പഴഞ്ചൻ വണ്ടികൾ ഒഴിവാക്കാൻ നയരേഖ പരിഗണനയിൽ

ന്യൂഡൽഹി ∙ അന്തരീക്ഷ മലിനീകരണം വരുത്തുന്ന 2.8 കോടി പഴഞ്ചൻ വാഹനങ്ങൾ പിൻവലിക്കുന്നതിനും പകരം പുതിയവ വാങ്ങാൻ വാഹന ഉടമകളെ സഹായിക്കുന്നതിനുമായുള്ള നയരേഖ വിവിധ വകുപ്പു സെക്രട്ടറിമാരടങ്ങിയ സമിതി പരിഗണിച്ചുവരുകയാണെന്ന് ഉപരിതല ഗതാഗത സഹമന്ത്രി മൻസുഖ് ലാൽ മണ്ടാവിയ രാജ്യസഭയിൽ അറിയിച്ചു.

2005 മാർച്ച് 31നു മുൻപു വാങ്ങിയ വാഹനങ്ങൾ സ്വമേധയാ ഉപേക്ഷിച്ചു പുതിയവ വാങ്ങാൻ ഉടമകളെ പ്രേരിപ്പിക്കുവാനാണു ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 15 വർഷം പൂർത്തിയാക്കിയ വാണിജ്യവാഹനങ്ങൾ നീക്കംചെയ്യാനാണു ലക്ഷ്യമിടുന്നത്. ഇവയാണു മലിനീകരണത്തിൽ 65 ശതമാനവും ഉണ്ടാക്കുന്നത്.

പഴയ വാഹനം നൽകി 15 ലക്ഷം രൂപയുടെ പുതിയതു വാങ്ങുമ്പോൾ അഞ്ചുലക്ഷം രൂപയുടെ ആശ്വാസം സർക്കാർ നൽകും. ഇത് ഓട്ടമൊബീൽ മേഖലയിൽ 22% വളർച്ചയുണ്ടാക്കുകയും സർക്കാരിനു 10,000 കോടി രൂപയുടെ നികുതി വരുമാനം അധികമായി ലഭ്യമാക്കുകയും ചെയ്യും. ഇതുവഴി വാഹന വിപണി 4.5 ലക്ഷം കോടി രൂപയിൽനിന്ന് 20 ലക്ഷം കോടി രൂപയായാണ് ഉയരുക.