ആറു രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ അന്തർവാഹിനികൾ നിർമിക്കും

ന്യൂഡൽഹി ∙ ഏറ്റവും കരുത്തേറിയ അന്തർവാഹിനികളുടെ നിർമാണത്തിന് ആറു രാജ്യങ്ങളുമായി കൈകോർത്ത് ഇന്ത്യ. ഫ്രാൻസ്, റഷ്യ, ജർമനി, സ്വീഡൻ, സ്പെയിൻ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഇന്ത്യൻ ഷിപ്‌യാർഡ് 70,000 കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് തയാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.

പ്രോജക്ട് 75 (ഇന്ത്യ) എന്നറിയപ്പെടുന്ന പ്രതിരോധപദ്ധതി കഴിഞ്ഞ പത്തുവർഷമായി അനുമതി കാത്തുകിടക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ പ്രതിരോധ മന്ത്രാലയം ഈ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് അംഗീകാരം നൽകി. എന്നാൽ പദ്ധതി ആദ്യ ഘട്ടങ്ങളിലാണെന്നും റിപ്പോർട്ട് പറയുന്നു.

ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി നേരിടാൻ നാവികസേനയ്ക്കു വേണ്ടത് 18 ഡീസൽ–ഇലക്ട്രിക് അന്തർവാഹിനികളും ആറ് ആണവ അന്തർവാഹിനികളുമാണ്. നിലവിൽ നാവികസേനയ്ക്ക് 13 പരമ്പരാഗത അന്തർവാഹിനികളാണുള്ളത്. ഇവ 10 മുതൽ 25 വർഷം പഴക്കമുള്ളതാണ്.