സിനിമയ്ക്കുമുണ്ട് അഭിപ്രായസ്വാതന്ത്ര്യം; മെർസൽ വിലക്കില്ല: ഹൈക്കോടതി

ചെന്നൈ∙ വിജയ് ചിത്രം ‘മെർസലി’ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങൾക്കു ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള അഭിപ്രായ സ്വാതന്ത്യം സിനിമയ്ക്കും ബാധകമാണ്. തമിഴ്നാട് പ്രതിപക്ഷ നേതാവ് സ്റ്റാലിൻ നോട്ട് നിരോധനത്തെ വിമർശിച്ചതു ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന്റെ കേന്ദ്രസർക്കാർ വിരുദ്ധ പരാമർശം മുൻനിർത്തി വായ്മൂടിക്കെട്ടാൻ ഉത്തരവിടാൻ സാധിക്കുമോ എന്നു ചോദിച്ചു. ആഴ്ചകളായി നിലനിന്ന മെർസൽ വിവാദത്തിന് ഇതോടെ താൽകാലിക വിരാമമായി. എന്നാൽ സിനിമയ്ക്കെതിരെ വാദിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്.