മ്യാൻമർ, ബംഗ്ലദേശ് അതിർത്തികളിൽ ഇന്ത്യ രണ്ട് വഴികൾ തുറന്നു

ന്യൂഡൽഹി ∙ മ്യാൻമർ, ബംഗ്ലദേശ് അതിർത്തികളിൽ രണ്ടിടത്തു കൂടി ഇന്ത്യ ഇമിഗ്രേഷൻ ചെക് പോസ്റ്റുകൾ തുറന്നു. മ്യാൻമറിൽ നിന്നും മ്യാൻമറിലേക്കുമുള്ള യാത്രക്കാർക്കായി മിസോറമിലെ ലോങ്ത്‍ലെ ജില്ലയിലെ സൊറിൻപുയിലും ബംഗ്ലദേശിലേക്കും ബംഗ്ലദേശിൽ നിന്നുമുള്ള യാത്രക്കാർക്കായി മിസോറമിലെ തന്നെ ലുൻഗ്ലി ജില്ലയിലെ കൗർപുച്ചുവിലും ചെക് പോസ്റ്റുകൾ അനുവദിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മ്യാൻമറിലെ സിത്‍വെ തുറമുഖത്തുനിന്ന് 287 കിലോമീറ്റർ അകലെയാണ് സൊറിൻപു. ഇന്ത്യയ്ക്കു മ്യാൻമറുമായി അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, മിസോറം സംസ്ഥാനങ്ങളിലായി 1643 കിലോമീറ്റർ അതിർത്തിയും ബംഗ്ലദേശുമായി അസം, ത്രിപുര, മിസോറം, മേഘാലയ, ബംഗാൾ സംസ്ഥാനങ്ങളിലായി 4096 കിലോമീറ്റർ അതിർത്തിയുമുണ്ട്.