കശ്മീരിൽ വീണ്ടും എൻഐഎ റെയ്ഡ്; ഗീലാനിയുടെ രണ്ടാമത്തെ മകനും നോട്ടിസ്

സയ്യിദ് അലി ഷാ ഗീലാനി

ജമ്മു ∙ കശ്മീരിൽ ഭീകരപ്രവർത്തകർക്കു സാമ്പത്തികസഹായം എത്തിക്കുന്നതുമായി ബന്ധപ്പെട്ടു വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ അടുത്ത സഹായിയായ ഒരു അഭിഭാഷകന്റെ ഓഫിസിലും വസതിയിലും ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി.

അനവധി വിദേശയാത്രകൾ നടത്തിയ ഇയാളെ വൈകാതെ ചോദ്യം ചെയ്യും. ഇതിനിടെ, ഗീലാനിയുടെ രണ്ടാമത്തെ മകനും വിഘടനവാദി സംഘടനയായ തെഹ്‌രീകെ ഹുറിയത്തിന്റെ നേതാവുമായ നസീമിനു ബുധനാഴ്ച ഹാജരാകാൻ എൻഐഎ നോട്ടിസ് നൽകി. എൻഐഎ ആസ്ഥാനത്ത് ഇന്നു ഹാജരാകാൻ മൂത്ത മകൻ നയീമിന് നേരത്തേ നോട്ടിസ് നൽകിയിരുന്നു.

പതിനൊന്നു വർഷം പാക്കിസ്ഥാനിൽ കഴിഞ്ഞ നയീം 2010ലാണ് മടങ്ങിയെത്തിയത്. ഗീലാനിയുടെ മരുമകൻ അൽതാഫ് അഹമ്മദ് ഷായെ എൻഐഎ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരുകയാണ്. ഗീലാനിയുടെ അടുത്ത സഹായികളായ തെഹ്‌രീകെ ഹുറിയത് വക്താവ് അയാസ് അക്ബർ, പീർ സൈഫുല്ല എന്നിവർ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു.

അതിനും മുൻപ് അറസ്റ്റിലായ ഹുറിയത് മിതവാദി വിഭാഗം വക്താവ് മിർവായിസ് ഷാഹിദ്, മെഹ്റജുദീൻ കൽവൽ, നയീം ഖാൻ, ഫാറൂഖ് അഹമ്മദ് ദാർ എന്നിവരെ കോടതി 10 ദിവസത്തേക്കു എൻഐഎ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

കശ്മീരിൽ അക്രമം നടത്തുന്നതിനു ഭീകരസംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയും നിയമവിരുദ്ധമായി പണം കൈപ്പറ്റുകയും ചെയ്തതിനു വിവിധ വിഘടനവാദി സംഘടനാ നേതാക്കൾക്കെതിരായി എൻഐഎ എടുത്ത കേസിന്റെ ഭാഗമായാണ് റെയ്ഡും അറസ്റ്റും.