യുപിയിലെ ബിജെപി കൊടുങ്കാറ്റിൽ അഖിലേഷ് പറന്നുപോകും: മോദി

അലിഗഡ് ∙ ഉത്തർപ്രദേശിൽ ആഞ്ഞടിക്കുന്ന ബിജെപി കൊടുങ്കാറ്റ് ഭയന്നു മുഖ്യമന്ത്രി അഖിലേഷ് യാദവ് കിട്ടുന്ന ഏതു‌ കച്ചിത്തുരുമ്പിലും പിടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. യുപി തിരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യസഭയിൽ ബിജെപിക്കു ഭൂരിപക്ഷം ലഭിക്കുമെന്നു ഭയന്നാണ് പ്രതിപക്ഷ കക്ഷികൾ കൂട്ടുചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘2014ൽ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ ഇവിടെ വന്നപ്പോൾ ഈ മൈതാനം പകുതിയെ നിറഞ്ഞിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ഇവിടെ കാവിക്കടലാണ്. കാറ്റ് അതിശക്തമാകുമ്പോൾ യുവനേതാവിനും പിടിച്ചുനിൽക്കാനാവില്ല. എന്തിലും പിടിച്ചു രക്ഷപ്പെടാൻ നോക്കും. ഇത്തവണ ബിജെപിയുടെ അതിശക്തമായ കൊടുങ്കാറ്റാണ് വീശുന്നത്. പറന്നുപോകുമെന്നു മുഖ്യമന്ത്രി ഭയപ്പെടുന്നു.’– മോദി പറ​ഞ്ഞു. യുപിയിലെ മുൻകാല സർക്കാരുകൾ വൈദ്യുതി എത്തിക്കാതിരുന്നതിനാലാണ് അലിഗഡിലെ താഴുവ്യവസായം തകർന്നത്. എന്നാൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും വൈദ്യുതി എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്.

ജോലി കിട്ടാൻ വസ്തു വിറ്റോ പണയപ്പെടുത്തിയോ യുവാക്കൾ പണം നൽകണം. ഇന്റർവ്യൂവിനു എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശുപാർശക്കത്ത് കൊണ്ടുവരണം. എന്നാൽ അഴിമതിയും ജാതീയതയും സ്വജന പക്ഷപാതവും തടയുന്നതിനായി കേന്ദ്ര സർക്കാർ മൂന്ന്, നാല് ഗ്രേഡുകളിലെ ജോലിക്ക് ഇന്റർവ്യൂ വേണ്ടെന്നു വച്ചതുപോലെ ഇവിടെ എന്തുകൊണ്ടു ചെയ്തുകൂടാ?– പ്രധാനമന്ത്രി ചോദിച്ചു. നോട്ട് അസാധുവാക്കലിനെ തുടർന്ന് അഴിമതിക്കാർക്കിടയിൽ അസ്വസ്ഥത ഉണ്ടായെന്നും അവിഹിതമായി നേടിയതെല്ലാം ബാങ്കിൽ കൊണ്ടിടേണ്ടിവന്നുവെന്നും പറഞ്ഞ മോദി, അവർ ബാങ്കിലിട്ട പണത്തിന്റെ വിശദാംശം സർക്കാർ കണ്ടുപിടിക്കുകയില്ലെന്നാണ് വിചാരിച്ചിരുന്നതെന്നും ഈ പണം നല്ല കാര്യത്തിനായി ഉപയോഗപ്പെടുത്തുമെന്നും വ്യക്തമാക്കി.

ബിഎസ്പി കൂടി ഉണ്ടായിരുന്നെങ്കിൽ: കോൺഗ്രസ്

ഗാസിയാബാദ് ∙ കോൺഗ്രസ്– സമാജ്‌വാദി പാർട്ടി– ബിഎസ്പി സഖ്യമുണ്ടായിരുന്നെങ്കിൽ ബിജെപിയെ ഉത്തർപ്രദേശിൽനിന്നു തൂത്തെറിയാമായിരുന്നുവെന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കൈലാ ഭട്ടയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിഎസ്പിക്കു വോട്ട് കൊടുത്താൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവർ ബിജെപിയുമായി കൂട്ടുകൂടുമെന്നു വോട്ടർമാർക്ക് ആസാദ് മുന്നറിയിപ്പ് നൽകി.

സമാജ്‌വാദി പാർട്ടി വക്താവ് രാജിവച്ചു

ലക്നൗ ∙ സമാജ്‌വാദി പാർട്ടി വക്താവ് ഗൗരവ് ഭാട്യ പാർട്ടിയിൽനിന്നു രാജിവച്ചു. പാർട്ടിയുടെ നിയമവിഭാഗത്തിന്റെ ദേശീയ പ്രസിഡന്റ് സ്ഥാനം അടക്കം എല്ലാ പദവികളിൽനിന്നും രാജി സമർപ്പിച്ച അദ്ദേഹം ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നീ ലക്ഷ്യങ്ങളിൽനിന്നു പാർട്ടി വ്യതിചലിക്കുന്നതായി കുറ്റപ്പെടുത്തി.