യുപിയിൽ എസ്പി – കോൺഗ്രസ് സഖ്യം തുടരും: ആസാദ്

കാൻപുർ ∙ യുപിയിലെ എസ്പി–കോൺഗ്രസ് സഖ്യം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എല്ലാ മതേതര കക്ഷികളും ആ മുന്നണിയുടെ ഭാഗമാകും. ബിഎസ്പി ആ സഖ്യത്തിലുണ്ടാകുമോ എന്ന ചോദ്യത്തിന്, എല്ലാ മതനിരപേക്ഷ കക്ഷികളോടും ഒന്നിച്ചുനിൽക്കണമെന്ന് അഭ്യർഥിക്കുമെന്ന് ആസാദ് പറഞ്ഞു. മതേതര കക്ഷികൾ ഒന്നിച്ചുനിൽക്കാഞ്ഞതുകൊണ്ടാണു 2014ൽ ബിജെപി നേട്ടമുണ്ടാക്കിയത്. എസ്പിയും കോൺഗ്രസും ആർഎൽഡിയും ഒന്നിച്ചുനിന്നു പൊരുതിയാൽ 2019ൽ ബിജെപിക്കു യുപിയിൽ 15 സീറ്റിൽ ഒതുങ്ങേണ്ടിവരുമെന്ന് ആസാദ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇപ്പോൾ സംസ്ഥാനത്ത് അവർക്ക് 73 ലോക്സഭാ സീറ്റുണ്ട്.