291 കോടിയുടെ വായ്പ തട്ടിപ്പ്; അഭിജീത് ഗ്രൂപ്പ് ഉടമകളും ബാങ്ക് മുൻ ഡിജിഎമ്മും അറസ്റ്റിൽ

അഭിഷേക്, മനോജ്

ന്യൂഡൽഹി ∙ വായ്പ തട്ടിപ്പ് കേസിൽ അഭിജീത് ഗ്രൂപ്പ് പ്രമോട്ടർമാരായ മനോജ് ജയ്സ്വാൾ, അഭിഷേക് ജയ്സ്വാൾ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം കാനറ ബാങ്കിന്റെ മുൻ ഡപ്യൂട്ടി ജനറൽ മാനേജർ ടി.എൽ.പൈയും അറസ്റ്റിലായി. പ്രമുഖ ഖനന സ്ഥാപനമായ അഭിജീത് ഗ്രൂപ്പിന്റെ 13 സ്ഥാപനങ്ങൾ 20 ബാങ്കുകളിൽനിന്നും ചില ധനകാര്യസ്ഥാപനങ്ങളിൽനിന്നുമായി എടുത്ത വായ്പകൾ 2014ൽ 11,000 കോടി രൂപയുടെ കിട്ടാക്കടമായി മാറി.

കാനറ ബാങ്ക്, വിജയ ബാങ്ക് എന്നിവയിൽനിന്നു വായ്പയെടുത്ത് 291 കോടി രൂപ തട്ടിച്ച കേസിലാണ് അറസ്റ്റ്. ബാങ്കുകൾ നൽകിയ പരാതിയിൽ സിബിഐ 2015ലാണ് വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തത്. കാനറ ബാങ്കിന് 219 കോടിയും വിജയ ബാങ്കിന് 72 കോടിയും നഷ്ടപ്പെട്ടിരുന്നു.