Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രപതിയുടെ സുരക്ഷാസംഘത്തിൽ ജാതി നിയമനം: വിശദീകരണം തേടി ഡൽഹി ഹൈക്കോടതി

army പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ രാഷ്ട്രപതിയുടെ സുരക്ഷാസംഘത്തിൽ ജാതി നിയമനമാണു നടന്നതെന്ന ആരോപണത്തെപ്പറ്റി റിപ്പോർട്ട് നൽകണമെന്നു ഡൽ‌ഹി ഹൈക്കോടതി. കേന്ദ്ര സർക്കാരിനോടും ചീഫ് ഓഫ് ആർമി സ്റ്റാഫിനോടുമാണു കോടതി വിശദീകരണം ചോദിച്ചത്.

രാഷ്ട്രപതിയുടെ സുരക്ഷാസംഘത്തിലേക്കുള്ള നിയമനത്തിന്‌ ജാട്ട്, രാജ്പുത്, ജാട്ട് സിഖ് എന്നീ മൂന്നു സമുദായക്കാരെ മാത്രമേ പരിഗണിച്ചുള്ളൂ എന്നാരോപിച്ചു ഹരിയാന സ്വദേശി ഗൗരവ് യാദവാണു പൊതുതാൽപര്യ ഹർജി നൽകിയത്. 2017 സെപ്റ്റംബർ നാലിനു നടന്ന നിയമനത്തിനെക്കുറിച്ചാണു പരാതി.

ജസ്റ്റിസ് എസ്.മുരളീധർ, ജസ്റ്റിസ് സഞ്ജീവ് നാരുല എന്നിവരുടെ ബെഞ്ചാണു ഹർജി പരിഗണിച്ചത്. പ്രതിരോധ മന്ത്രാലയം, ചീഫ് ഓഫ് ആർമി സ്റ്റാഫ്, രാഷ്ട്രപതിയുടെ സുരക്ഷാസംഘം കമൻഡാന്റ്, ആർമി റിക്രൂട്മെന്റ് ഡയറക്ടർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽ‌കണം. 2019 മെയ് എട്ടിനു കേസ് വീണ്ടും പരിഗണിക്കും.

ഹർജിക്കാരനായ താൻ അഹിർ/യാദവ സമുദായക്കാരനാണ്. രാഷ്ട്രപതിയുടെ സുരക്ഷാസംഘത്തിലേക്കു നിയോഗിക്കപ്പെടാനുള്ള എല്ലാ  യോഗ്യതയുംതനിക്കുണ്ട്. എന്നാൽ ജാതി അടിസ്ഥാനത്തിൽ നിയമനം നടന്നതിനാൽ അവസരം നഷ്ടമായി. ഇതു ഭരണഘടനാ ലംഘനമാണെന്നു ഹർജിയിൽ ഗൗരവ് യാദവ് ചൂണ്ടിക്കാട്ടി.