ഗൂർഖാലാൻഡിനായി കലാപ പദ്ധതി: ബംഗാൾ സർക്കാർ

പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു ഗൂർഖാ ജനമുക്തി മോർച്ച പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ റാലി. ചിത്രം: പിടിഐ.

ഡാർജിലിങ്∙ പ്രത്യേക ഗൂർഖാലാൻഡ് സംസ്ഥാനത്തിനായി ഗൂർഖാ ജനമുക്തി മോർച്ച നീണ്ട സായുധകലാപത്തിനു തയാറെടുക്കുകയാണെന്നും ഇതിനു മാവോയിസ്റ്റുകളുടെ സഹായം മോർച്ച തേടിയതായും ബംഗാൾ സർക്കാർ.

അണികളെ പരിശീലിപ്പിക്കാൻ അയൽരാജ്യങ്ങളിൽനിന്ന് 25 മാവോയിസ്റ്റുകളെ നിയോഗിച്ചതായും ആയുധങ്ങൾ സമാഹരിച്ചതായും എഡിജി അനുജ് ശർമ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പൊലീസ് സ്റ്റേഷൻ ആക്രമണങ്ങളും ആയുധം തട്ടിക്കൊണ്ടുപോകലും മാവോയിസ്റ്റ് രീതിയാണു കാണിക്കുന്നത്.

എന്നാൽ, മോർച്ച ഈ ആരോപണം തള്ളിക്കളഞ്ഞു. പ്രസ്താവന തീർത്തും അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ ജനാധിപത്യ പ്രക്ഷോഭത്തെ കരിതേച്ചുകാണിക്കാൻ നടത്തുന്ന ആരോപണമാണിതെന്നും ജനറൽ സെക്രട്ടറി റോഷൻ ഗിരി വ്യക്തമാക്കി.