എയർസെൽ–മാക്സിസ് ഇടപാട് : കാർത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി ∙ എയർസെൽ–മാക്സിസ് അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തിയുടെയും അദ്ദേഹവുമായി ബന്ധമുള്ള ഒരു കമ്പനയിയുടെയും 1.16 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് പ്രൈവറ്റ് ലിമിറ്റഡി(എഎസ്‍സിപിഎൽ)ന്റെ 26 ലക്ഷം ലക്ഷം രൂപയുടെ വസ്തുവകകളും കാർത്തിയുടെ 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപങ്ങളും സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ തുകയും ആണു കണ്ടുകെട്ടിയത്.

എസ്.ഭാസ്കരരാമൻ എന്നയാളിലൂടെ കാർത്തിയാണ് എഎസ്‍സിപിഎൽ നിയന്ത്രിച്ചിരുന്നതെന്നു ടുജി സ്പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡി ജോയിന്റ് ഡയറക്ടർ രാജേശ്വർ സിങ് അറിയിച്ചു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നു ചിദംബരം പ്രതികരിച്ചു. ഈ കേസിലെ കുറ്റപത്രം കോടതി തള്ളിയതാണെന്നും ഇതുകൊണ്ടൊന്നും തന്നെ നിശ്ശബ്ദനാക്കാമെന്നു കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കുറ്റപത്രം നിലനിൽക്കുമെന്നും ഇപ്പോഴത്തേത് എയർസെൽ–മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട പുതിയ അന്വേഷണമാണെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരിക്കേ, 2006ൽ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്ഐപിബി) നൽകിയ അനുമതിയുമായി ബന്ധപ്പെട്ടതാണു കേസ്. കാർത്തിക്കു ഗുരുഗ്രാമിലുണ്ടായിരുന്ന വസ്തു ഒരു ബഹുരാഷ്ട്ര കമ്പനിക്കു ‘കൈമാറി’ 2013ൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി സംഘടിപ്പിച്ചെടുക്കുകയായിരുന്നുവെന്ന് ഇഡി ആരോപിക്കുന്നു.

എഫ്ഐപിബി അനുമതി ലഭിച്ചയുടനെ എയർസെൽ ടെലിവെഞ്ചേഴ്സ് 26 ലക്ഷം രൂപ എഎസ്‍സിപിഎല്ലിനു കൈമാറി. കാർത്തിക്കും ബന്ധുവുമായ എ.പളനിയപ്പനും ബന്ധമുള്ള മറ്റൊരു കമ്പനിക്കു മാക്സിസ് ഗ്രൂപ്പ് രണ്ടുലക്ഷം ഡോളർ (1.28 കോടി രൂപ) കൈമാറിയതായും ഇഡി അറിയിച്ചു. ടുജി ലൈസൻസ് വാങ്ങി നൽകാൻ കാർത്തി വാങ്ങിയ കോഴയാണിതെന്നാണ് ആരോപണം. സ്വത്തു കണ്ടുകെട്ടൽ തടസ്സപ്പെടുത്തുന്നതിനായി കാർത്തി ചില ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തതായും ഇഡി അറിയിച്ചു.