Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരോവരത്തിന്റെ കഥ; നിശ്ചയ ദാർഢ്യത്തിന്റെയും

RICE-MEALS

രാവിലെ 11 മണി. രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് എതിരെയുള്ള സരോവരത്തിൽ തിരക്കാണ്. ചൂടുപരിപ്പുവട അടുപ്പിൽ മൊരിയുന്നു.ചായ കുടിക്കാനെത്തുന്നവരുടെ തിരക്കാണ്. അടുക്കളയിൽ ഉച്ച ഊണ് ഒരുങ്ങുന്നു.ഈ തിരക്കിനിടയിലും സരോജിനി ചേച്ചി ഒരു കഥ പറഞ്ഞു. നിശ്ചയദാർഢ്യത്തിന്റെ വിജയ ചരിത്രമായിരുന്നു അത്.

1999ൽ അയൽക്കൂട്ടമെന്ന ആഹ്വാനം കേട്ട് ഇറങ്ങിത്തിരിച്ച ചിലരാണതിലെ കഥാ പാത്രങ്ങൾ..ഭർത്താക്കന്മാർ തന്നിരുന്ന പൈസയിൽനിന്ന് അഞ്ചുരൂപയും രണ്ടു രൂപയുമൊക്കെ മിച്ചം പിടിച്ച് ചെറിയ സമ്പാദ്യമുണ്ടാക്കി. ചെറുകിട സംരംഭം തുടങ്ങാൻ കുടുംബശ്രീ 50,000 രൂപ അനുവദിച്ചു. പലിശ രഹിത വായ്പ 25,000, സബ്സിഡി 25,000. കറി പൗഡർ നിർമാണ യൂണിറ്റാണ് ആദ്യം തുടങ്ങിയത്. മുടക്കുമുതൽ പോയി. വരുമാനം ഉണ്ടായതുമില്ല. ചിലരൊക്കെ വിട്ടു പോയപ്പോൾ പണി നിർത്തി വീട്ടിലിരിക്കാൻ തീരുമാനിച്ചു.അപ്പോഴാണ് അറിയിപ്പു കിട്ടിയത്.ഒന്നുകിൽ യൂണിറ്റ് പ്രവർത്തിപ്പിക്കുക, അല്ലെങ്കിൽ 50,000 രൂപ തിരിച്ചടയ്ക്കുക. അന്തം വിട്ടു പോയി. കൈയിൽ ആകെ അവശേഷിക്കുന്നത് 8000 രൂപ. എന്താണ് ചെയ്യേണ്ടത്. എല്ലാവരും ഒത്തുകൂടി ആലോചിച്ചു.

ഒരു ഹോട്ടൽ എന്ന ആശയമാണ് ഉയർന്നുവന്നത്. ആകെ അറിയാവുന്ന പണി പാചകമാണ്. അതു പരീക്ഷിച്ചു നോക്കാനായി തീരുമാനം.സരോവരത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.രാപ്പാടിക്കു സമീപമുള്ള കെട്ടിടം വാടകക്കെടുത്തു. 6000 രൂപ കെട്ടിടത്തിന് അഡ്വാൻസ് കൊടുത്തു. അവശേഷിച്ച തുകയ്ക്ക് രണ്ടു മേശ വാങ്ങി. പാത്രങ്ങൾ, മിക്സി, ഗ്രൈൻഡർ എന്നിവ ഓരോരുത്തരും വീട്ടിൽനിന്നു കൊണ്ടുവന്നു.

വീട്ടിൽ നടത്തുന്ന പാചകത്തിന്റെ ഒരു വിപുലീകരണമായിമാറി അത്. വയ്ക്കാനല്ലാതെ വിളമ്പാനും ഹോട്ടൽ നടത്താനുമൊന്നും അറിയില്ലായിരുന്നു.ഭക്ഷണമുണ്ടാക്കും ഞങ്ങൾക്ക് അറിയുന്നുപോലെ വിളമ്പി കൊടുക്കും. അത്രമാത്രം. പക്ഷേ ആളുകൾ ഇഷ്ടപ്പെട്ടുതുടങ്ങി. രുചിയാണോ കൃത്രിമ ചേരുവകൾ ഇല്ലാത്തതാണോയെന്നൊക്കെ ചോദിച്ചാൽ പറയാനറിയില്ല. എന്തായാലും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നതാണ് അനുഭവം. പലവ്യഞ്ജനം പച്ചക്കറി, അരി, മീൻ മാംസം എന്നിവ ഞങ്ങൾ നേരിട്ടു ചെന്നാണു വാങ്ങിയിരുന്നത്. ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. പൊടികളെല്ലാം ഇവിടെയുണ്ടാക്കും.

