കാഞ്ച ഇളയ്യ വീട്ടുതടങ്കലിൽ; സംഘർഷം ഒഴിവാക്കാനെന്ന് പൊലീസ്

ഹൈദരാബാദ്∙ പ്രമുഖ ദലിത് ചിന്തകനും ഗ്രന്ഥകാരനുമായ ഡോ.കാഞ്ച ഇളയ്യയെ വീട്ടുതടങ്കലിലാക്കി. വീടിനു പുറത്തിറങ്ങിയാൽ അറസ്റ്റുണ്ടാകുമെന്നും നിരോധനാജ്ഞയുള്ള വിജയവാഡയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനാണിതെന്നും പൊലീസ് അറിയിച്ചു.

തർനാകയിലുള്ള വീടിനു മുന്നിൽ പൊലീസ് കാവലുണ്ട്. കാഞ്ചയെ പിന്തുണയ്ക്കുന്നവർ വീടിനു മുന്നിൽ കൂടിയിട്ടുണ്ട്. പൊതുപരിപാടിക്ക് അനുമതി നിഷേധിച്ചു പൊലീസ് വെള്ളിയാഴ്ച ഇളയ്യയ്ക്കു നോട്ടിസ് നൽകിയിരുന്നു. ‘ആര്യവൈശ്യ ജാതികൾ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം വിവാദമായിരുന്നു. ഇതു സംബന്ധിച്ച ഭീഷണി നിലവിലുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്നാണാരോപണം. പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.

വിജയവാഡയിൽ പ്രവേശിക്കാൻ ഇളയ്യയ്ക്ക് അനുമതി നിഷേധിക്കാൻ പൊലീസിനോട് നിർദേശിക്കണമെന്ന ആര്യവൈശ്യ സംഘത്തിന്റെ ഹർജിയിൽ തീരുമാനമെടുക്കാൻ ഹൈദരാബാദ് ഹൈക്കോടതിയും വിസമ്മതിച്ചിരുന്നു. ആന്ധ്ര, തെലുങ്കാന സർക്കാരുകൾ അഭിപ്രായസ്വാതന്ത്ര്യത്തെ അമർച്ച ചെയ്യുകയാണെന്ന് ഇളയ്യ ആരോപിച്ചു.