തിരക്കനുസരിച്ച് ട്രെയിൻ നിരക്ക് അശാസ്ത്രീയമെന്ന് അനുഭവം

ന്യൂഡൽഹി ∙ തിരക്കനുസരിച്ച് ട്രെയിൻ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്ന ‘ഡൈനമിക് പ്രൈസിങ്’ അശാസ്ത്രീയമെന്ന് ആക്ഷേപം. സ്വകാര്യ വിമാനകമ്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നു യാത്രക്കാരുടെ ആരോപണം. കഴിഞ്ഞവർഷം മധ്യത്തോടെയാണു ഡൈനമിക് പ്രൈസിങ് രാജധാനി ഉൾപ്പടെ പ്രധാന ട്രെയിനുകളിൽ നടപ്പാക്കിയത്.

അടുത്തമാസം 18ന് ഡൽഹിയിൽനിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 3573 രൂപയാണ്. ഇതേദിവസം ഡൽഹിയിൽനിന്നു പുറപ്പെടുന്ന തുരന്തോ എക്സ്പ്രസിൽ തേർഡ് എസി ടിക്കറ്റ് നിരക്ക് 3725 രൂപ. വരുംദിവസങ്ങളിൽ നിരക്ക് പിന്നെയും ഉയരും. ഡൽഹി–എറണാകുളം റൂട്ടിൽ തേർഡ് എസി ടിക്കറ്റിന് അടിസ്ഥാനനിരക്ക് (ഭക്ഷണം ഇല്ലാതെ) 2330 രൂപയാണ്. രാജധാനി (42), ശതാബ്ദി (46), തുരന്തോ (54) എന്നീ ട്രെയിനുകളിലും സുവിധ എക്സ്പ്രസുകളിലുമാണ് ഡൈനമിക് പ്രൈസിങ് നടപ്പാക്കിയത്.

പത്തുശതമാനം ടിക്കറ്റു വിറ്റുകഴിയുമ്പോൾ, ശേഷിക്കുന്ന ടിക്കറ്റുകൾക്ക് അടിസ്ഥാന നിരക്കിൽ 10 ശതമാനം വർധനയാണ് ഡൈനമിക് പ്രൈസിങ്. യാത്രക്കാരുടെ തിരക്ക് അധികരിക്കുന്ന മധ്യവേനൽ അവധിക്കാലത്തു നിരക്കു വർധനയിൽ യാത്രക്കാർ ബുദ്ധിമുട്ടിലാകുമെന്നും വിലയിരുത്തുന്നു. ട്രെയിൻ ടിക്കറ്റു നിരക്ക് വർധിക്കുന്നതോടെ യാത്ര വിമാനത്തിലേക്കു മാറ്റും; നിരക്കുമാത്രമല്ല, സമയലാഭവുമുണ്ടാകും.

മറ്റു റൂട്ടുകളിലെ ട്രെയിൻ, വിമാന ടിക്കറ്റു നിരക്ക് (മാർച്ച് 17 ലെ ടിക്കറ്റുകൾ)

∙ ഡൽഹി–മുംബൈ: രാജധാനി–2425 രൂപ, വിമാനത്തിൽ–2036 രൂപ.

∙ ഡൽഹി–ചെന്നൈ: രാജധാനി–3280 രൂപ; വിമാനത്തിൽ–2745 രൂപ.

∙ ഡൽ‌ഹി–ബെംഗളൂരു: രാജധാനി–3190 രൂപ; വിമാനം–2446 രൂപ.

∙ ഡൽഹി–ഗുവാഹത്തി: രാജധാനി–3455 രൂപ; വിമാനത്തിൽ–2819 രൂപ.

∙ ഡൽഹി–കൊൽക്കത്ത: രാജധാനി–2630 രൂപ; വിമാനത്തിൽ–2648 രൂപ.