അമൃത്‌‌സർ ഈസ്റ്റിൽ സിദ്ദു പത്രിക നൽകി

ഭാര്യ നവജ്യോത് കൗറിനൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ നവജ്യോത് സിങ് സിദ്ദു.

ചണ്ഡിഗഡ് ∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ അമൃത്‌സർ ഈസ്റ്റ് സീറ്റിൽനിന്നു മത്സരിക്കാൻ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു നാമനിർദേശ പത്രിക നൽകി. ബിജെപി ദേശീയ നിർവാഹക സമിതിയംഗമായിരുന്ന സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചാണ് കോൺഗ്രസിൽ ചേർന്നത്.

സിദ്ദുവിന്റെ പത്നിയും ബിജെപി എംഎൽഎയുമായിരുന്ന നവജ്യോത് കൗർ നവംബറിൽ തന്നെ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതേസമയം, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് ലാംബിയിൽ മത്സരിക്കും.

പഞ്ചാബ് മുഖ്യമന്ത്രിയും ശിരോമണി അകാലി ദൾ നേതാവുമായ പ്രകാശ് സിങ് ബാദലിനോട് അദ്ദേഹത്തിന്റെ തട്ടകത്തിലാണ് കോൺഗ്രസിന്റെ കരുത്തനായ നേതാവ് അമരിന്ദർ മത്സരിക്കുക.

ആം ആദ്മി നേതാവ് ഭഗ്‌വന്ത് മാൻ ജലാലാബാദ് സീറ്റിൽനിന്നു മത്സരിക്കാൻ പത്രിക നൽകി. ഫെബ്രുവരി നാലിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി കഴിഞ്ഞു.