ലഹരിമാഫിയ ബന്ധം: സൂപ്പർ താരം രവി തേജയെ ചോദ്യംചെയ്തു

രവി തേജ

ഹൈദരാബാദ് ∙ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസിൽ, സൂപ്പർ താരം രവി തേജ എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരായി.

രവി തേജ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന ആരോപണം കുടുംബം നിഷേധിച്ചു. അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത പുരി ജഗന്നാഥിന്റെ ഏതാനും സിനിമകളിൽ രവി തേജ അഭിനയിച്ചിട്ടുണ്ട്.

ഇവർക്കു പുറമെ ക്യാമറാമാൻ ശ്യാം കെ. നായിഡു, നടൻമാരായ പി. സുബ്ബരാജു, തരുൺകുമാർ, പി. നവദീപ്, നടിമാരായ ചാർമി കൗർ, മുമൈത് ഖാൻ, കലാസംവിധായകൻ ധർമറാവു തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യംചെയ്തിരുന്നു.

സിനിമാ രംഗത്തെ 12 പേർക്കാണു സമൻസ് അയച്ചിരിക്കുന്നത്. കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നു സംഘം അറിയിച്ചു. ഹോളണ്ടുകാരനായ മൈക്ക് കമിങ്ഗ, യുഎസ് പൗരനും നാസയിൽ എൻജിനീയറുമായ ഡുണ്ടു അനീഷ്, ഹൈദരാബാദിൽ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്ന ഏഴു ബിടെക് ബിരുദധാരികൾ എന്നിവരടക്കം 20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

എൽഎസ്ഡി, എംഡിഎംഎ എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിലയേറിയ ലഹരിമരുന്നുകളാണു സംഘം ആവശ്യക്കാർക്ക് എത്തിച്ചിരുന്നത്.