സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എസ്പി; കോൺഗ്രസ് പ്രതിരോധത്തിൽ: അന്തിമ തീരുമാനം ഇന്ന്

ന്യൂഡൽഹി ∙ ഉത്തർ പ്രദേശിൽ കോൺഗ്രസ്–സമാജ്‌വാദി സീറ്റ് തർക്കം പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിൽ ഇരു പാർട്ടികളും. യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗുലാം നബി ആസാദും യുപിസിസി പ്രസിഡന്റ് രാജ് ബബ്ബറും പ്രശ്നപരിഹാരത്തിനു രംഗത്തുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പ്രതിനിധിയും മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ചർച്ച നടത്താൻ ലക്നൗവിലുണ്ടെന്നു കോൺഗ്രസ് വൃത്തങ്ങൾ വെ‌ളിപ്പെടുത്തി.

പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അമേഠി, റായ് ബറേലി മണ്ഡലങ്ങളിലേതടക്കം കോൺഗ്രസിന്റെ ഒൻപതു സിറ്റിങ് സീറ്റുകളിൽ സമാജ്‌വാദി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണു സഖ്യത്തിന്റെ ഭാവി തുലാസിലായത്. അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നു ഗുലാം നബി ആസാദ് പറഞ്ഞു. ചർച്ചകൾ തുടരുന്നുവെന്നായിരുന്നു രാജ് ബബ്ബറിന്റെ പ്രതികരണം.

കഴിഞ്ഞ തവണ 28 സീറ്റുകളിൽ ജയിച്ച കോൺഗ്രസ് 54 സീറ്റുകളിൽ രണ്ടാമതെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി സജീവപ്രചാരണത്തിനെത്തുന്നതോടെ സഖ്യത്തിനുണ്ടാകാവുന്ന മേൽക്കൈ കൂടി കണക്കിലെടുത്തായിരുന്നു കോൺഗ്രസിന്റെ വിലപേശൽ. ഗാന്ധി കുടുംബത്തിന്റെ ‘കൈവശ മണ്ഡല’ങ്ങളിൽ കൂടി സമാജ്‌വാദി അവകാശവാദമുന്നയിച്ചതു സഖ്യസാധ്യതയ്ക്കു വൻ വെല്ലുവിളിയാണ്. സിറ്റിങ് സീറ്റുകൾക്കു പകരം ജയസാധ്യത കുറഞ്ഞ സീറ്റുകൾ കൊണ്ടു തൃപ്തിപ്പെടാനും കോൺഗ്രസ് തയാറായേക്കില്ല.

കോൺഗ്രസും സമാജ്‌വാദിയും ചേരുന്നതു വിജയ ഫോർമുലയാകുമെന്ന് ഇരു കൂട്ടരും നേരത്തെ അവകാശപ്പെട്ടിരുന്നു. സഖ്യം മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം സമാജ്‌വാദി സ്ഥാനാർഥി പട്ടിക പുറ‌ത്തുവിട്ടതും സഖ്യം തുലാസിലായതും. ആദ്യ ഘട്ട തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ചൊവ്വാഴ്ചയാണ്. കോൺഗ്രസിന് 84–85 സീറ്റു നൽകിയേക്കും എന്നാണ് സമാജ്‌വാദി പാർട്ടി വൈസ്പ്രസിഡന്റ് കിരൺമയ് നന്ദ പറഞ്ഞത്.

കോൺഗ്രസ് 100 സീറ്റാണ് ആവശ്യപ്പെടുന്നത്. ഇതിനു പുറമെ റായ്ബറേലി, അമേഠി എന്നീ ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും കോൺഗ്രസിന് നോട്ടമുണ്ട്. ചില എസ്പി നേതാക്കളെ കോൺഗ്രസ് സ്വീകരിക്കുന്നു എന്നതിലും അഖിലേഷിന് അനിഷ്ടമുണ്ട്.

മുസാഫർനഗറിൽ നിന്നുള്ള ഷെഹൻവാസ് റാണ അടുത്തിടെ കോൺഗ്രസിൽ ചേർന്നത് അഖിലേഷിന് ദഹിച്ചിട്ടില്ല. നേതാക്കൾക്കിടയിലെ ചില തർക്കങ്ങളും സഖ്യസാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു. രാഹുൽ ഗാന്ധി ലക്നൗവിൽ എത്തി സഖ്യം പ്രഖ്യാപിക്കണമെന്നു എസ്പിയും അഖിലേഷ് ഡൽഹിയിൽ വന്ന് സഖ്യപ്രഖ്യാപനം നടത്തണമെന്ന് കോൺഗ്രസും വാശിപിടിക്കുന്നു.