Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി സ്കൂളിനടുത്തു വിഷവാതകച്ചോർച്ച; 310 വിദ്യാർഥിനികൾ ആശുപത്രിയിൽ

PTI5_6_2017_000143B റാണി ഝാൻസി സർവോദയ ഗേൾസ് സ്കൂളിലെ വിദ്യാർഥിനികളെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സന്ദര്‍ശിച്ചപ്പോള്‍.

ന്യൂഡൽഹി ∙ വിഷവാതകച്ചോർച്ചയെ തുടർന്നു 310 വിദ്യാർഥിനികളും ഒൻപത് അധ്യാപകരും ആശുപത്രിയിൽ. സൗത്ത് ‍ഡൽഹിയിലെ തുഗ്ലക്കാബാദിൽ ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. ആരുടെയും നില ഗുരുതരമല്ല.

റാണി ഝാൻസി സർവോദയ ഗേൾസ് സ്കൂളിലെയും ഗവ. ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളും അധ്യാപകരുമാണ് ആശുപത്രിയിലുള്ളത്. സ്കൂളിനു സമീപത്തു കണ്ടെയ്നറിൽനിന്നുള്ള ക്ലോറോ മീഥൈൽ പൈറിഡൈൻ എന്ന വാതകമാണു ചോർന്നത്.

രാസവളങ്ങളും മറ്റും നിർമിക്കാൻ ഉപയോഗിക്കുന്ന വിഷവാതകമാണിത്. രാവിലെ സ്കൂളിലെത്തിയ വിദ്യാർഥികൾക്കു ശ്വാസതടസ്സവും കണ്ണിനു നീറ്റലും മറ്റു ശാരീരിക അസ്വസ്ഥതകളും ഉണ്ടായതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഉടൻ സ്കൂൾ അധികൃതർ ഫയർ ഫോഴ്സ് അധികൃതരെ വിവരം അറിയിച്ചു.

അസ്വസ്ഥത നേരിട്ട വിദ്യാർഥികളെ സമീപത്തെ നാല് ആശുപത്രികളിലേക്കു മാറ്റി. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അംഗങ്ങൾ എത്തിയാണു വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയത്. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത വാതക കണ്ടെയ്നർ ഹരിയാനയിലെ സോനപത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.

എന്നാൽ ഇത് ആരുടേതെന്നു വ്യക്തമല്ല. സെൻട്രലൈസ്ഡ് ആക്സിഡന്റ് ആൻഡ് ട്രോമ സർവീസിന്റെ (സിഎടിഎസ്) 17 ആംബുലൻസുകളാണു സ്ഥലത്തെത്തിയത്. വാതകച്ചോർച്ചയുടെ വിവരം അറിഞ്ഞതോടെ ആവശ്യമെങ്കിൽ വൈദ്യസഹായമെത്തിക്കാനുള്ള നിർദേശം കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ കേന്ദ്രസർക്കാരിനു കീഴിലുള്ള ആശുപത്രികൾക്കു നൽകി.

ആവശ്യമെങ്കിൽ സംഭവസ്ഥലത്തെത്താൻ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. വൈ.കെ.ഗുപ്തയുടെ നേതൃത്വത്തിൽ അഞ്ചംഗ പ്രത്യേക മെഡിക്കൽ സംഘത്തെയും രൂപീകരിച്ചു.

ബത്ര, അപ്പോളോ, ഇഎസ്ഐ, മജീദിയ ആശുപത്രികളിൽ ചികിത്സയിലായിരുന്ന വിദ്യാർഥികളെ ലഫ്. ഗവർണർ അനിൽ ബൈജാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ എന്നിവർ സന്ദർശിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളിൽ പലരും പ്രഥമശുശ്രൂഷയ്ക്കുശേഷം വീടുകളിലേക്കു മടങ്ങി. ആരുടെയും നില ഗുരുതരമല്ലെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ റോമിൽ ബാനിയ പറഞ്ഞു. ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.

കണ്ടെയ്നർ ആരുടേതെന്നോ സ്കൂളിനു സമീപം എങ്ങനെ എത്തിയെന്നോ വ്യക്തമായിട്ടില്ല. ഡൽഹി സർക്കാരും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.