒരുമിച്ചാണ് നടന്നത്.

രണ്ട് റൗണ്ട്

ആനുപാതിക പ്രാതിനിധ്യപ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ട് സമ്പ്രദായത്തിലാണു രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എത്ര സ്ഥാനാർഥികളുണ്ടോ അത്രയും വോട്ട് മുൻഗണനാക്രമത്തിൽ ഒരു വോട്ടർക്കു ചെയ്യാവുന്നതാണ്. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാർഥിയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. ഒന്നാം റൗണ്ടിൽ വിജയിയെ നിർണയിക്കാൻ കഴിയാതിരുന്നതിനാൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ വേണ്ടിവന്ന ഏക രാഷ്‌ട്രപതി തിരഞ്ഞെടുപ്പാണ് 1969 ലേത്. രാജ്യസഭയുടെയും ലോക്‌സഭയുടെയും അധ്യക്ഷന്മാർ രാജിവച്ച് മത്സരരംഗത്തിറങ്ങുകയായിരുന്നു അന്ന്. തിരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെ (14650 മൂല്യ വോട്ട്) വരാഹഗിരി വെങ്കട ഗിരി, നീലം സഞ്‌ജീവ റെഡ്‌ഡിയെ പരാജയപ്പെടുത്തി.

എതിരില്ല

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി നീലം സഞ്‌ജീവ റെഡ്‌ഡിയാണ് (1977). മൊത്തം 37 പേർ പത്രിക സമർപ്പിച്ചെങ്കിലും സൂക്ഷ്‌മ പരിശോധനയിൽ റെഡ്‌ഡി ഒഴികെ 36 പേരുടെയും പത്രിക തള്ളിപ്പോയി. ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തുനിന്ന് രാജ്യത്തിന്റെ പരമോന്നതപദവിയിലെത്തിയ ഏക വ്യക്‌തിയാണിദ്ദേഹം. ആക്‌ടിങ് പ്രസിഡന്റ് ഹിദായത്തുല്ല ഒഴികെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ (64 വയസ്) രാഷ്‌ട്രപതിയായത് ഇദ്ദേഹമാണ്.

മലയാളി

രണ്ടു മലയാളികൾ തമ്മിലേറ്റുമുട്ടിയ 1997 ൽ കെ.ആർ. നാരായണൻ 956290 മൂല്യ വോട്ടോടെ വിജയിച്ചു. ടി.എൻ. ശേഷനു നേടാനായത് 50631 വോട്ടു മാത്രം. ഏറ്റവും കൂടുതൽ വോട്ട് നേടിയതും ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ (905659 വോട്ട്) വിജയിച്ചതും നാരായണനാണ്. 1920 ഒക്‌ടോബർ 27 നു ജനിച്ച ഇദ്ദേഹമാണ് ഏറ്റവും കൂടിയ പ്രായത്തിൽ (77 വയസ്) രാഷ്‌ട്രപതിയാകുന്നത്. ആർ.വെങ്കിട്ടരാമനോടു 1987 ൽ പരാജയപ്പെട്ട വി.ആർ. കൃഷ്‌ണയ്യരാണ് ആദ്യമായി മത്സരിച്ച മലയാളി.

വനിത

2002ൽ മത്സരിച്ച ക്യാപ്‌റ്റൻ ലക്ഷ്‌മി സെഗാൾ മൂന്നാമത്തെ വനിതയും നാലാമത്തെ മലയാളിയുമാണ്. ഭോപ്പാലിലെ ഹോൾക്കർ രാജകുടുംബാംഗമായ മനോഹര നിർമല ഹോൾക്കർ (1967), പഞ്ചാബിലെ നാഭയിെല മഹാറാണി ഗുർചരൺ കൗർ (1969) എന്നിവരാണ് ക്യാപ്‌റ്റൻ ലക്ഷ്‌മിയ്ക്കു മുൻപ് മത്സരിച്ച വനിതകൾ.

