ലഡാക്കിൽ നടന്നത് ഇന്ത്യ–ചൈനാ സൈനികരുടെ കൂട്ടത്തല്ല്

ന്യൂഡൽഹി∙ കഴിഞ്ഞ 15നു ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിനു സമീപം നടന്ന ഇന്ത്യ–ചൈന സൈനിക സംഘർഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വിഡിയോയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ കൂട്ടത്തല്ലു നടത്തുന്നതിന്റെയും പരസ്പരം കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

ട്വിറ്ററിൽ പ്രതിരോധ ലേഖകർക്കിടയിലാണ് വിഡിയോ ആദ്യം പങ്കുവച്ചത്. പരസ്പരം ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന സൈനികർ ഒടുവിൽ കല്ലേറും നടത്തുന്നു. ചിലർ നിലത്തുവീഴുന്നതും കാണാം. വിഡിയോ തുടങ്ങുമ്പോൾ വലതുവശത്തുള്ളത് ഇന്ത്യൻ സൈനികരും ഇടതുവശത്തുള്ളത് ചൈനീസ് സൈനികരുമെന്നാണു വിശദീകരണം. 15നു പാൻഗോങ്ങിൽ ഒരു സംഭവമുണ്ടായതായി ഇന്ത്യ കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്തുമെന്നു വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം, സംഘർഷത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടതുമില്ല. സംഘർഷമുണ്ടായെന്ന റിപ്പോർട്ട് ചൈന നേരത്തെ നിഷേധിച്ചിരുന്നു.

അതിനിടെ, ലഡാക് മേഖലയിലെ സ്ഥിതി വിലയിരുത്താൻ രണ്ടുദിവസ സന്ദർശനത്തിന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ലേയിലെത്തി. ഇന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങിലും കരസേനാ മേധാവിയുണ്ടാകും.