യുപി സ്ഥാനാർഥികളിൽ ഏറെ ക്രിമിനലുകൾ

ന്യൂഡൽഹി ∙ യുപി സ്ഥാനാർഥിപ്പട്ടികയിൽ ‘ക്രിമിനൽ’ പ്രളയം. ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള 836 സ്ഥാനാർഥികളിൽ 168 പേർക്കെതിരെ (20%) ക്രിമിനൽ കേസുകളുണ്ട്. എല്ലാ രാഷ്ട്രീയ പാർ‌ട്ടികളുടെയും പ്രതിനിധികൾ ഇക്കൂടെയുണ്ട്. 

ഗുരുതര ക്രിമിനലുകൾ

പൊതുപ്രവർത്തകർക്കെതിരെ കേസുകൾ സ്വാഭാവികമാണെങ്കിലും 143 (17%) പേർക്കെതിരെയുള്ള കേസുകൾ ഗൗരവ സ്വഭാവമുള്ളതാണ്–കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ. 

പ്രാതിനിധ്യം എല്ലാവർക്കും

ക്രിമിനൽ കേസുള്ള സ്ഥാനാർഥികളിൽ 29 പേർ ബിജെപിക്കാരാണ്. ബിഎസ്പി (28), രാഷ്ട്രീയ ലോക്ദൾ (19), സമാജ്‌വാദി പാർട്ടി (15), കോൺഗ്രസ് (ആറ്) സ്ഥാനാർഥികൾക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. 293 കക്ഷിരഹിതരിൽ 38 പേർക്കെതിരെ ക്രിമിനൽ കേസുണ്ട്. ഗൗരവമുള്ള ക്രിമിനൽ കേസുകളിൽ മുന്നിൽ ബിഎസ്പിയാണ് – 26 സ്ഥാനാർഥികൾ. ബിജെപി രണ്ടാമത് (22). 

കോടിപതികൾ

302 കോടിപതികളിൽ അഞ്ചു കോടി രൂപയിലേറെ ആസ്തിയുള്ളവർ 119. രണ്ടുമുതൽ അഞ്ചുവരെ കോടിവരെയുള്ളവർ 103. 

ധനികർ

ധനികരിൽ ഒന്നാമൻ ആഗ്ര സൗത്തിലെ കോൺഗ്രസ് സ്ഥാനാർഥി നാസിർ അഹമ്മദ്. ആസ്തി 211 കോടി രൂപ. 114 കോടിയുമായി സതീഷ്കുമാർ ശർമയും (ബിജെപി – മഥുര മന്റ്) 58 കോടിയുമായി പക്ഷാലിക സിങ്ങും (ബിജെപി – ആഗ്ര ബാഹ്) പിന്നിലുണ്ട്. 

നിരക്ഷരരും വനിതകളും

അക്ഷരമറിയാത്തവർ 15, 64 സ്ഥാനാർഥികൾ കഷ്ടിച്ചു സാക്ഷരരാണ്. 336 ബിരുദധാരികൾ (40%) രംഗത്തുണ്ട്. വനിതകൾ 70 പേർ (8%) മാത്രം. 

പഠനം എഡിആറിന്റേത്

തിരഞ്ഞെടുപ്പു നിരീക്ഷകരായ ജനാധിപത്യ പരിഷ്കരണ സംഘടനയാണു (എഡിആർ) സ്ഥാനാർഥിപ്പട്ടികയും സ്ഥാനാർഥികളുടെ സത്യവാങ്മൂലവും പരിശോധിച്ചു ‘ഫലം’ പുറത്തുവിട്ടത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് 11ന് ആണ്. വരും ഘട്ടങ്ങളിലും സംഘടന നിരീക്ഷണഫലങ്ങൾ മുൻകൂർ പുറത്തുവിടും.