അതിനിടയ്ക്കാണ് ഞങ്ങൾക്ക് തൃശൂർ വച്ച് രണ്ടു ദിവസത്തെ പരിശീലനം കിട്ടി. ഒരു വലിയ ഹോട്ടലൊക്കെ കൊണ്ടു പോയി കാണിച്ചു തന്നു. അപ്പോഴാണ് ഞങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായത്. ഒരു ജോഡി യൂണിഫോമും തന്നു.

പിന്നീട് അവർ സരോവരത്തിലെത്തി ഞങ്ങളുടെ പാചകവും വിളമ്പലും പരിശോധിച്ചു. അതിൽ മാറ്റങ്ങൾ വരുത്തി. വിളമ്പുന്ന രീതിയിലും യൂണിഫോമിലുമെല്ലാം ഞങ്ങൾ പിന്തുടരുന്നത് ഈ മാതൃകയാണ്. എന്നാൽ പാചകത്തിൽ മാത്രം പഴയ രീതി മാറ്റിയിട്ടില്ല. തൃശൂരിലെ വലിയ ഹോട്ടലിൽനിന്നു പഠിച്ചതനുസരിച്ച് ഒരു തവണ സോസൊക്കെ ചേർത്തു ചിക്കൻ കറിയുണ്ടാക്കി. പക്ഷേ ഇവിടെ വരുന്നത് നാടൻ ഭക്ഷണം കഴിക്കാനാണെന്നും അതു മാറ്റരുതെന്നും ആളുകൾ പറഞ്ഞു. പിന്നീട് ഒരിക്കലും അത്തരം പരീക്ഷണങ്ങൾക്കു മുതിർന്നിട്ടില്ല.

ഊണിന് തുടക്കത്തിൽ 13 രൂപയായിരുന്നു. വിലക്കയറ്റം കണക്കിലെടുത്ത് 40 രൂപയാക്കിയത് സമീപകാലത്താണ്. നാടൻ ചിക്കൻ കറിക്കും, മീൻ വറുത്തതിനും അൻപതു രൂപയാണ്. പായസത്തിനു പത്തു രൂപ. കേറ്ററിങ് സർവീസുമുണ്ട്. ഓരോ വർഷവും ആറു മേളകൾക്കെങ്കിലും മറ്റു ജില്ലകളിൽ സ്റ്റാൾ നടത്താറുണ്ട്. ആദ്യമൊക്കെ അതിനെപ്പറ്റിയും ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ഓരോ നഗരത്തെയുംപറ്റി അറിയാം. പാത്രം വാടകയ്ക്കു കിട്ടുന്ന സ്ഥലം മുതൽ. അവരുമൊക്കെയായി നല്ല ബന്ധമാണ്.

തുടക്കത്തിൽ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതു മാറി. ഒരുമാസം ഓരോരുത്തർക്കും 15,000 രൂപയോളം ശമ്പളമായി എടുക്കാൻ കഴിയുന്നുണ്ട്. അതിനു പുറമേ കൂട്ടത്തിലുള്ളവർക്ക് അസുഖങ്ങളോ മറ്റ് ആവശ്യങ്ങളോ ഉണ്ടായാൽ ചെറിയ സഹായമൊക്കെ കൊടുക്കാനുമാവുന്നു. മിക്സി, ഗ്രൈൻഡർ പാത്രങ്ങൾ എന്നിവയൊക്കെ കൂടുതൽ വാങ്ങി. ഇതെല്ലാം ഇവിടത്തെ ലാഭത്തിൽനിന്നാണ്. ഒരു രൂപ പോലും വായ്പയെടുത്തിട്ടില്ല. കുടുംബത്തിലും അതിന്റെ മാറ്റമുണ്ട്. ഒരു ആവശ്യം വന്നാൽ അതിൽ സാമ്പത്തികമായി പങ്കുവഹിക്കാൻ കഴിയുന്നത് അഭിമാനകരമല്ലേ...’ സരോജിനിചേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.