വനിത രാഷ്ട്രപതി

പന്ത്രണ്ടാം രാഷ്‌ട്രപതിയായ (2007–12) പ്രതിഭാ ദേവിസിങ് പാട്ടീലാണ് ഈ സ്‌ഥാനമലങ്കരിച്ച ഏക വനിത. ഇത്തവണ മത്സരിക്കുന്ന മീരാ കുമാർ അഞ്ചാമത്തെ വനിതാ സ്ഥാനാർഥി.

54 പേർ

രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് ഇതുവരെ 54 പേർ മത്സരിച്ചു. ഒൻപതു പേർ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കും മത്സരിച്ചവരാണ്. ആദ്യത്തെ അഞ്ചു തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട റോത്തക്കിൽ നിന്നുള്ള ചൗധരി ഹരിറാമാണ് ഏറ്റവും കൂടുതൽ മത്സരിച്ചത്. 1967 ൽ ഒൻപതു പേർക്കും 1969 ൽ അഞ്ചു പേർക്കും ഒറ്റ വോട്ടു പോലും ലഭിച്ചില്ല.

17 പേർ

ഏറ്റവുമധികം സ്‌ഥാനാർഥികൾ രംഗത്തുണ്ടായിരുന്നത് 1967 ലാണ് - 17 പേർ. 1969 ൽ 15– ഉം 1952 ൽ അഞ്ചും 1992 ൽ നാലും സ്‌ഥാനാർഥികളുണ്ടായിരുന്നു. 1957, 1962, 1987 എന്നീ വർഷങ്ങളിൽ ത്രികോണ മത്സരവും 1974, 1982, 1997, 2002, 2007, 2012 എന്നീ വർഷങ്ങളിൽ നേരിട്ടുള്ള മത്സരവുമായിരുന്നു. ഇത്തവണയും നേരിട്ടുള്ള മത്സരമാണ്.

നിയമം

ആദ്യത്തെ അഞ്ചു തിരഞ്ഞെടുപ്പുകളുടെ അനുഭവത്തിൽ 1952 ലെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുനിയമം 1974 ൽ ഭേദഗതി ചെയ്‌തു. ഈ ഭേദഗതികൾ സ്ഥാനാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനിടയാക്കി. സ്‌ഥാനാർഥിയോ കുറഞ്ഞത് 20 വോട്ടർമാർ ചേർന്നോ സുപ്രീം കോടതിയിൽ വേണം രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യേണ്ടത് എന്നു വ്യവസ്‌ഥ ചെയ്തു.

100

ഒരു സ്ഥാനാർഥിക്കു വേണ്ടി സമർപ്പിക്കാവുന്ന നാമനിർദേശപത്രികകളുടെ പരമാവധി എണ്ണം നാല് ആണ്. 1969 വരെ രാഷ്‌ട്രപതിസ്‌ഥാനത്തേക്ക് സമർപ്പിക്കുന്ന നാമനിർദേശപത്രികയിൽ വോട്ടർമാരിൽ കുറഞ്ഞത് ഒരു നാമനിർദേശകനും ഒരു അനുവാദകനും മാത്രം ഒപ്പിട്ടാൽ മതിയായിരുന്നു. 1974 മുതൽ കുറഞ്ഞത് 10 വോട്ടർമാർ വീതവും (ആകെ 20) 1997 മുതൽ കുറഞ്ഞത് 50 വോട്ടർമാർ വീതവും (ആകെ 100) വേണമെന്നാണ് വ്യവസ്ഥ. പ്രാരംഭകാലത്ത് നിരതദ്രവ്യം ആവശ്യമില്ലായിരുന്നു. 1974 മുതൽ 2500 രൂപയും 1997 മുതൽ 15000 രൂപയും നിരതദ്രവ്യമായി കെട്ടിവയ്‌ക്കണമെന്നാണ് വ്യവസ്ഥ.