അഭിഭാഷകരുടെ സർട്ടിഫിക്കറ്റ്: നിജസ്ഥിതി ഉറപ്പാക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

കൊച്ചി ∙ അഭിഭാഷകരായി എൻറോൾ ചെയ്യാനെത്തുന്നവർ സമർപ്പിക്കുന്ന പഠന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ബന്ധപ്പെട്ട പരീക്ഷാ ബോർഡുകൾക്കും സർവകലാശാലകൾക്കും അയച്ചു നൽകി നിജസ്ഥിതി ഉറപ്പാക്കണമെന്നു ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ബാർ കൗൺസിലുകൾക്കു നിർദേശം നൽകി.

എൻറോൾമെന്റിന് അപേക്ഷിക്കുന്നവർ പത്താംക്ലാസ് മുതലുള്ള പഠന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. ബന്ധപ്പെട്ട ബോർഡുകളിലും സർവകലാശാലകളിലും നിന്നു മറുപടി കിട്ടിയ ശേഷമാകും എൻറോൾമെന്റ്.

അപേക്ഷ കൈപ്പറ്റി 20 ദിവസത്തിനകം മറുപടി കിട്ടിയില്ലെങ്കിൽ താൽക്കാലിക എൻറോൾമെന്റ് അനുവദിക്കാം. ഇത്തരക്കാർക്ക് ആറു മാസത്തെ താൽക്കാലിക എൻറോൾമെന്റ് സർട്ടിഫിക്കറ്റാകും നൽകുക. എൻറോൾ ചെയ്യുന്നവരുടെ വിശദാംശങ്ങൾ ബാർ കൗൺസിൽ ഓഫ് ഇന്ത്യയെ അറിയിക്കണം.

എൽഎൽബിയുടെ എല്ലാ വർഷത്തെയും മാർക്ക്‌ലിസ്റ്റ് അപേക്ഷകർ സമർപ്പിക്കണം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഫീസുണ്ട്. എൻറോൾമെന്റ് ഫോം കിട്ടി അഞ്ചു ദിവസത്തിനകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ബന്ധപ്പെട്ട ബോർഡ്/സർവകലാശാലകൾക്ക് പരിശോധനയ്ക്ക് അയക്കണം.

കത്തു കിട്ടി 10 ദിവസത്തിനകം മറുപടി നൽകണമെന്ന അപേക്ഷയ്ക്കൊപ്പമാണ് അയയ്ക്കേണ്ടത്. പരിശോധനാ കാര്യത്തിൽ അനാസ്ഥയുണ്ടായാൽ സംസ്ഥാന ബാർ കൗൺസിൽ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടാകും.

സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള അപേക്ഷയിൽ ഏതെങ്കിലും ബോർഡോ യൂണിവേഴ്സിറ്റിയോ പ്രതികരിച്ചില്ലെങ്കിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുജിസിയെയും സർവകലാശാലാ വൈസ് ചാൻസലറെയും സമീപിക്കാമെന്നും സംസ്ഥാന ബാർ കൗൺസിലുകൾക്കുള്ള നിർദേശത്തിൽ പറയുന്നു.