Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറവുശാലകൾക്ക് പൂട്ട്; മാംസം കയറ്റുമതി പകുതിയാകും

Slaughterhouse

ലക്നൗ∙ ഉത്തർ പ്രദേശിൽ അനധികൃത അറവു ശാലകളും യന്ത്രവൽക്കൃത അറവുശാലകളും അടച്ചു പൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇന്ത്യയിൽ നിന്നുള്ള മാംസം കയറ്റുമതി പകുതികണ്ട് കുറയ്ക്കും. ഏതാണ്ട് 25 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും ഓൾ ഇന്ത്യ മീറ്റ് ആൻഡ് ലൈവ് സ്റ്റോക് എക്സ്പോർട്ട്സ് അസോസിയേഷൻ പറയുന്നു.

ഇന്ത്യയിൽ നിന്ന് 26,685 കോടി രൂപയുടെ മാംസം കയറ്റുമതി ചെയ്യുന്നതിൽ പകുതിയിലേറെ യുപിയിൽ നിന്നാണ്. അനധികൃത അറവുശാലകളും യന്ത്രവൽക്കൃത അറവു ശാലകളും അടച്ചു പൂട്ടുമെന്ന് ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിരുന്നതാണ്. അനധികൃത അറവുശാലകൾ പൂട്ടുന്നതിനെ അസോസിയേഷനും സ്വാഗതം ചെയ്യുകയാണ്. എന്നാൽ ആധുനിക സംവിധാനങ്ങളോടെ വൻതുക മുടക്കി നടത്തുന്ന യന്ത്രവൽക്കൃത സ്ഥാപനങ്ങൾ പൂട്ടുന്നത് ഈ വ്യവസായത്തെ തകർക്കാനുള്ള നീക്കമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടാൻ ആവശ്യപ്പെടുന്നത്. ഈ മേഖലയിലെ വ്യവസായികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ നാലു ദിവസമായി ശ്രമിക്കുകയാണെങ്കിലും സമയം നൽകിയിട്ടില്ല. ഉത്തർപ്രദേശിൽ 180 ഇറച്ചി സംസ്ക്കരണശാലകളാണുള്ളത്. ഇവ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റാൻ കഴിയുമോ എന്നാണ് വ്യവസായികൾ ആലോചിക്കുന്നത്.

ഇതേസമയം, അനധികൃത അറവുശാലകളും കാലി കടത്തലും നിരോധിക്കുകയെന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് ജില്ലാ കലക്ടർമാർക്കും പൊലീസ് മേധാവികൾക്കും അയച്ച കത്തിൽ യുപി ചീഫ് സെക്രട്ടറി രാഹുൽ ഭട്‌നാഗർ പറഞ്ഞു. അനധികൃത അറവുശാലകൾ നടത്തിവന്ന 50 പേരെ അറസ്റ്റ് ചെയ്തു. 

ചിക്കൻ, മട്ടൻ കബാബ് വേണ്ടേ വേണ്ട

ലക്നൗ∙ ലക്‌നൗവിലെ കബാബ് എന്നു കേട്ടാൽ നാവിൽ വെള്ളമൂറുന്നവരാണ് മാംസഭക്ഷണം കഴിക്കുന്നവരിൽ ഏറെയും. 100–120 വർഷം രുചികരമായ ഭക്ഷണം വിളമ്പി ജനമനസ്സുകളിൽ സ്ഥാനം പടിച്ച ഭക്ഷ്യശാലകളുടെ മുഖ്യ ഇനം കാബാബ് ആയിരുന്നുതാനും. മാട്ടിറച്ചിയിൽ 150 ഇനം സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്തു തയാറാക്കുന്ന കബാബ് ലോകപ്രശസ്തമാണ്.

മാട്ടിറച്ചിക്കു പകരം കോഴിയിറച്ചിയും ആട്ടിറച്ചിയും ഉപയോഗിച്ച് ചിലർ കബാബ് നൽകുമെങ്കിലും പ്രിയം പോര. വിലയും കൂടി. 80% വിൽപന കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. മൃഗശാലകളിൽ മാട്ടിറച്ചിക്കു പകരം കോഴിയും ആടും നൽകിത്തുടങ്ങിയെങ്കിലും അവയ്ക്കും രുചി പിടിച്ചില്ല.

Your Rating: